- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോനെയും കൂട്ടാമായിരുന്നില്ലേ അവനും ഞങ്ങളുടെ മോനെ പോലെയല്ലേ എന്ന് ചോദിച്ചപ്പോൾ എല്ലാവരും കരഞ്ഞു; ജോളിയുടെ കൈപിടിക്കുമ്പോൾ ജോസ് കെ മാണിയുടെവാക്കുകൾ മുറിഞ്ഞ് വിതുമ്പലായി; അറിയാതെ സംഭവിച്ചതാണെന്നറിയാം; ആ കുഞ്ഞിനും വിഷമം ഉണ്ടാകരുതെന്ന് മണിമലയിലെ അമ്മ; പതാലിപ്ലാവിൽ തളം കെട്ടുന്നത് ദുഃഖം മാത്രം
മണിമല: മണിമലയിൽ ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി (19) ഓടിച്ചിരുന്ന കാറിടിച്ച് മരിച്ച സഹോദരങ്ങളുടെ കറിക്കാട്ടൂർ പതാലിപ്ലാവിൽ കുന്നുംപുറത്തുതാഴെത്തെ വീട്ടിൽ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി എംപി. എത്തിയത് വിഷാദം മൂടിക്കെട്ടിയ വീട്ടിലേക്ക് അപ്രതീക്ഷിതമായി. ജോസ് കെ. മാണി എം. പിയുടെ മകൻ ഓടിച്ച വാഹനം ഇടിച്ചാണ് സഹോദരങ്ങൾ മരിച്ചത്. വിവാദം ഏറെ ഉണ്ടായ ശേഷം ജോസ് കെ. മാണി മരിച്ച യുവാക്കളുടെ വീട്ടിൽ എത്തി. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.
ജോസ് കെ മാണി വീട്ടിലേക്ക് എത്തുമ്പോൾ എത്തുമ്പോൾ ആദ്യം വാക്കുകൾ അകന്നുനിന്നു. പരസ്പരം ഒന്നുംമിണ്ടാതെ അദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം കുറച്ചുനേരം ഇരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് ജോസ് കെ. മാണി എത്തിയത്. മരിച്ച ജിസിന്റെയും ജിൻസിന്റെയും അച്ഛൻ ജോളിച്ചനുമായി കൈപിടിച്ച് ദുഃഖം പങ്കിട്ടു. ഈ കുടുംബത്തോടൊപ്പം എക്കാലവും താനും കുടുംബവും ഉണ്ടാകുമെന്ന് മാതാപിതാക്കളെ ചേർത്തുപിടിച്ച് അദ്ദേഹം ഉറപ്പുനൽകി.
ജിസിന്റെയും ജിൻസിന്റെയും അമ്മ കുഞ്ഞ് മാണിയെ തിരക്കി. മോനെയും കൂട്ടാമായിരുന്നില്ലേ അവനും ഞങ്ങളുടെ മോനെ പോലെയല്ലേ എന്ന് ചോദിച്ചപ്പോൾ എല്ലാവരും കരഞ്ഞു. ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ജോസ് കെ മാണിയുടെവാക്കുകൾ മുറിഞ്ഞു. സംസാരത്തിനിടയിൽ അദ്ദേഹം വിതുമ്പി. ഒന്ന് സംസാരിക്കാൻ പോലുമാകാതെ ആരെ കുറ്റപ്പെടുത്തണമെന്ന് അറിയാതെ തലകുനിച്ചിരുന്നു കരയുകയായിരുന്നു നിസ്സഹായനായ പിതാവ് ജോളിച്ചൻ.
അപകടത്തിൽ മക്കളെ നഷ്ടമായ പിതാവും അപകടത്തിനിടയാക്കിയ വാഹനം ഓടിച്ച യുവാവിന്റെ പിതാവും തമ്മിലുള്ള കൂടിക്കാഴ്ച്ച വികാര നിർഭരമായി.
മക്കളെ നഷ്ടമായ ആ സാധുക്കളുടെ സംസാരം കേൾക്കുമ്പോൾ എല്ലാ അധികാരങ്ങളും ഒരു നിമിഷത്തെക്കെങ്കിലും മാറ്റി വച്ചിട്ടുണ്ടാകും. അവരുടെ കണ്ണുനീർ പ്രിയപ്പെട്ട മക്കളുടെ ഓർമ്മകൾ അവശേഷിച്ചിരുന്ന ആ വീട് സങ്കടകടലാക്കി മാറ്റിയിട്ടുണ്ടാവാം. അത്രയ്ക്കും ഹൃദയ ഭേദകമായ നിമിഷങ്ങൾ. അപകടം സംഭവിച്ച വാഹനം ഓടിച്ച മകൻ കെ.എം. മാണി ജൂനിയറെ കൊണ്ടുവരാമായിരുന്നില്ലേയെന്ന് യുവാക്കളുടെ അമ്മയാണ് ചോദിച്ചത്.
'അറിയാതെ സംഭവിച്ചതാണെന്നറിയാം. ആ കുഞ്ഞിനും വിഷമം ഉണ്ടാകരുത്. അവനെ ഞങ്ങളുടെ മക്കളെപ്പോലെയാണ് കാണുന്നതെന്ന്' ആ അമ്മ പറഞ്ഞപ്പോൾ കേട്ടുനിന്നവരുെട കണ്ണുകളും ഈറനണിഞ്ഞു. ഒരുമണിക്കൂർ കഴിഞ്ഞാണ് ജോസ് കെ. മാണി മടങ്ങിയത്. മണിമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി.സൈമണും കേരള കോൺഗ്രസ് പ്രവർത്തകരും ഉണ്ടായിരുന്നു.
ജോസ് കെ മാണിയുടെ മകനോട് വിദ്വേഷമൊന്നുമില്ലെന്ന്, മണിമല അപകടത്തിൽ മരിച്ച സഹോദരങ്ങളുടെ പിതാവ് ജോളി പിന്നീട് പ്രതികരിച്ചു. എംപിയുടെ മകനോട് മനസിൽ വിദ്വേഷമൊന്നുമില്ല, പക്ഷേ തന്റെ കുടുംബത്തിന് നീതി നിഷേധിക്കരുതെന്ന് ജോളി ആവശ്യപ്പെട്ടു. മരിച്ച ജിസിന്റെ ഗർഭിണിയായ ഭാര്യയ്ക്ക് മുന്നോട്ടുള്ള ജീവിതത്തിന് ജോലി നൽകണം-ജോളി പറയുന്നു.
അപകട ശേഷം ജോസ് കെ മാണിയുടെ കുടുംബത്തിൽ നിന്ന് രണ്ടു ലക്ഷം നഷ്ടപരിഹാരം വാങ്ങിയെന്ന പ്രചരണം വ്യാജമാണെന്നും ജോളി പറഞ്ഞു. ഇനിയും പൈസ വന്നുകൊണ്ടിരിക്കുമെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അപകടശേഷം ജോസ് കെ മാണിയോ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമോ കാണാൻ വരികയോ വിളിക്കുകയോ പോലും ചെയ്തിട്ടില്ലെന്നും നുണപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ജോളി അഭ്യർത്ഥിച്ചു.
മണിമലയിൽ വാഹനപകടത്തിൽ മരിച്ച സഹോദരങ്ങളുടെ കുടുംബത്തിനെ ആശ്വസിപ്പിക്കാൻ നിരവധിയാളുകൾ എത്തുന്നുണ്ട്. ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം ഭവനത്തിൽ എത്തി.കോൺഗ്രസ് ജില്ല പ്രസിഡന്റ് നാട്ടകം സുരേഷും വീട്ടിലെത്തി.