കൊച്ചി: സിറോ മലബാർ സഭ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്താണ് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ അമരത്ത് എത്തുന്നത്. ഷംഷാദാബാദ് രൂപതയുടെ ഇടയനായ മാർ റാഫേൽ തട്ടിൽ പുതിയ പദവിയിലേക്ക് വരുമ്പോൾ ദൈവം നൽകിയ ഉത്തരമെന്ന് വിശ്വാസി സമൂഹം ഉറച്ചു വിശ്വസിക്കുന്നു.

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ റാഫേൽ തട്ടിൽ പിതാവിനെ തിരഞ്ഞെടുത്തത്. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേൽ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മാധ്യമങ്ങളോട് പറഞ്ഞു.മേജർ ആർച്ച് ബിഷപ്പ് ആകുമെന്ന് കരുതിയില്ലെന്ന് റാഫേൽ തട്ടിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒന്നിച്ച് ചേർന്ന് നിൽക്കണം, ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയട്ടെ, ഒരു ശരീരത്തിൽ ഒന്നിച്ചു പ്രവർത്തിക്കുന്നതാണ് ആരോഗ്യം, മെത്രാൻ പൊതുസ്വത്താണെന്നും റാഫേൽ തട്ടിൽ മേജർ ആർച്ച് ബിഷപ്പ് പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

മികച്ച വാഗ്മി കൂടിയാണ് മാർ തട്ടിൽ. തൃശൂർ വ്യാകുലമാതാവിൻ ബസിലിക്ക ഇടവകാംഗമായ മാർ റാഫേൽ തട്ടിൽ 1956 ഏപ്രിൽ 21നാണ് ജനിച്ചത്. തട്ടിൽ ഔസേപ്പിന്റെയും ഏനാമ്മാവ് കാഞ്ഞിരത്തിങ്കൽ ത്രേസ്യയുടെയും പത്തു മക്കളിൽ ഇളയവൻ. സഹോദരന്മാരെല്ലാം കച്ചവടത്തിന്റെ വഴിയെ പോയപ്പോൾ റാഫേൽ തട്ടിൽ ദൈവത്തിന്റെ വഴിയെ യാത്രയായി.

തൃശൂർ സെന്റ്.മേരീസ് മൈനർ സെമിനാരിയിലും വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലുമായി വൈദിക പരിശീലനം പൂർത്തിയാക്കി. തൃശൂർ രൂപതയ്ക്കുവേണ്ടി 1980 ഡിസംബർ 21ന് മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. അരണാട്ടുകര പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും തൃശൂർ മൈനർ സെമിനാരിയിൽ ഫാദർ പ്രീഫെക്ട്, വൈസ് റെക്ടർ, പ്രൊക്കുറേറ്റർ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളിൽ ആക്ടിങ് വികാരിയായും സേവനം ചെയ്തു.

റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാൻസലർ, ചാൻസലർ, സിൻചെല്ലൂസ് എന്നീ പദവികൾ വഹിച്ചു. രൂപതാ കച്ചേരിയിൽ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്റ് വികാരിയുമായിരുന്നു. 2010ൽ തൃശൂർ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു.

തൃശൂരിൽ സഹായ മെത്രാനായിരിക്കെ 2018 ജനുവരി ഏഴിനു ഷംഷാബാദ് രൂപത ഉദ്ഘാടനം ചെയ്ത് പ്രഥമ മെത്രാനായി അവിടേക്കു സേവനം മാറ്റി. അപ്പസ്‌തോലിക് വിസിറ്റേറ്ററായി 2014ൽ മാർപാപ്പ നിയമിച്ച മാർ റാഫേൽ തട്ടിൽ ആണു സിറോ മലബാർ സഭയും ലത്തീൻ സഭയും തമ്മിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾ രമ്യമായി പരിഹരിച്ചു രൂപതകൾ രൂപീകരിക്കാൻ നേതൃത്വം നൽകിയത്.

2014 മുതൽ ഇന്ത്യയിൽ സിറോ മലബാർ സഭയുടെ അധികാരപരിധിക്കു പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുമ്പോഴാണ് മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ രാജ്യാന്തര കത്തോലിക്കാ അൽമായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആഗോള ആത്മീയോപദേഷ്ടാവായി ഷംഷാബാദ് രൂപതാ ബിഷപ് മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തത്. തൊട്ടതെല്ലാം പൊന്നാക്കിയ പാരമ്പര്യമുള്ള ബിഷപ്പിന്, ഇനി വെല്ലുവിളികളുടെ കാലത്ത് സിറോ മലബാർ സഭയെ നയിക്കാനാണ് നിയോഗം.

എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കുന്ന മാർ തട്ടിലിന്റെ മുന്നിലുള്ളത് വലിയ ദൗത്യമാണ്. ഏകീകൃത കുർബാനയുടെ പേരിൽ തമ്മിലടിക്കുന്ന അങ്കമാലി എറണാകുളം രൂപതയിലെ വൈദികരെ ഐക്യത്തിന്റെ വഴിയേ കൊണ്ടുവരിക എന്നതാണ് അദ്ദേഹത്തെ കാത്തിരിക്കുന്ന വലിയ വെല്ലുവിളി.