തിരുവനന്തപുരം: 2000 ഒക്ടോബർ 20, 21, 22 ദിവസങ്ങളിലായി കല്ലുവാതുക്കൽ, പട്ടാഴി, തിരുവനന്തപുരം പള്ളിപ്പുറം എന്നിവിടങ്ങളിലായി 33 പേർ പിടഞ്ഞു വീണു മരിച്ച വിഷമദ്യദുരന്തത്തിൽ ദുരന്തകാരണമായ മീഥൈൽ ആൽക്കഹോൾ എത്തിയത് എവിടെ നിന്നാണ്? 22വർഷമായിട്ടും ഇന്നും ദുരൂഹമായി തുടരുന്ന ആ സത്യം ജയിൽ മോചിതനായി പുറത്തിറങ്ങുന്ന മണിച്ചനു മാത്രം അറിയാവുന്ന സത്യങ്ങൾ നിരവധി. അതിനാൽ മണിച്ചന്റെ ആത്മകഥ പുറത്തിറക്കാനുള്ള നീക്കത്തിലാണ് ഒരു പ്രമുഖ പ്രസാധകർ.

തന്റെ ഷാപ്പുകളിൽ നിന്ന് മദ്യപിച്ച ഒരാൾ പോലും മരിച്ചില്ലെന്നും താൻ വിഷമദ്യം വിതരണം ചെയ്തിരുന്നെങ്കിൽ നൂറുകണക്കിന് ആളുകൾ പിടഞ്ഞുവീണ് മരിക്കുമായിരുന്നുവെന്നുമാണ് മണിച്ചൻ അന്നും ഇന്നും പറയുന്നത്. കല്ലുവാതുക്കലിൽ മരിച്ച 19 പേരുടേയും പട്ടാഴിയിൽ മരിച്ച ഒൻപത് പേരുടേയും പള്ളിപ്പുറത്ത് മരിച്ച രണ്ട് പേരുടെയും മരണകാരണമായ മീഥൈൽ ആൽക്കഹോളിന്റെ ഉറവിടം വെളിപ്പെടുത്തിയാൽ അത് കേരളത്തെ ഞെട്ടിക്കുമെന്നാണ് മണിച്ചനുമായി അടുപ്പമുള്ളവർ പറയുന്നത്.

വിഷമദ്യം വിതരണം ചെയ്തത് താനല്ലെന്ന മണിച്ചന്റെ വെളിപ്പെടുത്തൽ ശരിവയ്ക്കുകയാണ് മുൻ പൊലീസ് മേധാവി ടി.പി സെൻകുമാർ. കല്ലുവാതുക്കൽ മദ്യ ദുരന്തത്തിൽ മണിച്ചന് പങ്കുള്ളതായി താൻ കരുതുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. 'ഞാൻ വിശ്വസിക്കുന്ന കാര്യമാണത്. അതായത് മണിച്ചൻ വിഷമദ്യം വിതരണം ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കോടതി കണ്ടെത്തി ശിക്ഷിച്ചതാണ്. അതുവേറെ കാര്യം. നിയമം അനുസരിച്ചേ പറ്റൂ. പക്ഷേ എന്റെ വിശ്വാസം, എന്റെ അറിവ് വച്ച് മണിച്ചനാണ് വിഷ മദ്യം വിതരണം ചെയ്തതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.''- സെൻകുമാർ പറയുന്നു. മണിച്ചനെന്ന മദ്യ രാജാവിന്റെ വേരുകൾ മറ്റ് ജില്ലകളിൽ പടരാൻതുടങ്ങിയപ്പോൾ ചിലർ ബുദ്ധിപൂർവം അദ്ദേഹത്തെ ചതിച്ചതാണെന്ന് അന്നേ അടുത്ത് അറിയുന്നവർ പറഞ്ഞിരുന്നു. എന്നാൽ തെളിവുകൾ മണിച്ചന് എതിരായതിനാൽ കുതന്ത്രക്കാർ വിജയിക്കുകയായിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയണമെങ്കിൽ മണിച്ചൻ എങ്ങനെ മദ്യരാജാവായി വളർന്നെന്ന് അറിയണം.

കേരളത്തിലെ അറിയപ്പെടുന്ന മദ്യരാജാവായി മണിച്ചനെ വാഴിച്ചതിൽ രാഷ്ട്രീയ നേതാക്കളുടെ പങ്ക് ചെറുതല്ല. 1995 നവംബർ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി സംസ്ഥാനത്ത് ചാരായ നിരോധനം നടപ്പാക്കിയതോടെ തുടങ്ങിയതാണ് ഈ ദുരന്തത്തിന്റെ നാൾവഴി. അതോടെ ചാരായഷാപ്പുകൾ അടച്ചുപൂട്ടി. എന്നാൽ ബാറുകളുടെ എണ്ണം കൂട്ടി വിദേശമദ്യം ആവശ്യാനുസരണം ലഭ്യമാക്കി. വിദേശമദ്യ വ്യാപാരം സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ കുത്തകയായി. സാധാരണക്കാരന്റെയും പാവങ്ങളുടെയും ആശ്രയമായിരുന്ന ചാരായം ഇല്ലാതാകുകയും വിദേശമദ്യം വ്യാപകമാകുകയും ചെയ്തതോടെ ചാരായനിരോധനം ഉദ്ദേശിച്ച ഒരു ഫലവും നൽകിയില്ല.

