- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിൽ മണ്ണിടിഞ്ഞു വീഴുന്നതുകണ്ട് വാഹനം വെട്ടിച്ചു; തകർന്ന ട്രാവലർ കണ്ടെത്തിയത് ഒരു കിലോമീറ്ററോളം താഴെനിന്നും; അപകടത്തിൽപ്പെട്ടയാളെ കണ്ടെത്താനായില്ല; പ്രതികൂലമായ കാലാവസ്ഥ; തിരച്ചിൽ തത്കാലം നിർത്തിവച്ചു; മൂന്നാർ വട്ടവട റോഡിൽ യാത്ര നിരോധനം
മൂന്നാർ: കുണ്ടളക്ക് സമീപം പുതുക്കുടിയിൽ മണ്ണിടിച്ചിലിൽ കാണാതായ ആളെ ഇനിയും കണ്ടെത്താനായില്ല. മണ്ണിടിച്ചിൽ പെട്ട വാഹനം കണ്ടെത്തിയിരുന്നു. വാഹനം ഒരു കിലോമീറ്റർ താഴേക്ക് പോയെന്നാണ് വ്യക്തമാകുന്നത്. ഈ വാഹനത്തിനുള്ളിൽ നിന്നും കാണാതായ ആളെ കണ്ടെത്താൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
പ്രതികൂലമായ കാലാവസ്ഥയും ആനയുടെ സാന്നിധ്യവും മൂലം തിരച്ചിൽ ഇന്നത്തേക്ക് താൽക്കാലികമായി അവസാനിപ്പിച്ചു. ഞായറാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ മൂലം അഗ്‌നിശമനസേന തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
ചെളിയും മണ്ണും മൂടിക്കിടക്കുന്ന ഭാഗങ്ങളിൽ രാവിലെ തെരച്ചിൽ നടത്തുമെന്നാണ് അഗ്‌നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചത്. കോഴിക്കോട് വടകരയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണിടിഞ്ഞ് വീണത്. സംഭവത്തെ തുടർന്ന് വാഹനം ഒരു കിലോമീറ്റർ താഴേക്ക് പോയെന്നാണ് വ്യക്തമാകുന്നത്. മൂന്നാർ - വട്ടവട റോഡിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. കനത്ത മഴ മൂലം ഏറെ പ്രയാസപ്പെട്ടാണ് റോഡിൽ നിന്ന് മണ്ണ് നീക്കം ചെയ്തത്.
മണ്ണിടിച്ചിലിൽ ഉണ്ടായ മൂന്നാർ വട്ടവട റോഡ് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. എന്നാൽ യാത്ര നിരോധനം ഉള്ളതിനാൽ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചെന്ന് നേരത്തെ കളക്ടർ അറിയിച്ചിരുന്നു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ നാലുമണിയോടെയാണ് മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ മണ്ണിടിച്ചിലുണ്ടായത്. വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കോഴിക്കോട് വടകര സ്വദേശിയായ രൂപേഷ് എന്നയാൾ ഈ സമയത്ത് വാഹനത്തിനുള്ളിലുണ്ടായിരുന്നു എന്നാണ് സൂചന. മണ്ണിടിഞ്ഞു വീഴുന്നതുകണ്ട് വാഹനം വെട്ടിച്ചതോടെ താഴേയുള്ള തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു.
വാഹനത്തിന്റെ ഡ്രൈവറും വടകര സ്വദേശിയുമായ രൂപേഷിനെയാണ് കാണാതായത്. മറ്റു യാത്രക്കാർക്ക് സാരമായ പരിക്കുകളൊന്നുമില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മൂന്നാറിൽ നിന്നും മാട്ടുപ്പെട്ടിയിൽ നിന്നുമുള്ള പൊലീസ് സംഘവും സംഭവസ്ഥലത്തേക്ക് എത്തിച്ചേർന്നു. കുണ്ടള ഡാമിന് സമീപമായതിനാൽ പ്രദേശത്ത് വിനോദസഞ്ചാരികളുടെ തിരക്ക് പതിവാണ്. ദേവികുളം എംഎൽഎ എ രാജ അപകട സ്ഥലം സന്ദർശിച്ചു
ഇടുക്കിയിൽ ഓറഞ്ച് അലേർട്ടാണെങ്കിലും പ്രദേശത്ത് വലിയ തോതിലുള്ള മഴ അനുഭവപ്പെട്ടിരുന്നില്ല. കഴിഞ്ഞ വർഷം പുതുക്കുടി മേഖലയിൽ ഉരുൾപ്പൊട്ടലുണ്ടായിരുന്നു. മൂന്നാറിലെ എല്ലപ്പെട്ടിയിലും മണ്ണിടിച്ചിൽ ഉണ്ടായി. മാട്ടുപ്പെട്ടി റോഡിൽ വൻഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മൂന്നാറിൽ രാവിലെ മുതൽ ആരംഭിച്ച കനത്തമഴ തുടരുകയാണ്.
മറുനാടന് മലയാളി ലേഖകന്.