മലപ്പുറം: കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസിൽ പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രന്മാരായ പ്രതികൾക്കു വേണ്ടി ഹാജരാകാനിരുന്ന രണ്ടാമത്തെ അഭിഭാഷകനും വിചാരണക്ക് മുമ്പെ മരണപ്പെട്ടു. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എം. അശോകനാണ് ഹദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ മരണപ്പെട്ടത്.

മനാഫ് വധക്കേസിൽ 28 വർഷത്തിനു ശേഷം പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മെയ് 9ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ടിൽ ആരംഭിക്കാനിരിക്കെയാണ് പ്രതിഭാഗം അഭിഭാഷകന്റെ അപ്രതീക്ഷിത മരണം. നേരത്തെ പ്രതിഭാഗത്തിനു വേണ്ടി ഹാജരാകാനിരുന്ന മുതിർന്ന അഭിഭാഷകൻ ജെ.ജോസും 2021ൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.

മുൻ അഡ്വക്കറ്റ് ജനറൽ എം.കെ ദാമോദരന്റെ ജൂനിയറായിരുന്നു ജോസ്. ജോസിന്റെ മരണത്തെ തുടർന്ന് മനാഫ് വധക്കേസ് വിചാരണ മാറ്റിവെച്ചിരുന്നു. തുടർന്നാണ് പ്രതിഭാഗം അഭിഭാഷകനായി എം. അശോകൻ എത്തിയത്. പ്രമാദമായ കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായും സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായും തിളങ്ങിയ അഭിഭാഷകനാണ് എം. അശോകൻ. ടി.പി ചന്ദ്രശേഖരൻ വധം, അട്ടപ്പാടി മധു വധം, മാറാട് കൂട്ടക്കൊല, ഷഹീദ് ബാവ വധം തുടങ്ങിയ കേസുകളിൽ മുഖ്യപ്രതികൾക്കു വേണ്ടി ഹാജരായിരുന്നു. നിലവിൽ കാസർഗോഡ് റിയാസ് മൗലവി വധക്കേസിൽ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാണ്.

പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രന്മാരായ കേസിലെ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് സഹോദരനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ്, കൂട്ടുപ്രതികളായ 17-ാം പ്രതി നിലമ്പൂർ ജനതപ്പടി കോട്ടപ്പുറം മുനീബ്, 19-ാം പ്രതി എളമരം മപ്രം പയ്യനാട്ട്‌തൊടിക കബീർ എന്ന ജാബിർ എന്നിവരുടെ വിചാരണയാണ് മെയ് 9ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. പ്രതിഭാഗം അഭിഭാഷകന്റെ മരണത്തെ തുടർന്ന് വിചാരണ തിയ്യതി നീട്ടാനാണ് സാധ്യത.

പ്രമാദമായ നിരവധികേസുകളിൽ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയ സിബിഐയുടെ മുൻ സീനിയർ സ്‌പെഷൽ പ്രോസിക്യൂട്ടർ വി.എൻ അനിൽകുമാറാണ് കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി ഹാജരാവുന്നത്. 1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ പതിനൊന്നരയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായിരുന്നു പി.വി അൻവർ. ഏഴാം പ്രതിയായിരുന്ന അൻവറിന്റെ പിതാവ് പി.വി ഷൗക്കത്തലി കുറ്റപത്രം സമർപ്പിക്കും മുമ്പെ മരണപ്പെട്ടു.
നിരവധി ദൃക്‌സാക്ഷികളുണ്ടായിരുന്ന പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അൻവർ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്.

കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വാങ്ങി നൽകാനോ ശ്രമിക്കാതെ അന്നത്തെ പ്രോസിക്യൂട്ടർ സി.ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്നായിരുന്നു മനാഫിന്റെ ബന്ധുക്കളുടെ പരാതി. ശ്രീധരൻനായരുടെ സീനിയറായിരുന്ന എം.കെ ദാമോദരനായിരുന്നു പ്രതികൾക്കുവേണ്ടി ഹാജരായിരുന്നത്.

കേസിൽ പി.വി അൻവറിന്റെ രണ്ട് സഹോദരീപുത്രന്മാരടക്കം നാല് പ്രതികളെ 23 വർഷമായിട്ടും പൊലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടാൻ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് അൻവറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ് ഉൾപ്പെടെ മൂന്നു പ്രതികൾ കീഴടങ്ങിയത്.

ഒന്നാം പ്രതിയായ മാലങ്ങാടൻ ഷെഫീഖ് കഴിഞ്ഞ 25 വർഷമായി ദുബായിൽ സുഖജീവിതം നയിക്കുകയായിരുന്നു. കോവിഡ് കാലത്ത് ഷാർജയിൽ നിന്നും ചാർട്ടേഡ് ഫ്‌ളൈറ്റിൽ കരിപ്പൂരിലെത്തിയപ്പോൾ 2020 ജൂൺ 24നാണ് അറസ്റ്റിലായത്. കേസിൽ രണ്ടാം പ്രതിയായിരുന്ന പി.വി അൻവർ എംഎ‍ൽഎയടക്കം വെറുതെവിട്ട 21 പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീലും സഹോദരൻ അബ്ദുൽറസാഖിന്റെ റിവിഷൻ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ.