- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അളില്ലാത്ത സമയത്ത് പട്ടിക ജാതി വിഭാഗത്തിൽ പെട്ട സ്ത്രീയുടെ വീട് ജപ്തി ചെയ്ത് മണപ്പുറം ഫിനാൻസ്; കൊച്ചു മകളുടെ പുസ്തകം അടക്കം അടച്ചുപൂട്ടിയ വീട്ടിൽ; പൂട്ടുതുറന്ന് കുടുംബാംഗങ്ങളെ വീട്ടിൽ പ്രവേശിപ്പിച്ച് ജനപ്രതിനിധികൾ; കോടതി മുഖേന ജപ്തിയെങ്കിലും മുന്നറിയിപ്പില്ലാത്ത നടപടിക്ക് എതിരെ പ്രതിഷേധം
കോഴിക്കോട്: വായ്പാ കുടിശ്ശികയുടെ പേരിൽ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് പട്ടികജാതി വിഭാഗത്തിൽപെട്ട സ്ത്രീയുടെ വീട് ജപ്തി ചെയ്തതായി പരാതി. കോട്ടൂർ പഞ്ചായത്തിലെ പൂനത്ത്, വിധവയായ ദേവകിയുടെ മൂന്ന് സെന്റ് സ്ഥലവും വീടുമാണ് ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് ജപ്തി ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ദേവകി തൊഴിലുറപ്പ് ജോലിക്ക് പോയി തിരികെ വന്നപ്പോഴാണ് ജപ്തി നടന്ന വിവരം അറിയുന്നത്.
2020 വർഷാവസാന സമയത്ത് മൂന്ന് ലക്ഷം രൂപയാണ് ലോണായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് എടുത്തത്. രണ്ട് തവണ തിരിച്ചടവ് നടന്നെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധി മൂലം ലോൺ തിരിച്ചടക്കാൻ കഴിയാതെ വന്നു. ഇവരുടെ കൊച്ചു മകളുടെ പുസ്തകം അടക്കം അടച്ചുപൂട്ടിയ വീട്ടിനകത്തായിരുന്നു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ വീട്ടിലുള്ളതിനാൽ ജനപ്രതിനിധികളുടെയും പട്ടികജാതി ക്ഷേമസമിതി ഭാരവാഹികളുടെയും നേതൃത്വത്തിൽ പൂട്ട് തുറന്ന് കുടുംബാംഗങ്ങളെ വീട്ടിൽ പ്രവേശിപ്പിച്ചു. ഭവനരഹിതരായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യം മുഖേന അഞ്ച് വർഷം മുൻപ് ലഭിച്ച ഭൂമിയിൽ, മൂന്ന് വർഷം മുമ്പാണ് വീട് നിർമ്മിച്ചത്.
കോടതി ഉത്തരവ് മുഖേനയാണ് വീട് ജപ്തി ചെയ്തത് എന്നാണ് ധനകാര്യ സ്ഥാപനത്തിന്റെ വാദം. കോടതി ഇടപെടൽ ഉള്ളതിനാൽ ഇടപെടാൻ കഴിയില്ലെന്ന് പൊലീസും അറിയിച്ചു. അതേസമയം, ലോൺ നടപടികൾ പാലിക്കുന്നതിൽ തടസ്സമുണ്ടാക്കില്ലെന്നും പരീക്ഷകൾ നടക്കുന്ന സമയത്ത് കുട്ടികൾ ഉൾപ്പെടെയുള്ളവരെ പുറത്താക്കിയതിലാണ് പ്രതിഷേധമെന്ന് പട്ടികജാതി ക്ഷേമസമിതി ഭാരവാഹികൾ അറിയിച്ചു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.