- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മരട് അനീഷിന്റെ കരുതൽ തടങ്കൽ കാപ്പാ ബോർഡ് ശരിവച്ചു
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് എന്ന മരട് ആനക്കാട്ടിൽ അന്റണി മകൻ അനീഷിന്റെ കാപ്പാ നിയമ പ്രകാരമുള്ള കരുതൽ തടങ്കൽ കേരളാ സർക്കാർ ശരിവച്ചു. കേരളം, തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ കൊലപാതകമുൾപ്പെടെ നാൽപ്പത്തിയാറോളം ക്രിമിനൽ കേസുകളിൽ പ്രതിയായ മരട് അനീഷിനെ നവംബർ 8 നാണ് കാപ്പാ നിയമ പ്രകാരം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്നും അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാക്കിയത്.
ഇതേ തുടർന്ന് അനീഷ് കാപ്പാ അഡൈ്വസറി ബോർഡിന് മുൻപാകെ അപ്പീൽ സമർപ്പിച്ചു. അപ്പീൽ വാദം കേട്ട ശേഷം ബോർഡ് കരുതൽ തടങ്കൽ ആറുമാസത്തേക്ക് നിജപ്പെടുത്തി സർക്കാരിന് ശുപാർശ നൽകുകയായിരുന്നു. ഇതോടെ ആഭ്യന്തര വകുപ്പ് കാപ്പാ നിയമ പ്രകാരമുള്ള കരുതൽ തടങ്കൽ ആറുമാസക്കാലത്തേക്ക് സ്ഥിരപ്പെടുത്തുകയായിരുന്നു. നിലവിൽ അനീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാണ്.
മരട് അനീഷിനെ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വധിക്കാൻ ശ്രമം നടന്നിരുന്നു. ബ്ലേഡ് ഉപയോഗിച്ചു കഴുത്തിലും തലയിലും ദേഹത്തും മാരകമായി മുറിവേൽപ്പിച്ചു. കൊച്ചിയിലെ മറ്റൊരു ഗുണ്ടാനേതാവ് അമ്പായത്തോട് അഷ്‌റഫ് ഹുസൈൻ ആണ് ആക്രമിച്ചത്. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനായ ബിനോയിക്കും മർദനമേറ്റു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മരട് അനീഷിനെ കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത് വിയ്യൂരിലെത്തിക്കുകയായിരുന്നു. 'ഓപ്പറേഷൻ മരട്' എന്നു പേരിട്ട നീക്കത്തിൽ പങ്കെടുത്തത് സിറ്റി പൊലീസിന്റെ സായുധ പൊലീസ് സംഘമാണ്. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കാറുള്ള അനീഷ് തമിഴ്‌നാട്ടിൽ ഡിഎംകെ എംഎൽഎയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം മുഖ്യപ്രതിയാണ്.
കേരളത്തിൽ മാത്രം ഇയാൾക്കെതിരെ 46ൽ അധികം ക്രിമിനൽ കേസുണ്ട്. വിചാരണ നേരിട്ട ഇംതിയാസ് വധക്കേസിൽ കോടതി അനീഷിനെ വിട്ടയച്ചിരുന്നു. ഗോവയിൽ വച്ചു പവർ ബൈക്കിൽ നിന്നു വീണു തോളെല്ലിനു പരുക്കേറ്റെന്നു പറഞ്ഞാണ് സ്വകാര്യ ആശുപത്രിയിൽ അനീഷ് ചികിത്സ തേടിയത്. ആശുപത്രിയിലെ അനീഷിന്റെ സാന്നിധ്യം ഉറപ്പാക്കി ശസ്ത്രക്രിയ പൂർത്തിയാക്കാൻ കാത്തിരുന്ന പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബൈക്ക് അപകടത്തിൽ വലത്തെ തോളെല്ലിൽ നിന്നു മാംസപേശി വേർപെട്ട നിലയിലാണ് അനീഷ് ആശുപത്രിയിലെത്തിയത്. അനീഷിന്റെ എതിർ ചേരിയിൽപെട്ട ഗുണ്ടാ സംഘവുമായുള്ള സംഘട്ടനത്തിൽ പരുക്കേറ്റാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഒക്ടോബർ 31ന് നെട്ടൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് തിരുവല്ലയിൽ തള്ളിയ കേസിലും 2022ൽ തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകശ്രമ കേസിലുമാണ് അറസ്റ്റ്. അനീഷിനെതിരെ കലക്ടർ കാപ്പ ചുമത്തിയിരുന്നു. വിയ്യൂർ ജയിലിൽ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതിനാൽ പിന്നീട് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.
കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആനക്കാട്ട് വീട്ടിൽ അനീഷ് ആന്റണി എന്ന മരട് അനീഷ്. കൊച്ചി കേന്ദ്രീകരിച്ച് വൻഗുണ്ടാസംഘവും ഇയാൾക്കുണ്ട്. നേരത്തെ പലതവണ മരട് അനീഷിനെ പൊലീസ് പിടികൂടിയിരുന്നു. കുഴൽപ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രണം തുടങ്ങിയ കേസുകളിലാണ് മരട് അനീഷ് നേരത്തെ ഉൾപ്പെട്ടിരുന്നത്. ഇയാളെ വാളയാർ അതിർത്തിക്ക് സമീപം പൊലീസ് സിനിമാസ്റ്റൈലിൽ പിടികൂടിയതും വാർത്തയായിരുന്നു.
കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കൂടാതെ, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും വിവിധ കേസുകളിൽ പ്രതിയാണ്. കേരളത്തിൽ മാത്രം കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, വധശ്രമം, ഗൂണ്ടാപ്പിരിവ് തുടങ്ങി 45 ഓളം കേസുകളിൽ പ്രതിയാണ്. മരട് അനീഷ് കേരള പൊലീസ് ഗുണ്ടാ ലിസ്റ്റിലെ പ്രധാനികളിലൊരാളാണ്. കുറ്റകൃത്യങ്ങൾക്കു ശേഷം ഇതര സംസ്ഥാനങ്ങളിലേക്കു കടക്കുന്ന പ്രതിയെ ചില കേസുകളിൽ മാത്രമാണു അറസ്റ്റ് ചെയ്യാനായത്.
സാന്താക്ലോസ് വേഷം ധരിച്ചും കൊലപാതകം
15 വർഷം മുൻപു കുണ്ടന്നൂരിലെ വ്യാപാരിയെ രാത്രി വഴിയിൽ തടഞ്ഞു നിർത്തി കഴുത്തിൽ കത്തിവച്ചു പണം തട്ടിയ കേസിലാണ് അനീഷ് ആദ്യം പിടിയിലാകുന്നത്. നെട്ടൂരിലെ ഭായി നസീറിന്റെ ക്വട്ടേഷൻ സംഘത്തിലൂടെ വളർന്ന അനീഷ് പിന്നീട് ഇതേ സംഘത്തിന് എതിരായി. ഭായി നസീറും അനീഷും തമ്മിലുള്ള ഗുണ്ടാ കുടിപ്പക കത്തിനിന്ന കാലത്തു കൊച്ചിയെ നടുക്കിയ ഇംതിയാസ് വധക്കേസിൽ തെളിവുകളുടെ അഭാവത്തിൽ അനീഷിനെ കോടതി വെറുതേ വിട്ടതു പൊലീസിനു നാണക്കേടായിരുന്നു. സാന്താക്ലോസ് വേഷം ധരിച്ച കൊലയാളികൾ കാർ തടഞ്ഞു നിർത്തി ഇംതിയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
തട്ടിപ്പുകൾക്കു മറയിടാൻ ഇടക്കാലത്ത് ഹോട്ടൽ ബിസിനസിലേക്കു ചുവടു മാറിയിരുന്നു. കൊച്ചിയിലും പരിസരത്തും അടുത്തിടെ ഉയർന്ന ചില ഹോട്ടലുകളിൽ അനീഷിനു രഹസ്യ നിക്ഷേപം ഉണ്ടെന്നും വാർത്തകൾ വന്നിരുന്നു. എങ്കിലും കൊള്ളയും ക്വട്ടേഷനും തുടർന്നു. 2019ൽ പാലക്കാട് ദേശീയപാത മുണ്ടൂർ പന്നിടംപായം വളവിൽ കാറിൽ കൊണ്ടുപോയ 96 ലക്ഷം രൂപ കുഴൽപണം കവർന്ന കേസിലെ മുഖ്യ പ്രതിയാണ് അനീഷ്.