- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചങ്ങനാശ്ശേരിക്കാരനായ മാർ ജോജ്ജ് ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതാധ്യക്ഷൻ ആയി വന്നതോടെ ആരംഭിച്ച മറുമുറുപ്പും ഭിന്നതയും; സ്ഥാനമൊഴിയുമ്പോഴും കർദിനാൾ പദവിയിൽ തുടരും; ഏകീകൃത കുർബാനയെ ഏവരും അംഗീകരിക്കേണ്ടി വരും; സീറോ മലബാർ സഭയ്ക്ക് ഈ ക്രിസ്മസ് നിർണ്ണായകം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ആരാധനാക്രമത്തെച്ചൊല്ലി നിലനിൽക്കുന്ന വിവാദങ്ങൾക്കിടെ മേജർ ആർച്ച് ബിഷപ് പദവിയൊഴിഞ്ഞു മാർ ജോർജ് ആലഞ്ചേരി നൽകുന്നത് സമവായ സന്ദേശം. പിന്നാലെ ഏകീകൃത കുർബാനയിൽ നിലപാട് വിശദീകരിച്ച് മാർപ്പാപ്പയും രംഗത്തെത്തി. ഇതോടെ ഈ ക്രിസ്മസ് സഭയ്ക്ക് നിർണ്ണായകമായി. മേജർ ആർച്ച് ബിഷപ്പ് പദവി ഒഴിയുമ്പോഴും കർദിനാൾ പദവിയിൽ ആലഞ്ചേരി തുടരും. സഭയിലെ ഭിന്നിപ്പ് ഒഴിവാക്കാനാണ് ആലഞ്ചേരി നിർണ്ണായക തീരുമാനം എടുത്തത്.
അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ നിയുക്തനായിരുന്ന ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തും പദവി വിട്ടൊഴിഞ്ഞു. പുതിയ മേജർ ആർച്ച് ബിഷപിനെ സിനഡ് തെരഞ്ഞെടുക്കുംവരെ കുരിയ ബിഷപ്പായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനാണ് മേജർ ആർച്ച് ബിഷപിന്റെ ചുമതല. അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി ബിഷപ് ബോസ്‌കോ പുത്തൂരും നിയമിതനാകും. ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശപ്രകാരമുള്ള ഈ സുപ്രധാന തീരുമാനങ്ങൾ ഇന്നലെ വൈകിട്ട് കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കർദിനാൾ മാർ ആലഞ്ചേരിതന്നെയാണ് വെളിപ്പെടുത്തിയത്. സഭാ പ്രശ്‌നങ്ങളെ മാർപ്പാപ്പയും ഗൗരവത്തോടെ കാണുന്നുണ്ട്.
ക്രിസ്മസ് ദിനം മുതൽ ഏകീകൃത കുർബാന പ്രാവർത്തികമാക്കണമെന്ന മാർപാപ്പയുടെ വീഡിയോ സന്ദേശം പുറത്തുവന്നു. അതിരൂപതയിൽ കുർബാനത്തർക്കത്തിന് പുതിയ മാനം നൽകിയാണ് മാർപാപ്പയുടെ സന്ദേശം. സഭയിലെ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും തന്റെ ആരോഗ്യസ്ഥിതിയും പരിഗണിച്ച് മേജർ ആർച്ച് ബിഷപ് പദവി ഒഴിയാനുള്ള താത്പര്യം 2019 ജൂലൈ 19നുതന്നെ മാർപാപ്പയെ അറിയിച്ചിരുന്നതായി മാർ ജോർജ് ആലഞ്ചേരി അറിയിച്ചു. എന്നാൽ, മാർപാപ്പ സിറോ മലബാർ സഭാ സിനഡിന്റെ അഭിപ്രായം തേടുകയാണുണ്ടായത്. സിനഡും ആ തീരുമാനം അംഗീകരിച്ചില്ല. പുനരാലോചനകൾക്കുശേഷം ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാൻ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം നവംബറിൽ രാജിക്കത്ത് നൽകി. ഒരു വർഷത്തിനുശേഷം മാർപാപ്പ ആ രാജി ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഏകീകൃത കുർബാനയിൽ കർശന നിർദ്ദേശം മാർപ്പാപ്പ നൽകുന്നത്. അടുത്ത മാസം നടക്കുന്ന സിനഡിന്റെ നടത്തിപ്പിന്റെ ഭരണപരമായ ഉത്തരവാദിത്വങ്ങൾ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഏറ്റെടുക്കും. അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററാകുന്ന മാർ ബോസ്‌കോ പുത്തൂർ ഓസ്ട്രേലിയയിലെ മെൽബൺ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്നു. കർദ്ദിനാൾ പദവിയിൽ തുടർന്നുകൊണ്ട് ഇപ്പോഴത്തെ താമസസ്ഥലമായ മൗണ്ട് സെന്റ് തോമസിൽ തന്നെ തങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർച്ച് ബിഷപ് എമരിറ്റസ് എന്നായിരിക്കും ഇനി മാർ ആലഞ്ചേരി അറിയപ്പെടുക.
