തൊടുപുഴ: മാത്യു കുഴൽനാടൻ എംഎൽഎയുടെ ചിന്നക്കനാൽ സൂര്യനെല്ലിയിലെ റിസോർട്ടിനോടു ചേർന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി സർക്കാർ ഏറ്റെടുക്കും. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പൻചോല ഭൂരേഖാ തഹസിൽദാർ ഇടുക്കി കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.

ഭൂപതിവു നിയമങ്ങൾ ലംഘിച്ചാണു റിസോർട്ട് പ്രവർത്തിക്കുന്നതെന്നാരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി രംഗത്തുവന്നിരുന്നു. മാത്യു കുഴൽനാടൻ റിസോർട്ട് വാങ്ങുന്നതിനു മുൻപുമുതൽ ഈ ഭൂമിയും ഉടമകളുടെ കൈവശമുണ്ടെന്നാണു വിവരം. ഡിജിറ്റൽ സർവേ പൂർത്തിയായാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമാകൂ. ഈ സാഹചര്യത്തിലും ഭൂമി തിരിച്ചു പിടിക്കാമെന്നാണ് കളക്ടറുടെ നിലപാട്.

മിച്ചഭൂമി ഏറ്റെടുക്കാൻ കലക്ടർ അനുമതി നൽകിയിട്ടുണ്ട്. ഇതിനു മുന്നോടിയായി വില്ലേജ് ഓഫിസറോടു റിപ്പോർട്ട് തേടും. എംഎൽഎ സർക്കാർ ഭൂമി കയ്യേറിയെന്ന വിജിലൻസ് കണ്ടെത്തൽ റവന്യു വിഭാഗം ശരിവച്ചിരുന്നു. കേസെടുക്കാനുള്ള സാധ്യതയും തേടുന്നുണ്ട്. 3 വർഷം മുൻപാണു കുഴൽനാടനും 2 സുഹൃത്തുക്കളും ചേർന്നു സൂര്യനെല്ലിയിൽ കപ്പിത്താൻ റിസോർട്ട് വാങ്ങിയത്. ഒരേക്കർ 14 സെന്റ് ഭൂമിയും കെട്ടിടങ്ങളുമാണു വാങ്ങിയത്. കുഴൽനാടൻ ഭൂമി കയ്യേറിയതായി കഴിഞ്ഞ ശനിയാഴ്ച ചോദ്യം ചെയ്യലിനുശേഷം വിജിലൻസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ ഇടപെടൽ.

4,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടി വിസ്തീർണമുള്ള 2 കെട്ടിടങ്ങളുമാണ് ഇവിടെയുള്ളത്. 2022 ഫെബ്രുവരിയിൽ 2 കെട്ടിടങ്ങളുടെ ആധാരം നടത്തി. പരാതിക്ക് പിന്നാലെ സ്ഥലവും കെട്ടിടവും വിൽപന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലും ക്രമക്കേട് ഉണ്ടെന്നാരോപിച്ച് സെപ്റ്റംബറിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിനു ശുപാർശ ചെയ്തു. സർക്കാർഭൂമി കൈയേറി എന്ന വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ ശരിവെച്ച് റവന്യുവകുപ്പ് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഭൂമിയെറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടിയായി വില്ലേജ് ഓഫീസറോട് സർവേ റിപ്പോർട്ട് വാങ്ങും. മാത്യു കുഴൽനാടൻ എംഎ‍ൽഎ.യുടെ റിസോർട്ട് ഉൾപ്പെടെ ഒരേക്കർ 20 സെന്റ് ഭൂമിയാണ് ആധാരത്തിലുള്ളത്. എന്നാൽ ഇതോടൊപ്പം 50 സെന്റ് സർക്കാർ ഭൂമി കൈയേറിയതായി വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വില്ലേജ് അധികൃതർ സ്ഥലം അളന്നപ്പോഴാണ് സർക്കാർ ഭൂമി കണ്ടെത്തിയത്. റിസോർട്ട് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമുള്ള കാര്യം രജിസ്‌ട്രേഷൻ സമയത്ത് മറച്ചുവെച്ചു. കെട്ടിടത്തിന് 18 ലക്ഷം രൂപ മൂല്യമുണ്ട്. സർക്കാരിന് കിട്ടേണ്ട നികുതി നഷ്ടമായി. 50 സെന്റ് സർക്കാർ ഭൂമി കൈയേറി സംരക്ഷണഭിത്തി നിർമ്മിച്ചു, മിച്ചഭൂമി ഉൾപ്പെട്ട ഭൂമിയിലാണ് റിസോർട്ട് നിൽക്കുന്നത്.

കേസിൽ ഉൾപ്പെട്ടതിനാൽ രജിസ്ട്രേഷനോ പോക്കുവരവോ സാധ്യമല്ലെന്നും ഭൂമി രജിസ്ട്രേഷനിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തിയിരുന്നു.