തൊടുപുഴ: വിധവ പെൻഷൻ കിട്ടാത്തതിന് എതിരെ താൻ നൽകിയ ഹർജിയിലെ വാദത്തിനിടെ, സർക്കാർ തന്നെ കളിയാക്കിയെന്ന് അടിമാലി സ്വദേശി മറിയക്കുട്ടി.കളിയാക്കൽ ഇന്നും ഇന്നലയും തുടങ്ങിയതല്ലല്ലോയെന്നും, ഹർജി രാഷ്ട്രീയപ്രേരിതമാണെന്ന സർക്കാർ വാദത്തോട് പ്രതികരിക്കവെ അവർ പറഞ്ഞു.

പെൻഷൻ കുടിശ്ശിക കിട്ടാനുള്ള തന്റെ പോരാട്ടം എല്ലാവർക്കും വേണ്ടിയാണെന്ന് മറിയക്കുട്ടി പറഞ്ഞു.പെൻഷൻ എല്ലാവർക്കും കിട്ടാത്തതുകൊണ്ടാണ് പ്രശ്നമുണ്ടായത്. കോടതി ഇടപെട്ട് തനിക്ക് മാത്രം പെൻഷൻ കിട്ടേണ്ട. തനിക്കുമാത്രം കിട്ടിയിട്ട് ജീവിക്കണം എന്ന ആഗ്രഹക്കാരിയല്ല. എല്ലാവർക്കും കിട്ടുന്നതാണ് സന്തോഷം. ഇതുവരെ അങ്ങനെ തന്നെയാണ് പറഞ്ഞതെന്നും ഇനി മുന്നോട്ടും അങ്ങനെയാണെന്നും അവർ വ്യക്തമാക്കി.

അഞ്ചുമാസത്തെ വിധവാ പെൻഷൻ ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം മറിയക്കുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് ഹർജി രാഷ്ട്രീയപ്രേരിതമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകിയത്. ഫണ്ടിന്റെ അപര്യാപ്തത കൊണ്ടാണ് പെൻഷൻ കൊടുക്കാൻ സാധിക്കാത്തതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

മറിയക്കുട്ടി നൽകിയ ഹർജി രാഷ്ട്രീയപ്രേരിതമെന്ന് സർക്കാർ വാദിക്കുന്നത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. 4500 രൂപ പരാതിക്കാരിക്ക് നൽകാൻ കഴിയുന്നില്ലെങ്കിൽ, അത് ഈ ക്രിസ്മസ് കാലത്ത് അങ്ങേയറ്റം സങ്കടകരമാണ്. മറ്റുപലർക്കും മറിയക്കുട്ടിയെ സഹായിക്കാനുള്ള സാഹചര്യമുണ്ട്. പക്ഷേ അത് ഉചിതമല്ല. അഭിമാനത്തിന്റെ പ്രശ്‌നമാണ്. അർഹതപ്പെട്ട അവകാശത്തെ കുറിച്ചാണ് മറിയക്കുട്ടി കോടതിയിൽ ചോദിക്കുന്നത്. അത് ലഭിക്കുകയാണ് വേണ്ടത്. മറിച്ച് മറ്റാരുടെയെങ്കിലും സഹായം നൽകുക എന്നത് ശരിയായ രീതിയല്ലെന്നും കോടതി പറഞ്ഞു.

പെൻഷൻ നൽകാൻ ആവശ്യത്തിന് പണമില്ലെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. വിധവാ പെൻഷനായി നൽകുന്ന 1600 രൂപയിൽ 300 രൂപ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.ഹർജി ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരൂവെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അല്ലെങ്കിൽ മൂന്നുമാസത്തെ ചെലവ് സർക്കാർ ഏറ്റെടുക്കണം. പണം കൊടുക്കാൻ വയ്യെങ്കിൽ മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവ് കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.