- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് അടിയും മുഖത്തെ വെട്ടും മരണ കാരണം; ആന്തരീകാവയവങ്ങൾ പ്രവർത്തിച്ചിരുന്നത് ഭാഗികമായി; ശ്വാസകോശത്തിനും പ്രശ്നം; അണപ്പല്ല് കൊഴിഞ്ഞതിനാൽ ഭക്ഷണം ചവച്ചരക്കാനും കഴിയില്ല; ദഹിക്കാത്ത കോഴിയും ആടിന്റെ ചെവിയും ആമാശയത്തിൽ; മാങ്കുളത്ത് ഗോപാലൻ വെട്ടി വീഴ്ത്തിയത് അവശനായ പുലിയെ
അടിമാലി;രണ്ട് അടിയും മുഖത്തേറ്റ വെട്ടുമാണ് മാങ്കുളം അൻപതാംമൊൽ ചിക്കണാംകുടി കോളനിയിൽ എത്തിയ പുള്ളിപ്പുലിയുടെ മരണകാരണമെന്ന് പ്രാഥമീക വിലയിരുത്തൽ.ഇന്നലെ വിദഗ്ധ സമിതിയിലെ ഡോക്ടർമാർ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടുള്ളത്.
തന്നെ ആക്രമിച്ച പുലിയെ കോളനിവാസി ഗോപാലൻ കയ്യിലുണ്ടായിരുന്ന വടിയും വാക്കത്തിയും ഉപയോഗിച്ച് പ്രതിരോധിച്ചിരുന്നു. ഇതിനിടയിലാണ് പുലിക്ക് പരിക്കേറ്റിട്ടുള്ളത്. 10 വയസ് പിന്നിട്ടിരുന്നെന്നും ശ്വാസകോശത്തിന്റെ ഒരു ഭാഗം പ്രവർത്തന രഹിതമായിരുന്നെന്നും അണപല്ലുകൾ കൊഴിഞ്ഞിരുന്നെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു.
ആന്തരീക അവയവങ്ങളിൽ ഒട്ടുമിക്കതും ഭാഗീകമായി മാത്രമാണ് പ്രവർത്തിച്ചിരുന്നെതെന്നും ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ കഴിയാത്ത രീതിയിൽ പുലി അവശയായിരുന്നെന്നും ഇതേ തുടർന്ന് സുഗമമായ ദഹന പ്രക്രിയ നടന്നിട്ടില്ലെന്നും പോസ്റ്റ് മോർട്ടത്തിൽ സ്ഥിരീകരിച്ചു. ദഹിക്കാത്ത നിലയിൽ കോഴിയെയും ആടിന്റെ ചെവിയുമെല്ലാം ആമാശയത്തിൽ കണ്ടെത്തി. ആരിൽ നിന്നും ഉപദ്രവം നേരിട്ടില്ലങ്കിലും പുലി കഷ്ടി ആറുമാസം കൂടി മാത്രമെ ജീവിച്ചിരിക്കുമായിരുന്നുള്ളു എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
ഇന്നലെ രാവിലെ 11 മണിയോടെ മാങ്കുളം ഫോറസ്റ്റ് റേഞ്ച് ഓഫിസിലാണ് പോസ്റ്റ്മോമോർട്ടം നടന്നത്.പ്രത്യേക കമ്മറ്റി രൂപീകരിച്ച ശേഷമാണ് പോസ്റ്റുമോർട്ടം നടത്തിയത്. കോട്ടയത്തുനിന്നുള്ള അസി.ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അനുമോദ്, മൂന്നാറിൽ നിന്നുള്ള ഡോ. നിഷ റേച്ചൽ, മാങ്കുളം ഡി എഫ് ഒ ജി ജയചന്ദ്രൻ ഗോപാലൻ, മൂന്നാർ ഡി എഫ് ഒ രാജു കെ. പ്രാൻസിസ്, എൻ ടി സി എ പ്രതിനിധി പ്രൊഫ. മാത്യു തോമസ്, തേക്കടി ഫോറസ്റ്റ് കൺസർവേഷൻ ബയോളജിസ്റ്റ് രമേശ് ബാബു, മാങ്കുളം റേഞ്ച് ഓഫിസർ ഡി. പ്രസാദ് കുമാർ, പഞ്ചായത്ത് അംഗം അനിൽ ആന്റണി, എം. എൻ. ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് മാങ്കുളം റേഞ്ച് ഓഫീസ് പരിസരത്ത് ജഡം ദഹിപ്പിച്ചു. വന്യജീവികൾ ചത്താൽ സാധാരണ കുഴിച്ചുമൂടുന്നതാണ് പതിവ് കുഴിച്ചു മുടിയിൽ ആരെങ്കിലും കുഴിമാന്തി ജഡം എടുത്തു കൊണ്ടുപോകുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് അധികൃതർ ദഹിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പുലിയുടെ തോലിനും നഖങ്ങൾക്കുമെല്ലാം വിപണിയിൽ വൻ ഡിമാന്റാണ് നിലനിൽക്കുന്നത്.
മറുനാടന് മലയാളി ലേഖകന്.