- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൻവർ എംഎൽഎ പ്രതിയായിരുന്ന മനാഫ് വധം: നീതിക്കായുള്ള കുടുംബത്തിന്റെ നിയമപോരാട്ടത്തിന് 28 വർഷം; നീതിസമര സംഗമവും അനുസ്മരണവും 8ന്; എംഎൽഎയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മെയ് 9ന് ആരംഭിക്കും
മലപ്പുറം: നിലമ്പൂർ എംഎൽഎ പി.വി. അൻവർ പ്രതിയായിരുന്ന ഒതായി പള്ളിപ്പറമ്പൻ മനാഫ് വധക്കേസിൽ നീതിക്കായുള്ള കുടുംബത്തിന്റെ നിയമപോരാട്ടത്തിന്റെ 28-ാം വാർഷികത്തിൽ ഒതായിൽ നീതിസമര സംഗമവും മനാഫ് അനുസ്മരണവും നടത്തും. എട്ടിന് വൈകുന്നേരം 4.30ന് ഒതായി മനാഫ് നഗറിൽ നടക്കുന്ന നീതിസമര സംഗമം പി.കെ ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്യും. മനാഫ് അനുസ്മരണം കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം നിർവ്വഹിക്കും. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് അടക്കമുള്ളവർ പങ്കെടുക്കും.
മനാഫ് വധക്കേസിലെ പ്രതികൾക്ക് ശിക്ഷ നൽകാനായി കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ പി.വി അൻവർ എംഎൽഎയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ടിൽ മെയ് 9ന് ആരംഭിക്കാനിരിക്കെയാണ് നീതിസമരസംഗമം നടത്തുന്നത്.
നാടിനെ നടുക്കിയ അരുംകൊല കഴിഞ്ഞ് 28 വർഷം പിന്നിടുമ്പോഴും നീതിതേടി നിയമപോരാട്ടം തുടരുകയാണ് മനാഫിന്റെ കുടുംബം. 1995 ഏപ്രിൽ 13നാണ് പി.വി അൻവറിന്റെ വീടിന് വിളിപ്പാടകലെ ഒതായി അങ്ങാടിയിൽ നടുറോഡിൽ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കൺമുന്നിലിട്ടാണ് മനാഫിനെ മർദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായിരുന്നു പി.വി അൻവർ. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അൻവറടക്കമുള്ള 21 പേരെ വിചാരണക്കോടതി വെറുതെവിട്ടത്.
മുൻ ഡി.ജി.പി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ) സി. ശ്രീധരൻ നായരായിരുന്നു അന്ന് മനാഫ് കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികൾക്ക് ശിക്ഷവാങ്ങിക്കൊടുക്കാനുള്ള ശ്രമമോ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിച്ചാണ് പി.വി അൻവർ എംഎൽഎ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്ന ഗുരുതരമായ ആരോപണമാണ് കുടുംബം ഉയർത്തുന്നത്. അൻവർ അടക്കമുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കി ഇവർക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖിന്റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ.
25 വർഷമായി രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് നിയമത്തെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പി.വി അൻവറിന്റെ സഹോദരീപുത്രന്മാരായ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ്, മൂന്നാം പ്രതി ഷെരീഫ് , കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട്‌തൊടിക എറക്കോടൻ ജാബിർ എന്ന കബീർ ,നിലമ്പൂർ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് എന്നിവരെ ലുക്കൗട്ട് നോട്ടീസിറക്കി പൊലീസിന്റെ പിടിയിലാക്കാൻ വഴിയൊരുക്കിയതും മനാഫിന്റെ കുടുംബത്തിന്റെ നിയമപോരാട്ടമാണ്.
മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് കോടതിയെ സമീപിച്ച് ലുക്കൗട്ട് നോട്ടീസിറക്കി ഇവരെ പിടികൂടാൻ 2018ൽ ഉത്തരവ് സമ്പാദിച്ചതോടെയാണ് കബീറും മുനീബും കീഴടങ്ങിയത്. പിന്നീട് ഷെരീഫും കീഴടങ്ങി. കോവിഡ് കാലത്ത് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിയ ഷെഫീഖിനെ 2020 ജൂണിൽ കരിപ്പൂർ വിമാനത്താവളത്തിൽവെച്ച് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നിലനിൽക്കെ കോടതിയെ കബളിപ്പിച്ച് പ്രതികളായ കബീറും മുനീബും വിചാരണണക്കോടതിയായ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നിന്നും ജാമ്യം നേടിയതും വിവാദമായിരുന്നു. തട്ടിപ്പിലൂടെ ജാമ്യം നേടിയ ഇരുവരുടെയും ജാമ്യഹരജി തള്ളിയ ഹൈക്കോടതി ഇരുവർക്കും 15000 രൂപ വീതം പിഴ ശിക്ഷ വിധിക്കുകയും ചെയ്തു. അബ്ദുൽറസാഖിന്റെ പരാതിയിൽ ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ അന്വേഷണം നടത്തുകയും ജാമ്യം അനുവദിച്ച മുൻ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
മനാഫിന്റെ പിതൃസഹോദരി ഭർത്താവായിരുന്ന സിപിഎം മുൻ എടവണ്ണ ലോക്കൽ സെക്രട്ടറി കുറുക്കൻ ഉണ്ണിമുഹമ്മദിന്റെ സഹോദരൻ കുട്ട്യാലിയുടെ 10 ഏക്കർ ഭൂമി ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ച പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അൻവറിന്റെ നേതൃത്വത്തിൽ ഗുണ്ടാസംഘം തമ്പടിച്ചതായി ഉണ്ണിമുഹമ്മദ് 1995 ഏപ്രിൽ 12ന് രാത്രി മനാഫിന്റെ വീട്ടിലെത്തി അറിയിച്ചശേഷം മനാഫിന്റെ ഓട്ടോയിൽ മടങ്ങിപോകുന്നതിനിടെ ഓട്ടോ തടഞ്ഞ് അൻവറിന്റെ സഹോദരീ പുത്രനും കേസിലെ പ്രതിയുമായ മാലങ്ങാടൻ സിയാദ് ,ഉണ്ണി മുഹമ്മദിനെ മർദ്ദിക്കുകയായിരുന്നു. ഇതു തടഞ്ഞ മനാഫുമായി സിയാദ് ഉന്തും തള്ളുമായി. ഇതിൽ പ്രതികാരം തീർക്കാൻ പിറ്റേദിവസം പി.വി അൻവറിന്റെയും സിയാദിന്റെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം മനാഫിന്റെ വീട്ടിലെത്തി മനാഫിന്റെ സഹോദരി അടക്കമുള്ളവരെ മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ മനാഫ് ഓട്ടോയിൽ ഒതായി അങ്ങാടിയിലെത്തിയപ്പോൾ കാറിലും ജീപ്പിലും ബൈക്കുകളിലുമായെത്തിയ സംഘം മനാഫിനെ മർദ്ദിച്ചു. തടയാനെത്തിയ മനാഫിന്റെ പിതാവ് ആലിക്കുട്ടിക്കും മർദ്ദനമേറ്റു. ആലിക്കുട്ടിയുടെ കൺമുന്നിലാണ് മനാഫിനെ കുത്തികൊലപ്പെടുത്തിയത്.
25 വർഷങ്ങൾക്കു ശേഷം പിടിയിലായ പ്രതികളെ വിചാരണ ചെയ്യാൻ സ്‌പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖിന്റെ അപേക്ഷ മുഖ്യമന്ത്രി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചതോടെ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പിലെ അണ്ടർ സെക്രട്ടറി നടത്തിയ വിചാരണയിൽ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്തു. എന്നാൽ മനാഫ് വധക്കേസിൽ പൊതുതാൽപര്യമില്ലെന്നും സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സർക്കാരിന് സാമ്പത്തിക ബാധ്യതയാകുമെന്നും കാണിച്ചുള്ള അന്നത്തെ ഡി.ജി.പി ശ്രീധരൻനായരുടെ റിപ്പോർട്ട് പരിഗണിച്ച് സർക്കാർ സ്‌പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കാനാവില്ലെന്ന് ഉത്തരവിറക്കുകയായിരുന്നു.
നീതി നിഷേധത്തിനെതിരെ മനാഫിന്റെ കുടുംബം മലപ്പുറം കളക്ടറേറ്റിനു മുന്നിലും സെക്രട്ടറിയേറ്റിന് മുന്നിലും നീതിസമരം നടത്തിയിരുന്നു. എന്നിട്ടും സർക്കാർ കണ്ണുതുറക്കാതായതോടെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ഹൈക്കോടതി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനാവില്ലെന്ന സർക്കാർ ഉത്തരവ് റദ്ദാക്കുകയും റസാഖ് നിർദ്ദേശിക്കുന്ന അഭിഭാഷകപാനലിൽ നിന്നും രണ്ടു മാസത്തിനകം സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ഉത്തരവിടുകയും ചെയ്തു. സിബിഐയുടെ മുൻ സീനിയർ സ്‌പെഷൽ പ്രോസിക്യൂട്ടർ വി.എൻ അനിൽകുമാറിനെയാണ് കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്.
പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷിയെ കൂറുമാറ്റി രക്ഷപ്പെട്ട പി.വി അൻവർ എംഎൽഎ അടക്കമുള്ള പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള നിയമപോരാട്ടം ഹൈക്കോടതിയിൽ തുടരുമെന്നും മനാഫിന്റെ കുടുംബം വ്യക്തമാക്കി.
കുടുംബ കൂട്ടായ്മ ചെയർമാൻ, പി.പി അബൂബക്കർ, കൺവീനർ പി.പി അബൂബക്കർ എന്ന മാനു, മനാഫിന്റെ സഹോദരൻ പി.പി അബ്ദുൽറസാഖ്, പി.പി ദാവൂദ്, പി.പി റസൽ എന്നിവരാണു നീതിക്കായുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്