കോതമംഗലം: ആക്രമണം ചെറുക്കുന്നതിനിടെ തന്റെ വെട്ടേറ്റാണ് പുലി ചത്തതെന്ന് ആദിവാസി യുവാവിന്റെ വെളിപ്പെടുത്തൽ.ഇന്ന് പുലർച്ചെ 7 മണിയോടെ മാങ്കുളം 50-ാംമൈലിലാണ് സംഭവം.പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചിക്കനാംകൂടി ഗോപാലനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ അർദ്ധരാത്രിയോടടുത്ത് ഗോപാലന്റെ പുരയിടത്തിലെത്തിയ പുലി രണ്ട് ആടുകളെയും വളർത്തുനായയെും കൊന്നിരുന്നു. നേരം പുലർന്നതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങി വഴിയിലേയ്ക്ക് നടക്കവെ തന്റെ നേരെ പുലി ചാടിവീഴികയും കൈയിൽക്കരുതിയിരുന്ന വാക്കത്തി വീശുകയുമായിരുന്നെന്ന് ഗോപാലൻ പറഞ്ഞു.

മാസങ്ങളായി ഇവിടെ പുലിയുടെ സാന്നിദ്ധ്യം നാട്ടുകാർ സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം നാട്ടുകാർ വനംവകുപ്പ് അധികൃതരെ അറയിക്കുകയും ചെയ്തിരുന്നു,. ആദ്യം പുലിയല്ല, കാട്ടുപൂച്ചയാണ് വന്നു പോകുന്നതെന്നാണ്് വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരെ അറിയിച്ചിരുന്നത്.
തുടർന്നും വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടതോടെ നാട്ടുകാർ കടുത്തപ്രതിഷേധവുമായി രംഗത്തിറങ്ങി.

ഇതെത്തുടർന്ന് ആഴ്ചകൾക്ക് മുമ്പ് പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്നലെ പുലി 50-ാം മൈലിൽ പ്രത്യക്ഷപ്പെട്ടതും കൊല്ലപ്പെട്ടതും. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും നടപടിയെടുക്കേണ്ട സാഹചര്യമില്ലന്ന് മൂന്നാർ സി ഐ അറിയിച്ചു. സ്വയ രക്ഷയ്ക്കുള്ള ശ്രമമായതിനാൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാവാൻ സാധ്യതയില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താനാവു എന്നുമാണ്് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

പുലിയുടെ ആക്രമണത്തിന് ഇരയായ ഗോപാലന് എല്ലാവിധ സഹായങ്ങളും എത്തിച്ച് നൽകുന്നതിനാണ് നാട്ടുകാരുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുള്ളത്.ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പുലിയെ കൊന്നിട്ടുള്ളതെന്നും ഇക്കാര്യത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നും കേസ് നടപടികൾ ഉണ്ടായാൽ നിയമപരമായി നേരിടുന്നതിനുമാണ് നാട്ടുകാരുടെ തീരുമാനം.