മലപ്പുറം: രാത്രി വീട്ടിൽനിന്നും ഇറക്കി വിടും. ഗുളികകൾ കലക്കി നൽകും. ബാത്റൂമിലെ ഷവറിന്റെ പൈപ്പുകൊണ്ടു കഴുത്തിനു ഞെക്കും. മലപ്പുറം കുടുംബ കോടതിക്കുമുന്നിൽവെച്ച് ഭാര്യയെ പട്രോളൊഴിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് മുമ്പും ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചു. ഇപ്പോൾ നടത്തിയത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ. തലനാരിഴയ്ക്കാണ് ഇന്ന് ദുരന്തം ഒഴിഞ്ഞു പോയത്.

മലപ്പുറം കുടുംബ കോടതിയിൽ കേസിനു വന്ന ഭാര്യയുടെ ശരീരത്തിൽ പെട്രോളോഴിച്ചു തീ കൊളുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിലായത് ഇന്നാണ്. ഉച്ചക്ക് മലപ്പുറം കുടുംബ കോടതിയിൽ കൗൺസിലിങ് കഴിഞ്ഞു പുറത്തു പോവുമ്പോഴാണ് സംഭവം. ഭാര്യയെ പെട്രോളോഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് മേലാറ്റൂർ എടപ്പറ്റ മഠത്തിൽ ഹൗസിൽ ബീരാന്റെ മകൻ മൻസൂറിനെ(42) മലപ്പുറം പൊലീസ് ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

കുടുംബ പ്രശ്നം കാരണം തനിക്കു വിവാഹ മോചനംവേണമെന്നാവശ്യപ്പെട്ട് ഭാര്യയാണ് കുടുംബ കോടതിയെ സമീപിച്ചത്. ഇവർക്കു മൂന്നു മക്കളമുണ്ട്. എന്നാൽ പ്രശ്നം ഒത്തുതീർപ്പാക്കി വീട്ടിലേക്കു തിരിച്ചു കൂട്ടിക്കൊണ്ടു പോകണമെന്ന ഉദ്ദേശത്തോടുകൂടിയാണ് മൻസൂർ എത്തിയിരുന്നത്. എന്നാൽ ഭാര്യ കൂടെ വന്നില്ലെങ്കിൽ പെട്രോളൊഴിച്ചു ഭാര്യയെ തീകൊളുത്താനും കൂടെ ആത്മഹത്യചെയ്യാനുമായിരുന്നു പദ്ധതിയെന്നാണ് മൻസൂർ പൊലീസിനു നൽകിയ മൊഴി.

നേരത്തെ മുതലെ തന്നോട് ഭർത്താവ് ക്രൂരമായാണ് പെരുമാറിയിരുന്നതെന്നും തുടർന്നു സഹിക്കാൻ വയ്യാതെയാണ് താൻ വിവാഹന മോചനത്തിനു കുടുംബ കോടതിയെ സമീപിച്ചതെന്നും യുവതി പറഞ്ഞു. നേരത്തെയും കേസ് കോടതിയിലെത്തിയപ്പോൾ തന്നോട് മാപ്പു പറയുകയും ഇനി ഇങ്ങിനെ ഉണ്ടാകില്ലെന്ന് ഉറപ്പു പറഞ്ഞു വീട്ടിലേക്കു തന്നെ തിരിച്ചുകൊണ്ടുപോയിരുന്നു. ഇത് വിശ്വസിച്ചു വീട്ടിലെത്തിയ തനിക്കു വീണ്ടും സമാനമായ അനുഭവം തന്നെയാണ് ഉണ്ടായതെന്നും ഇനിയും ഈ ക്രൂരത സഹിച്ചു ജീവിക്കാൻ കഴിയില്ലെന്നും യുവതി പറഞ്ഞു.

തന്നോട് പേഴ്സണലായി സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞ് പുറത്തേക്ക് വിളിച്ചാണ് പെട്രോളൊഴിച്ചത്. ഇനി കോടതി പറയുന്നതുപോലെ ചെയ്യാമെന്നും കൂടെ പോരണമെന്നുമാണ് ഭർത്താവ് പറഞ്ഞത്. എന്നാൽ ഇത് പലതവണ ആവർത്തിച്ചതാണെന്നും ഇനി തനിക്കു കഴിയില്ലെന്നും പറഞ്ഞു തിരിച്ചുപോരാൻ നിൽക്കുമ്പോഴാണ് കയ്യിൽ കരുതിയ പെട്രോൾ തന്റെ ശരീരത്തിലേക്ക് ഒഴിച്ചത്.

ഇതോടെ ഒരു കൈകൊണ്ട് തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും തുടർന്നു ഓടുകയായിരുന്നുവെന്നും യുവതി പറഞ്ഞു. മലപ്പുറം എസ്‌ഐ നിതിൻ, എഎസ്ഐ തുളസി തുടങ്ങിയവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.