- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് ശശീന്ദ്രൻ
മാനന്തവാടി: വയനാട് പയ്യമ്പള്ളിയിൽ ഒരാളുടെ ജീവനെടുത്ത കൊലയാളി കാട്ടാനയെ കണ്ടെത്തി. കൊല്ലപ്പെട്ട ചാലിഗദ്ദ ഊരിലെ പനച്ചിയിൽ അജി(47)യുടെ വീടിനു സമീപത്തുള്ള പടമലക്കുന്നിലാണ് ആനയുണ്ടായിരുന്നത്. വനം വകുപ്പ് എത്തിയതോടെ കുറുവാ ദ്വീപിലേക്ക് രക്ഷപ്പെട്ടതായാണു വിവരം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. ഇതിനെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഇന്നു രാവിലെ 7.30ഓടെയായിരുന്നു സംഭവം. ട്രാക്ടർ ഡ്രൈവറാണ് കൊല്ലപ്പെട്ട അജി. കൃഷി സ്ഥലത്ത് പുല്ല് അരിയാൻ പോയതായിരുന്നു ഇദ്ദേഹം. ഈ സമയത്താണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. പ്രാണരക്ഷാർത്ഥം സമീപത്തെ വീട്ടിലേക്ക ഓടിക്കയറിയെങ്കിലും ആന പിന്തുടർന്നെത്തി. മുകളിലേക്കുള്ള ചവിട്ടുപടികളും കടന്ന് ഗേറ്റ് പൊളിച്ചാണ് വീടിനു മുറ്റത്തേക്ക് ആന കുതിച്ചെത്തിയത്. ഇതിനിടെ വഴുതിവീണ അജിയെ ആന എടുത്തെറിയുകയും തലയിൽ ചവിട്ടുകയുമായിരുന്നു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ വൻ പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്. അജിയുടെ മൃതദേഹവുമായാണു നാട്ടുകാരുടെ പ്രതിഷേധം. ആയിരങ്ങളാണ് മാനന്തവാടി നഗരത്തിൽ തടിച്ചുകൂടിയിരിക്കുന്നത്. മാനന്തവാടിയിൽനിന്ന് കണ്ണൂർ, കോഴിക്കോട്, മൈസൂരൂ ഭാഗങ്ങളിലേക്കു പോകുന്ന റോഡുകളെല്ലാം നാട്ടുകാർ ഉപരോധിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തിന് സമസ്ത മേഖലയിൽ നിന്നും പിന്തുണയും ലഭിച്ചതോടെ മാനന്തവാടി ടൗണിൽ ഹർത്താൽ പ്രഖ്യാപിച്ചു. കടകൾ അടച്ച് വ്യാപാരികളും പ്രതിഷേധത്തിന്റെ ഭാഗമാകുന്നുണ്ട്.
സ്ഥലം എംഎൽഎ കേളുവിനെതിരെയും പ്രതിഷേധം ശക്തമാണ്. വനംവകുപ്പ് മന്ത്രി ശശീന്ദ്രനെതിരെയും മുദ്രാവാക്യം വിളികളുണ്ട്. മന്ത്രിക്കെതിരെ രോഷം ശക്തമായതോടെ കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കും. കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ലെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്ഥലത്തെത്തിയ എസ്‌പിയെയും കലക്ടറെയും നാട്ടുകാർ തടഞ്ഞിരുന്നു. സംഭവം നടന്ന വീടിനോട് ചേർന്ന പടമലക്കുന്നിൽ ആണ് ആനയെ കണ്ടെത്തിയത്. ഇവിടെനിന്ന് രണ്ടാം ഗേറ്റ് വഴി ബാവലി വനത്തിലേക്ക് ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുറുവാ ദ്വീപ് ഭാഗത്തേക്കാണ് ആന പോയിട്ടുള്ളത്.