തുച്ഛവിലയ്ക്ക് ചാരായം കുടിച്ചവർ വലിയവില നൽകി വിദേശമദ്യം കഴിക്കാൻ തുടങ്ങിയതോടെ മദ്യമുതലാളിമാരുടെയും കീശവീർത്തു. 1996 ൽ ചാരായനിരോധനം ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫ് സർക്കാർ പരാജയപ്പെട്ടു. ഇടതുമുന്നണി അധികാരത്തിലെത്തി. ഇ.കെ നായനാർ മുഖ്യമന്ത്രിയായി. നിരോധിച്ച ചാരായം കള്ളുഷാപ്പുകളിലൂടെ യഥേഷ്ടം വിറ്റുതുടങ്ങിയതോടെ ഇതരസംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് സ്പിരിറ്റിന്റെ ഒഴുക്ക് തന്നെയുണ്ടായി. സർക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമെല്ലാം അതിന്റെ ഗുണഭോക്താക്കളായതോടെ സംസ്ഥാനത്ത് അനധികൃത സ്പിരിറ്റ് കച്ചവടവും കള്ളിൽ ചാരായം കലർത്തി വില്പനയും വ്യാപകമായി. അങ്ങനെ ഉയർന്നുവന്ന മദ്യരാജാവായിരുന്നു മണിച്ചൻ എന്ന ചന്ദ്രൻ.

തിരുവനന്തപുരം റേഞ്ചിലെ കള്ളുഷാപ്പുകൾ മുഴുവൻ ലേലത്തിൽ പിടിച്ച മണിച്ചൻ തന്റെ ഷാപ്പുകളിലൂടെ യഥേഷ്ടം സ്പിരിറ്റൊഴുക്കി. പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ഭരണകക്ഷി നേതാക്കൾക്കുമെല്ലാം മണിച്ചൻ വാരിക്കോരി പണം നൽകി. മണിച്ചനെ മദ്യരാജാവെന്ന പദവിയിലെത്തിച്ചതിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വ്യവസ്ഥിതിയും ഭരണകൂടങ്ങളുമൊക്കെ പ്രതിക്കൂട്ടിലാണ്. മണിച്ചനിൽ നിന്ന് കോടികൾ മാസപ്പടിയായി വാങ്ങിയതായി ആരോപണം ഉയർന്ന പല മാന്യന്മാരും പിന്നീട് എംഎ‍ൽഎ മാരും മന്ത്രിമാരുമൊക്കെയായി മാറിയതും മറ്റൊരു ചരിത്രം.

ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കും ഒന്നും സംഭവിച്ചില്ല. എല്ലാവരും ആനന്ദത്തിലാറാടി നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ദുരന്തം വിഷമദ്യത്തിന്റെ രൂപത്തിൽ ഫണം വിടർത്തിയത്. 2000 ഒക്ടോബർ 20, 21, 22 ദിവസങ്ങളിലായി കല്ലുവാതുക്കൽ, പട്ടാഴി, തിരുവനന്തപുരം പള്ളിപ്പുറം എന്നിവിടങ്ങളിലായി 33 പേർ പിടഞ്ഞു വീണു മരിച്ചു. 20 ന് പ്രഭാകരൻ എന്നയാൾ കല്ലുവാതുക്കൽ ജംഗ്ഷനിൽ കുഴഞ്ഞുവീണ് മരിച്ചിടത്താണ് തുടക്കം. പിന്നീട് മൂന്ന് ദിവസങ്ങളിലായി നിരവധി പേർ കുഴഞ്ഞുവീണ് മരിച്ചു. രക്ഷപ്പെട്ട നിരവധി പേരുടെ കാഴ്ചശക്തി നശിച്ചു.

അതോടെ കല്ലുവാതുക്കൽ ജംഗ്ഷനിലെ വീട്ടിൽ ചാരായക്കച്ചവടം നടത്തിയിരുന്ന 'താത്ത' എന്നറിയപ്പെടുന്ന ഹയറുന്നിസ, ഭർത്താവ് രാജൻ എന്നിവർ ആദ്യമായി പിടിയിലായി. കൊച്ചനിയാണ് ഇവിടെ ചാരായം എത്തിച്ചിരുന്നതെന്നാണ് ഹയറുന്നിസ പൊലീസിനോട് പറഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിലാണ് മണിച്ചനടക്കം പ്രതികൾ പിടിയിലായത്. സംഭവത്തെ തുടർന്ന് ഒളിവിൽപോയ മണിച്ചൻ പിന്നീട് അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. മീഥൈൽ ആൽക്കഹോൾ കലർന്ന മദ്യം കഴിച്ചതാണ് മരണകാരണമായത്. മദ്യദുരന്തത്തിനു കാരണമായ മീഥൈൽ ആൽക്കഹോൾ എവിടെ നിന്നാണെത്തിയതെന്ന് ഇനിവേണം വെളിപ്പെടാൻ.