തൃശൂർ: ദയാവധത്തിന് അനുവദിക്കണമെന്ന് അപേക്ഷ നൽകി കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ചർച്ചയാക്കുന്നത് ഇരകളുടെ കഷ്ടത. സിപിഎം അനുഭാവിയാണ് ദയാവധത്തിന് അനുമതി തേടുന്നത്. മാപ്രാണം സ്വദേശി ജോഷിയാണ് (53) ഹൈക്കോടതിക്കും കേരളാ സർക്കാരിനും അപേക്ഷ നൽകിയത്. രോഗിയായ തന്റെ ചികിത്സയ്ക്കോ ജീവിതച്ചെലവിനോ മക്കളുടെ വിദ്യാഭ്യാസത്തിനോ പണമില്ലെന്നും അതിനാൽ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി അപേക്ഷ സമർപ്പിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഈ സംഭവം.

20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമർ ഉൾപ്പടെ 21 ശസ്ത്രക്രിയകൾ നടത്തി. ഇനിയും ചികിത്സകൾ നടത്താൻ പണമില്ല. കരുവന്നൂർ ബാങ്കിലാണു കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യവും നിക്ഷേപിച്ചതെന്നും പണം ലഭിക്കാതായതോടെ കുടുംബച്ചെലവും മക്കളുടെ വിദ്യഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണെന്നും ജോഷി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തിൽ പറയുന്നു. ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെടുമെന്നാണ് ഷാജിയുടെ പ്രതീക്ഷ. കോടതി എടുക്കുന്ന നിലപാട് ഈ വിഷയത്തിൽ നിർണ്ണായകമാകും.

ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നാണു ജോഷി കത്തിലൂടെ ആവശ്യപ്പെടുന്നത്. കരുവന്നൂർ ബാങ്കിൽ 90 ലക്ഷത്തിനടുത്ത് നിക്ഷേപം ജോഷിക്കും കുടുംബത്തിനും ഉണ്ടായിരുന്നു. കുറച്ചു പണം കിട്ടിയെങ്കിലും ഇനിയും 70 ലക്ഷത്തിലേറെ തിരികെ കിട്ടാനുണ്ടെന്നാണു ജോഷി പറയുന്നത്. ഇതിന് വേണ്ടിയാണ് പോരാട്ടം. എല്ലാ വാതിലും മുട്ടി. എന്നാൽ ആശ്വാസം കിട്ടിയില്ല. ഇതുകൊണ്ടാണ് കടന്ന നിലപാടുകൾ എടുത്തത്.

വിഷയത്തിൽ നവകേരള സദസ്സിലും ജോഷി പരാതി നൽകിയിരുന്നു. പ്രതിസന്ധികൾ മറികടന്നു താനും കുടുംബവും തിരികെപ്പിടിച്ച ജീവിതവും സമ്പാദ്യവുമാണ് കരുവന്നൂർ ബാങ്കും ജീവനക്കാരും കേരളത്തിന്റെ ഭരണ സംവിധാനവും കൂടി തകർത്തതെന്നു ജോഷി കത്തിൽ ആരോപിക്കുന്നു. ജോഷി കേരളപ്പിറവി ദിനത്തിൽ പൊരിവെയിൽ വകവയ്ക്കാതെ നടന്നിരുന്നു. 82 ലക്ഷം നിക്ഷേപം തിരികെ ആവശ്യപ്പെട്ട്. കരുവന്നൂർ ബാങ്കിന് മുമ്പിൽ നിന്ന് ഇരുപതോളം കിലോമീറ്റർ അകലെയുള്ള തൃശൂർ കളക്ടറേറ്റിലേക്ക് ആയിരുന്നു ആ നടത്തം.

ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ തിരുവോണത്തിന് സ്വന്തം വീടിന് മുമ്പിൽ ജോഷി പട്ടിണിസമരം നടത്തിയിരുന്നു. നടപടിയുണ്ടാകാത്തതിനെ തുടർന്നായിരുന്നു നടത്തം. അതും ഫലം കണ്ടില്ല. കരുവന്നൂർ പ്രശ്നത്തിൽ കോൺഗ്രസും ബിജെപിയും നടത്തിയ യാത്രകളിൽ പങ്കെടുക്കാൻ ക്ഷണിച്ചെങ്കിലും പോകാതിരുന്നത് എസ്.എഫ്.ഐയിലും ഡിവൈഎഫ്ഐയിലും പ്രവർത്തിച്ചിരുന്ന താനിപ്പോഴും സഖാവായതുകൊണ്ടാണെന്ന് ജോഷി പറയുന്നു.

തന്നോടൊപ്പം പ്രവർത്തിച്ചവരിൽ ചിലർ ഭരണതലത്തിലുണ്ടായിട്ടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിക്ഷേപം കിട്ടിയില്ല. ഹൈക്കോടതിയിൽ ഒന്നര വർഷത്തോളം കേസ് നടത്തിയിട്ടും ഫലമുണ്ടായില്ല.'ഭാര്യയുടെ സ്വർണം വിറ്റതും സഹോദരിയുടെയും ബന്ധുക്കളുടേതും ഉൾപ്പെടെയുള്ള പണമാണ് നിക്ഷേപിച്ചത്. കഴിഞ്ഞ ജനുവരിയിൽ ശസ്ത്രക്രിയയ്ക്ക് 12 ലക്ഷം ലഭിച്ചു. ബാക്കി ഒരാഴ്ചയ്ക്കുള്ളിൽ തരാമെന്ന് പറഞ്ഞിരുന്നതാണ്. 8.25 ശതമാനം പലിശയ്ക്കാണ് നിക്ഷേപിച്ചത്.

മൂന്ന് മാസത്തിലൊരിക്കൽ കൂട്ടുപലിശ കിട്ടിയിരുന്നത് 2 വർഷമായി നാല് ശതമാനം വാർഷിക പലിശയേ ലഭിക്കുന്നുള്ളൂ. ഈയിനത്തിൽ മാത്രം 11 ലക്ഷം നഷ്ടപ്പെട്ടു. ഇനി 72 ലക്ഷമേ തരാനുള്ളൂവെന്നാണ് ബാങ്കിന്റെ വാദം. ട്യൂമറിനെ തുടർന്ന് 4 മാസത്തിനിടെ 3 ശസ്ത്രക്രിയ വേണ്ടിവന്നു. ചെവിയിലെ പഴുപ്പ് തലയോട്ടിയെ ബാധിച്ചത് നീക്കിയതോടെ ഇടതുചെവി കേൾക്കാതായി. ഇന്റേണൽ ഓഡിറ്ററും ടാക്സ് പ്രാക്ടീഷണറുമായ ജോഷിക്ക് രോഗം മൂലം ജോലി ചെയ്യാനാകുന്നില്ല.