- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലാമിടയനായി മാർ റാഫേൽ തട്ടിൽ; സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റു; സ്ഥാനാരോഹണം സഭാ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ; സിനഡ് മെത്രാന്മാർക്കൊപ്പം പ്രത്യേകം ക്ഷണിക്കപ്പെട്ടവരും ചടങ്ങിൽ
കൊച്ചി: സീറോ മലബാർ സഭയ്ക്ക് പുതിയ നാഥൻ. സഭയുടെ നാലാമത് മേജർ ആർച്ച്ബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു. സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ പ്രത്യേകം തയാറാക്കിയ വേദിയിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. സിനഡിലെ മെത്രാന്മാർക്കൊപ്പം വിവിധ രൂപതകളിൽനിന്നുള്ള അല്മായ, സമർപ്പിത, വൈദിക പ്രതിനിധികളും സുപ്പീരിയർ ജനറൽമാരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും പങ്കെടുത്തു.
സീറോമലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ചടങ്ങിൽ മുഖ്യകാർമികത്വം വഹിച്ചു. ഭാരിച്ചതും വെല്ലുവിളികൾ നിറഞ്ഞതുമായ ശുശ്രൂഷയാണ് മേജർ ആർച്ച്ബിഷപ്പിന്റേതെന്നും ഈ നേതൃത്വശുശ്രൂഷയുടെ ഫലപ്രദമായ നിർവഹണത്തിന് ആവശ്യമായ കൃപ മാർ റാഫേൽ തട്ടിൽ പിതാവിന് ലഭിക്കാനായി സഭാമക്കൾ പ്രാർത്ഥിക്കുമെന്ന് ഉറപ്പാണെന്നും മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
മാർ റാഫേൽ തട്ടിലിനെ സീറോ മലബാർ മെത്രാൻ സിനഡ് തെരഞ്ഞെടുത്തതിനുള്ള അംഗീകാരം നല്കിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ നല്കിയ കത്ത് സീറോ മലബാർ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ വായിച്ചു. തുടർന്ന് സ്ഥാനാരോഹണ കർമങ്ങൾക്ക് തുടക്കമായി. ആദ്യം നിയുക്ത മേജർ ആർച്ച്ബിഷപ്പ് വിശ്വാസപ്രഖ്യാപനം നടത്തി. സഭ പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്യുന്ന വിശ്വാസപ്രമാണം ഏറ്റുപറയുകയും പരിശുദ്ധ പിതാവിനോടും ഫ്രാൻസിസ് മാർപാപ്പയോടും അവിടുത്തെ പിൻഗാമികളോടും കൂട്ടായ്മയും വിധേയത്വവും പുലർത്തിക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
അതോടൊപ്പം മേജർ ആർച്ച്ബിഷപ്പിന്റെ ഉത്തരവാദിത്വങ്ങൾ സഭയിലെ മെത്രാന്മാരോടുള്ള സംഘാതാത്മകതയിൽ വിശ്വസ്തയോടെ നിർവഹിക്കുകയും ഇതരസഭകളുമായുള്ള ബന്ധം പരിപോഷിപ്പിക്കുകയും ചെയ്യുമെന്ന് വിശുദ്ധ ഗ്രന്ഥത്തിൽ കൈവച്ചുകൊണ്ട് നിയുക്ത മേജർ ആർച്ച് ബിഷപ്പ് പ്രതിജ്ഞ ചെയ്തു.
തുടർന്ന് പ്രത്യേക പ്രാർത്ഥനയ്ക്കു ശേഷം കാർമികൻ മേജർ ആർച്ച്ബിഷപ്പിനെ ചുവന്ന മുടി ധരിപ്പിക്കുകയും അംശവടി നല്കുകയും ചെയ്തു. പിന്നീട് പ്രത്യേകം തയാറാക്കിയ ഇരിപ്പിടത്തിലേക്ക് ആനയിച്ച് ഇരുത്തുകയും ചെയ്തു. തുടർന്ന് കീർത്തനാലാപനത്തിനു ശേഷം മേജർ ആർച്ച്ബിഷപ് സ്ഥാനാരോഹണ കർമത്തിന്റെ സമാപനാശീർവാദം നല്കി.
മേജർ ആർച്ച്ബിഷപ് എമരിത്തൂസ് മാർ ജോർജ് ആലഞ്ചേരി ഡിസംബർ ഏഴിനു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് സിനഡ് ചേർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തത്. മാർപാപ്പയുടെ അംഗീകാരത്തോടെ തീരുമാനം വത്തിക്കാനിലും സഭാ ആസ്ഥാനത്തും ഒരേസമയം പ്രഖ്യാപിക്കുകയായിരുന്നു.
തൃശൂർ അതിരൂപതയിലെ പുത്തൻപള്ളി ബസിലിക്ക ഇടവകാംഗമാണ് മാർ റാഫേൽ തട്ടിൽ. 1980 ഡിസംബർ 21ന് പൗരോഹിത്യം സ്വീകരിച്ചു. 2010 ഏപ്രിൽ 10ന് അതിരൂപതയുടെ സഹായമെത്രാനായി. 2014ൽ സീറോ മലബാർ സഭയുടെ ഇന്ത്യയിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായി. 2017 ഒക്ടോബർ 10ന് ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി.
മറുനാടന് മലയാളി ബ്യൂറോ