അടിമാലി: മാങ്കുളം പുഴയിൽ ജീവനെടുക്കുന്നത് കാണാമറയത്തെ ചുഴികളെന്ന് സംശയം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പുഴയിൽ പലഭാഗത്തായി 5 പേരാണ് മരണപ്പെട്ടത്. വനമേഖലയായതിനാൽ ഓഫ് റോഡ് സഫാരിക്കായി ജീപ്പുകാരെയാണ് വിനോദസഞ്ചാരികളിൽ ഏറെപ്പേരും ആശ്രയിക്കുന്നത്.ഇത് തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാനഘടകം.ഒപ്പം പുഴയും ചുറ്റുമുള്ള ഹരിതഭംഗിയും ചേരുമ്പോൾ ഇവിടേയ്ക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുകയാണ്.

പുറമെ പുഴ ശാന്തമാണ്.ഇറങ്ങിയാൽ പലഭാഗത്തും മുട്ടൊപ്പം പോലും വെള്ളമില്ല എന്നതാണ് നിലവിലെ സ്ഥിതി.എന്നിട്ടും ഇവിടെ തുടർച്ചയായി മരണങ്ങൾ സംഭവിക്കുന്നതിൽ നാട്ടുകാർക്കും ആശങ്കയുണ്ട്.ഇതിന് പിന്നാലെയാണ് കാണാമറയത്തെ ചുഴികളാണ് സഞ്ചാരികൾക്ക് മരണക്കെണിയാകുന്നുവെന്ന സംശയം ബലപ്പെടുന്നത്.യുവ എഞ്ചിനിയറും പ്ലസ്ടു വിദ്യാർത്ഥിയും ഒരാഴ്ചയുടെ വ്യത്യാസത്തിലാണ് ഇവിടെ പുഴയിൽ മുങ്ങി മരിച്ചത്.

അപകടങ്ങൾ തുടർക്കഥയാകുമ്പോൾ മുങ്ങി മരണങ്ങൾക്ക് വഴിതെളിക്കുന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ പഠനം വേണമെന്നും ഇനിയും ഇവിടെ ജീവൻ പൊലിയാതിരിക്കാൻ ഉടൻ ബന്ധപ്പെട്ട അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.സുരക്ഷ മുന്നിറിയിപ്പുബോർഡുകൾ സ്ഥാപിക്കണമെന്നും ബോധവൽക്കരണത്തിന് സൗകര്യം ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യവും ശക്തമായിട്ടുണ്ട്.
ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിയോടെയുണ്ടായ ദുരന്തത്തിൽ മഞ്ഞപ്ര ജ്യോതിസ് സെട്രൽ സ്‌കൂളിലെ 15 വയസുകാരായ 3 വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായത്.റിച്ചാർഡ്, ജോയൽ ,അർജ്ജുൻ എന്നിവരാണ് മരണപ്പെട്ടത്.

30 അംഗ വിനോദയാത്ര സംഘത്തിലെ 5 വിദ്യാർത്ഥികൾ വെള്ളത്തിൽ അകപ്പെടുകയായിരുന്നു. 2 പേരെ ഓടിക്കൂടിയവർ രക്ഷപെടുത്തി.മുങ്ങിപ്പോയ 3 പേരെ ഉടൻ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുഴയിൽ കാര്യമയി വെള്ളമില്ലാത്ത ഭാഗത്താണ് കുട്ടികൾ ഇറങ്ങിയത്.ഇവിടെ ശക്തമായ അടിയൊഴുക്കും ചുഴികളും ഉണ്ടായിരുന്നിരിക്കാമെന്നും ഇത് മനസ്സിലാക്കാതെ വെള്ളത്തിൽ ഇറങ്ങുന്നതാണ് ദുരന്തത്തിന് വഴിതെളിക്കുന്നതെന്നുമാണ് നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

രാവിലെ 9 മണിയോടെയാണ് 3 ജീപ്പുകളിലായി വിനോദയാത്ര സംഘം ഓഫ് റോഡ് സഫാരിക്ക് പുറപ്പെട്ടത്.2 മണിയോടെയാണ് വല്യപാറ കൂട്ടിയിൽ എത്തുന്നത്. അപകടരഹിതമെന്ന് ജീപ്പ് ഡ്രൈവർമാർ ഉറപ്പുനൽകിയ പ്രദേശത്താണ് തങ്ങൾ ഇറങ്ങിയതെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തിയതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.മൂന്നു കുട്ടികളുടെ മൃതദ്ദേഹങ്ങൾ അടിമാലി താലൂക്ക് ആശപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഞായറാഴ്ച മാങ്കുളം പെരുമ്പൻകുത്തിൽ മാങ്കുളംപുഴയുടെ ഭാഗമായ ഊഞ്ഞാലുകയത്തിൽ അകപ്പെട്ടാണ് ചിത്തിരപുരം ചൂണ്ടക്കുന്നേൽ സത്യൻ മരണപ്പെട്ടത്.മാങ്കുളത്ത് വൈദ്യുതി വകുപ്പിന് കീഴിൽ കരാർ എടുത്തിട്ടുള്ള സ്വകാര്യകമ്പിനിയിലെ സബ് എഞ്ചിനീയർ ആയിരുന്നു.മാങ്കുളം ടൗണിൽ സത്യൻ കുടുംബത്തോടൊപ്പം വാടകക്ക് താമസിച്ച് വരികയായിരുന്നു.ഉച്ചകഴിഞ്ഞ് കുട്ടികൾക്ക് ഒപ്പം പുഴയിൽ എത്തി കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു.

കുട്ടികൾ ബഹളം വച്ചതിനെത്തുടർന്ന് തുടർന്ന് പരിസരവാസികൾ എത്തി രക്ഷാപ്രവർത്തനം നടത്തി സത്യനെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മക്കളായ പ്രജുലും പ്രജ്വലും നോക്കി നിൽക്കെയാണ് സത്യൻ വെള്ളത്തിൽ മുങ്ങിപ്പോയതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.ഒരാഴ്ച മുമ്പ് മാങ്കുളം വല്യപാറക്കുടി പുഴയിൽ എറണാകുളം നെട്ടൂർ സ്വദേശിയും അരൂർ ഔർലേഡി മേഴ്സി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയുമായിരുന്നു അമിത്ത് മാത്യു (17) വും മുങ്ങി മരിച്ചിരുന്നു.വീട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി കയത്തിൽ വീഴുകയായിരുന്നു.ഒപ്പമുണ്ടായിരുന്നവർ അമിത്തിനെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുമ്പും മാങ്കുളം മേഖലയിൽ വിനോദസഞ്ചാരികൾ പുഴയിൽ മുങ്ങിമരിച്ചിട്ടുണ്ട്.2022 ജൂൺ 18-ന് ഒഴുക്കിൽപ്പെട്ട 29 കാരനായ ചാലക്കുടി ആളൂർ ക്രാസിൻ തോമസിന്റെ ജഡം ദിവസങ്ങൾ നീണ്ട തിരച്ചിലിന് ശേഷമാണ് കണ്ടെടുക്കാനായത്.