കൊച്ചി: എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്. കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ പരിശോധന നടത്തി വിവരങ്ങൾ തേടുകയാണ് എസ്എഫ്‌ഐഒ സംഘം. അന്വേഷണത്തിൽ എക്‌സാലോജിക്കിൽ നിന്ന് വിവരങ്ങൾ തേടുന്നതിനായി വീണ വിജയന് നോട്ടീസ് നൽകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള കമ്പനിയുടെ ഹർജി.

അന്വേഷണത്തിൽ വീണാ വിജയന് ക്ലീൻ ചിറ്റ് ലഭിക്കുക എളുപ്പമല്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ഓൺലൈൻ ചാനലിനോട് പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനിടെ ഉണ്ടായ മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്എഫ്ഒ അന്വേഷണത്തെയും, സംശയിക്കുന്നത്.

''മുൻകാല സംഭവങ്ങളിലെ കേന്ദ്ര ഏജൻസികളുടെ സമീപനം വിലയിരുത്തുമ്പോൾ, കേന്ദ്ര സർക്കാരും കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുന്നതിൽ സത്യസന്ധത പുലർത്തുന്നില്ലെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് ന്യായമായ കാരണങ്ങളുണ്ട്. കേന്ദ്ര ഏജൻസികൾക്ക് നേരിട്ട് ഇടപെട്ട് ബന്ധപ്പെട്ടവരെ പിടികൂടാമായിരുന്ന കൂടുതൽ വിവാദമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ എല്ലായ്‌പ്പോഴും അവർ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് ഈ അന്വേഷണത്തിന്റെ ഫലത്തേക്കുറിച്ച് ഞങ്ങൾ സംശയിക്കുന്നത്'' മാത്യു കുഴൽനാടൻ പറഞ്ഞു.

' കേസില് വീണ വിജയന് ക്ലീൻ ചിറ്റ് നൽകുന്നത് ബുദ്ധിമുട്ടായിരിക്കും. അതിന് ഏജൻസികൾ ശ്രമിച്ചാൽ അവരും തുറന്നു കാട്ടപ്പെടും. പ്രകടമായ നിയമലംഘനങ്ങൾ നടന്നിട്ടുണ്ട്. ഭാഗ്യവശാലോ നിർഭാഗ്യവശാലോ പല ഇടപാടുകളും ഡിജിറ്റലാണ്. അത് രേഖകളിൽനിന്ന് നീക്കം ചെയ്യാൻ കഴിയില്ല. കേസ് വലിയൊരു പരിധിവരെ തെളിയിക്കപ്പെട്ടു കഴിഞ്ഞു. പ്രതികൾക്കെതിരെ കേസെടുത്ത് ശിക്ഷിക്കുന്നതിൽ നിയമം ഉചിതമായ നടപടി സ്വീകരിക്കുമോ എന്നത് മാത്രമാണ് ചോദ്യം.'

മുഖ്യമന്ത്രിയെ താൻ ശത്രുവായിട്ടല്ല, രാഷ്ട്രീയ എതിരാളിയായി മാത്രമേ കണക്കാക്കുന്നുള്ളൂവെന്ന് കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ സമീപനത്തിൽ താൻ ശരിയായ പാതയിലാണെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.'മുഖ്യമന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും നിയമവിരുദ്ധമായ പല നടപടികളും ചോദ്യം ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. ഒരു നിയമസഭാംഗമെന്ന നിലയിൽ അതിൽ സന്തോഷമുണ്ട്. തന്റെ ജോലി കഴിയുന്നത്ര കൃത്യമായി ചെയ്യുന്നുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.

50 സെന്റ് ഭൂമി കൈയേറിയെന്ന ആരോപണത്തിൽ റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഉണ്ടായേക്കാവുന്ന നടപടിയേക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും കുഴൽനാടൻ പറഞ്ഞു.