കെ.സി.ബി.സി. സമ്മേളനത്തിനിടെ കഴിഞ്ഞ അഞ്ചിന് ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷോ കർദ്ദിനാൾ ലിയോ പോൾ ജിറേലിയുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ മാർ ആലഞ്ചേരി കൂടിക്കാഴ്ച നടത്തുകയും രേഖകൾ കൈമാറുകയും ചെയ്തതോടെ അതിരൂപത നേതൃത്വത്തിൽ മാറ്റങ്ങൾ വരുമെന്ന സൂചന ശക്തമായിരുന്നു. രാജി അംഗീകരിക്കുന്ന കത്തുൾപ്പെടെയാണ് കൈമാറിയത് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ചങ്ങനാശ്ശേരിക്കാരനായ മാർ ജോജ്ജ് ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതാധ്യക്ഷൻ ആയി വന്നതോടെ ആരംഭിച്ച മറുമുറുപ്പും ഭിന്നതയും മറനീക്കി പുറത്ത് വന്നത് ഭൂമി വിൽപ്പന വിവാദത്തോടെയാണ്. വിവാദം അന്വേഷിച്ച ബെന്നി മാരാം പരമ്പിൽ കമ്മീഷൻ 48 കോടിരൂപയുടെ നഷ്ടം സഭയ്ക്ക് സംഭവിച്ചെന്ന് കണ്ടത്തിയതോടെ കർദ്ദിനാളിന്റെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദികർ പരസ്യ പ്രക്ഷോഭം തുടങ്ങി. കർദ്ദിനാളിനെതിരെ സഭാ വിശ്വാസികൾ ക്രമിനൽ കേസ് നൽകുന്നതടക്കമുള്ള സാഹചര്യത്തിലെത്തി സംഭവം. കോടതി നടപടികൾ പ്രക്ഷോഭത്തിന്റെ ആക്കം കൂട്ടി.
എന്നാൽ കർദ്ദിനാളിനെ കുടുക്കാൻ വിമത വിഭാഗം വ്യാജ രേഖ ചമച്ചെന്ന് പൊലീസ് കേസ് വന്നതോടെ വിമത വിഭാഗം പരുങ്ങലിലായി. സിനഡും വിമത വിഭാഗത്തിനെതിരെ ശക്തമായ നിലപാട് സ്വകരിച്ചു. വിമത വൈദികരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഭൂമി വിവാദം തണുത്തു. പിന്നാലെയാണ് ഏകീകൃത കുർബാന തർക്കം ഉയർന്നുവന്നത്. ഏകീകൃത കുർബാന നടപ്പാക്കി വിമത വൈദികരെ അച്ചടക്കത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാൻ ആലഞ്ചേരിയും സിനഡും ശക്തമായി ശ്രമിച്ചു. എന്നാൽ ഈ നീക്കം കൂടുതൽ പ്രതിഷേധത്തിലേക്കാണ് സഭയെ എത്തിച്ചത്.
എറണാകുളം ബസലിക്ക പള്ളിയിൽ അൾത്താരവരെ എത്തിയ അടിപിടി സഭയക്ക് വലിയ നാണക്കേടുണടാക്കി. പ്രശ്‌ന പരിഹാരത്തിന് വത്തിക്കാൻ പ്രതിനിധിയെ എത്തിച്ചെങ്കിലും ഭിന്നത പരിഹരിക്കാൻ കഴിയാതിരുന്നത് കർദ്ദിനാളിനെതിരായ വത്തിക്കാന്റെ അതൃപ്തിക്കും കാരണമായി. ഇതോടെയാണ് സഭയിലെ വിഘടിത പ്രവർത്തനത്തിനം അവസാനിപ്പിക്കാൻ വത്തിക്കാൻ നിയോഗിച്ച അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനും കർദ്ദിനാളും പടിയിറങ്ങേണ്ടിവന്നത്.


