- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വീണാ വിജയന് ലഭിച്ച മാസപ്പടി കരിമണൽ ഖനനത്തിനുള്ള പ്രതിഫലം; സി.എം.ആർ.എൽ കമ്പനിക്ക് യഥേഷ്ടം കരിമണൽ ലഭിക്കാൻ വഴിയൊരുക്കിയത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 2018ൽ ചേർന്ന ദുരന്തനിവാരണ അഥോറിറ്റി യോഗം; മാസപ്പടിയിൽ മാത്യു കുഴൽനാടൻ മുന്നോട്ടു തന്നെ!

തിരുവനന്തപുരം: മാസപ്പടിയിൽ മാത്യു കുഴൽനാടൻ മുന്നോട്ടു തന്നെ! വിഷയത്തിൽ ഓരോ ഫോളോ അപ്പുകളുമായി വീണ്ടും രംഗത്തുവരികയാണ് മൂവാറ്റുപുഴ എംഎൽഎ. നിയമസഭയിൽ അടക്കം ക്രുദ്ധനായി പിണറായി പ്രതികരിച്ചിട്ടും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് മാത്യു നിലകൊള്ളുന്നത്. ഇത് അനുസരിച്ചാണ് ഇന്ന് അദ്ദേഹം വീണ്ടും വാർത്താസമ്മേളനം നടത്തിയതും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കരിമണൽ കമ്പനി കെ.എം.ആർ.എൽ മാസപ്പടി എന്തിന് നൽകിയെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു മാത്യുവിന്റെ ഇന്നത്തെ വാർത്താസമ്മേളനത്തിൽ. തോട്ടപ്പള്ളിയിൽ മൂന്നുവർഷമായി നടക്കുന്ന കരിമണൽ ഖനനത്തിനുള്ള പ്രതിഫലമാണെന്നാണ് മാത്യു ആരോപിച്ചത്. സി.എം.ആർ.എൽ കമ്പനിക്ക് യഥേഷ്ടം കരിമണൽ ലഭിക്കാൻ വഴിയൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ 2018ൽ ചേർന്ന ദുരന്തനിവാരണ അഥോറിറ്റി യോഗമാണെന്ന് മാത്യു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തോട്ടപ്പള്ളിയിലെ കരിമണൽ ഇപ്പോഴും സി.എം.ആർ.എല്ലിന് ലഭിക്കുന്നത് ഈ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. മാസപ്പടിക്ക് കാരണമായ സേവനം ഇതാണ്. പ്രളത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സ്വാമിനാഥൻ കമീഷൻ പഠനത്തിന്റെ ഒരു പരാമർശമാണ് ഇതിനു കരുവാക്കിയത്. കുട്ടനാട്ടിലെ വെള്ളം ഒഴുകിപ്പോകാൻ കുട്ടനാട് മുതൽ സ്പിൽവേ വരെ കനാലിലെ തടസ്സം നീക്കി വൃത്തിയാക്കണമെന്ന് സ്വാമിനാഥൻ കമീഷൻ പറഞ്ഞിരുന്നു.
അതിൽ പിടിച്ചാണ് സ്പിൽവേയിൽ നേരത്തേ സാമൂഹിക വനവത്കരണ പദ്ധതി പ്രകാരം വെച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങൾ നീക്കി കരിമണൽ ഖനനത്തിന് പിണറായി സർക്കാർ കളമൊരുക്കിയത്. ദുരന്തനിവാരണ നടപടിയെന്ന പേരിൽ സി.എം.ആർ.എൽ കമ്പനിക്ക് കരിമണൽ കടത്താൻ സൗകര്യമൊരുക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. അതു വ്യക്തമാക്കുന്ന സർക്കാർ ഉത്തരവിന്റെ പകർപ്പ് കൈവശമുണ്ട്.
ഇക്കാര്യം തിരിച്ചറിഞ്ഞ നാട്ടുകാർ രംഗത്തുവന്നപ്പോൾ പുറക്കാട് ഗ്രാമപഞ്ചായത്ത് സി.എം.ആർ.എല്ലിന്റെ കരിമണൽ ഖനനം നിർത്തിവെക്കാൻ സ്‌റ്റോപ് മെമോ നൽകി. എങ്കിലും സംസ്ഥാന സർക്കാറിന്റെ പിന്തുണയോടെ ഖനനം തുടരുകയാണ്.
കരിമണൽ മാസപ്പടി പ്രശ്‌നത്തിൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസിൽ പരാതി നൽകിയെങ്കിലും രണ്ടര മാസമായിട്ടും യാതൊരു പ്രതികരണവുമില്ല. തുടർനടപടിയില്ലാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കുമെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി.


