കൊല്ലം: കല്യാണ സദ്യക്കിടെ പപ്പടത്തിന്റെ പേരിൽ നടന്ന തമ്മിൽ തല്ല് കേരളം മുഴുവൻ വൈറലായിരുന്നു. ആലപ്പുഴ ജില്ലയിൽ നിന്നാണ് ഈ പപ്പടത്തല്ല് പുറത്തുവന്നത്. ഇതിന് പിന്നാലെ ഇപ്പോൾ കൊല്ലം ജില്ലയിൽ നിന്നും ഒരു കല്യാണ തല്ലു കൂടി പുറത്തുവന്നു. വർഷങ്ങളായി പ്രണയിച്ചു വിവാഹം കഴിക്കാൻ ഒരുങ്ങിയ വരനും വധുവും തമ്മിൽ തുടങ്ങിയ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ബന്ധുക്കൾ തമ്മിലുള്ള സംഘർഷത്തിൽ വരന്റെ പിതാവ് പരിക്കേറ്റ് ആശുപത്രിയിലുമാണ്.

വർഷങ്ങളായി സ്നേഹിച്ചശേഷം വിവാഹമുറപ്പിച്ച യുവതിയും യുവാവും വിവാഹത്തലേന്നാണ് വഴക്കിട്ടു പിരിഞ്ഞത്. പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മിൽ ഞായറാഴ്ച പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ നടക്കാനിരുന്ന വിവാഹമാണ് തർക്കംമൂലം മുടങ്ങിയത്.

ദീർഘകാലമായുള്ള പ്രണയത്തെ യുവതിയുടെ വീട്ടുകാരാണ് തുടക്കത്തിൽ എതിർത്തത്. ഇതിനിടെയും ഇരുവരും തമ്മിലുള്ള പ്രണയം മുന്നോട്ടു പോയി. ഒമ്പത് മാസം മുമ്പ് വീട്ടുകൈാരുടെ സമ്മതപ്രകാരം വിവാഹം നിശ്ചയിച്ചു. ഇതിനുശേഷം വിദേശത്തു പോയ യുവാവ് വിവാഹത്തിനായാണ് നാട്ടിലെത്തിയത്.

വെള്ളിയാഴ്ച മെഹന്തി ഇടൽ ചടങ്ങിനായി വീട്ടിലെത്തിയപ്പോഴുണ്ടായ സംഭവങ്ങളാണ് വഴക്കിട്ടു പിരിയുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ചടങ്ങിനെത്തിയ യുവാവുമായി യുവതി തർക്കത്തിലായി. ചെറിയ രീതിയിൽ തുടങ്ങിയ തർക്കം വലുതായതോടെ ബന്ധുക്കൾ ഇടപെട്ടു. ഇതിനിടെ മധ്യസ്ഥശ്രമവുമായി ഇരുവീട്ടുകാരും കിഴക്കനേലയിലെ ബന്ധുവീട്ടിൽ ഒത്തുകൂടി ചർച്ചനടത്തിവരവേയാണ് സംഘർഷമുണ്ടായത്.

യുവാവിന്റെ പിതാവിന് മർദനത്തിൽ പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവീട്ടുകാരുടെയും പരാതിയിൽ പാരിപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.