തിരുവനന്തപുരം: കേരളത്തിൽ നിന്നും യുവാക്കൾ വിദേശങ്ങളിലേക്കും മറ്റിടങ്ങളിലേക്കും കുടിയേറി പോകുന്ന പ്രവണത വർധിച്ചു വരികയാണ്. യുവാക്കളുടെ ഈ കുടിയേറ്റത്തിന് പ്രധാന കാരണമാകുന്നത് കേരളത്തിൽ നിന്നാൽ രക്ഷപെടില്ലെന്ന പൊതുവിലുള്ള തോന്നലാണ്. ഈ തോന്നലിന് പരിഹാരം കാണാൻ ഇത്രയും കാലമായിട്ടും ആർക്കും സാധിച്ചിട്ടില്ല. മുൻകാലങ്ങളിൽ ഗൾഫിലേക്ക് തൊഴിൽ തേടിയുള്ള യാത്രയാണെങ്കിൽ ഇന്ന് കൂടുതൽ യുവാക്കളും ഉന്നമിടുന്നത് കാനഡയും അമേരിക്കയും യൂറോപ്പും പോലുള്ള പ്രദേശങ്ങളിലേക്കാണ്.

ഇതേക്കുറിച്ചു ആശങ്കകൾ ശക്തമായിരിക്കവേ മുഖ്യമന്ത്രി ഇരിക്കുന്ന വേദിയിൽ ഇക്കാര്യം തുറന്നു പറഞ്ഞു ചങ്ങനാശ്ശേരി ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ദൈവത്തിന്റെ നാട്ടിൽ ജീവിതം വിജയിപ്പിക്കാനാകില്ലെന്ന തോന്നൽ പലരിമുണ്ടെന്ന് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. പല സഭകളിൽ നിന്നും യുവാക്കൾ പുറത്തേക്ക് പോകുന്നു. അതിനു മാറ്റം വരുത്താൻ ഭരണാധികാരികൾക്ക് കഴിയണമെന്നും മുഖ്യമന്ത്രി വേദിയിലിരിക്കെ അദ്ദേഹം ചൂണ്ടിക്കാട്ടി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ, ലോകം മാറ്റത്തിന് വിധേയമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. യുവാക്കൾ പുറത്തേക്ക് പോകുന്നത് ഒരു പ്രതിഭാസമാണ്. പഴയ കാലമല്ലിത്. വളർന്ന് വരുന്ന യുവ തലമുറയ്ക്ക് എന്ത് പഠിക്കണം എവിടെ പഠിക്കണമെന്ന നല്ല ബോധ്യമുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ഒരു ആശങ്കയും വേണ്ട. മറ്റു രാജ്യങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെ വന്ന് പഠിക്കുന്ന രീതിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ, ബിഷപ്പിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. കുട്ടികൾ വിദേശത്തേയ്ക്ക് പോകുന്നത് ലാഘവത്തോടെ കാണാൻ കഴിയില്ല. പ്രായമായവരുടെ നാടായി കേരളം മാറുന്നു. ഒമ്പത് യൂണിവേഴ്‌സിറ്റികളിൽ വൈസ് ചാൻസലർമാരും അഞ്ച് കോളേജുകളിൽ പ്രിൻസിപ്പൽമാരും ഇല്ല. അപകടരമായ രീതിയിലേയ്ക്കാണ് പോകുന്നത്.

സംസ്ഥാനത്തെ കോളേജുകളിൽ കുട്ടികളില്ലാത്ത അവസ്ഥയാണ്. പലയിടത്തും ബിരുദാനന്തര കോഴ്സുകൾ ഇല്ലാതായി. ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തെ ഭരണകർത്താക്കൾ ഇരിക്കുന്ന വേദിയിൽ വിഷയം ഉന്നയിച്ചതിന് പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു. അപകടകരമായ സാഹചര്യം ആണ് നിലവിൽ ഉള്ളതെന്നും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം സംസ്ഥാനത്ത് യുവാക്കളുടെ എണ്ണം കുറയുന്ന സംസ്ഥാനത്ത് കുടിയേറ്റം കൂടുന്നത് എങ്ങനെ ബാധിക്കുമെന്നാണ് ആശങ്കയും ശക്തമാണ്. തൊഴിൽ ജനസംഖ്യയിൽ വരുന്ന മാറ്റങ്ങൾ വിദ്യാഭ്യാസം മുതൽ മത സാമൂഹിക മേഖലകളിൽ പ്രതിഫലിക്കും. പതിറ്റാണ്ടുകൾ വിദേശ കുടിയേറ്റ ചരിത്രമുള്ള പത്തനംതിട്ട ജില്ലയിലാണ് ആദ്യമാറ്റങ്ങൾ പ്രകടമാകുന്നത്. 25 വിദ്യാർത്ഥികളിൽ താഴെ ഉള്ള സംസ്ഥാനത്തെ 20 ശതമാനം സ്‌കൂളുകളും പത്തനംതിട്ടയിൽ ആണ്.

2016ൽ 700അധികം വിദ്യാർത്ഥികളുണ്ടായിരുന്ന എൽഎഫ് സ്‌കൂളിൽ ഇപ്പോഴുള്ളത് 280 പേർ. എൽകെജി രണ്ട് ക്ലാസുണ്ടായത് ഒന്നായി കുറഞ്ഞു. മധ്യകേരളത്തിലെ ക്രൈസ്തവ സഭകൾ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളി. മാർത്തോമ സഭയിൽ യുവജന്യസഖ്യത്തിന്റെ പ്രായപരിധി മധ്യവയസ്സിനോട് അടുക്കുകയാണ്. അടഞ്ഞ് കിടക്കുന്ന വീടുകളുടെ എണ്ണവും കൂടുന്നു.

ഈ നാട്ടിലെ പൊലീസിംഗിലും മാറ്റമുണ്ട്. ഹോട്ടലിലും,കെട്ടിടനിർമ്മാണത്തിനും മാത്രമല്ല പള്ളിയിലെ കപ്യാരും ഝാർഖണ്ഡിൽ നിന്നെത്തിയ അവസ്ഥ പോലമുണ്ട്. കുടുംബാസൂത്രണം വിജയകരമായി നടപ്പിലാക്കിയ കേരളത്തിൽ ജനസംഖ്യ കുറയാൻ തുടങ്ങുകയാണ്. ജനസംഖ്യയിൽ യുവാക്കളുടെ ശതമാനവും കുറയുന്നു. ഇതിനിടെ കുടിയേറ്റവും വർധിക്കുമ്പോൾ അത് കേരളത്തെ ആശങ്കപ്പെടുത്തുന്നത് തന്നെയാണ്.