കണ്ണൂർ: കണ്ണൂർ അയ്യൻകുന്ന് ഞെട്ടിത്തോട്ടിൽ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ. നവംബർ 13ന് രാവിലെ 9:50 നായിരുന്നു ഏറ്റുമുട്ടൽ. കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്ന് തിരുനെല്ലിയിൽ പതിച്ച പോസ്റ്ററിൽ മാവോയിസ്റ്റുകൾ പറയുന്നു. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

ആറളത്ത് കവിത കൊല്ലപ്പെട്ടതിന് പകരംവീട്ടുമെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു. തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് പോസ്റ്റർ പതിച്ചത്. ഇന്നലെ രാത്രി വൈകി ആറ് പേരുടെ സംഘമാണ് ഗുണ്ടിക പറമ്പ് കോളനിയിൽ എത്തിയത്. ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലിൽ ചിലർക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. ഈ ഏറ്റുമുട്ടിലാലാണ് കവിത കൊല്ലപ്പെട്ടത് എന്ന തരത്തിലാണ് മാവോയിസ്റ്റ് പ്രചാരണം.

അയ്യൻ കുന്നിലെ ഒരു വീട്ടിലെത്തി ഭക്ഷണസാധനങ്ങൾ നേരത്തെ മാവോയിസ്റ്റുകൾ ശേഖരിച്ചിരുന്നു. ഇതിനു ശേഷം ആറളത്തെ ഫോറസ്റ്റ് വാച്ചർമാർക്കെതിരെ വെടിവയ്‌പ്പു നടത്തിയതിനു ശേഷമാണ് പൊലിസും തണ്ടർ ബോർട്ടും തെരച്ചിൽ ശക്തമാക്കിയത്. ഇതിനിടെയിലാണ് കർണാടക വനാതിർത്തിയോട് ചേർന്ന മേഖലയിൽ മാവോയിസ്റ്റ് ക്യാംപിലേക്ക് പൊലിസ് കടന്നാക്രമണം നടത്തിയത്. കവിത കൊല്ലപ്പെട്ടുവെന്ന് അറിയിക്കുന്ന പോസ്റ്ററിൽ ഗുരുതര വെല്ലുവിളികളാണ് നടത്തുന്നത്.

മാവോയിസ്റ്റ് വനിതാ ഗറില്ല സ കവിതയ്ക്ക് ലാൽസലാം. സഖാവ് കവിതയുടെ കൊലപാതകം കോർപ്പറേറ്റുകളെ കൊള്ളയിക്കാൻ പശ്ചിമഘട്ടത്തെ ഒരുക്കികൊടുക്കുന്ന മോദി-പിണറായി സർക്കാരുകളുടെ ആസൂത്രിത നീക്കമെന്നാണ് പോസ്റ്ററിലെ ആരോപണം. കൊലയാളികൾക്കെതിരെ ആഞ്ഞടിക്കുക.. സിപിഐ മാവോയിസ്റ്റ്. പുത്തൻ ജനാധിപത്യ ഇന്ത്യയ്ക്കായി പൊരുതി മരിച്ച സഖാവ് കവിതയ്ക്ക് ലാൽസലാം. രക്തകടങ്ങൾ രക്തത്താൽ പകരം വീട്ടും. ഗ്രാമങ്ങളെ ചുവപ്പണിയിക്കാൻ സ്വന്തം ജീവിൻ സമർപ്പിച്ച മാവോയിസ്റ്റ് വനിതാ ഗറില്ല സ കവിതയ്ക്ക് ലാൽസലാം.-ഇങ്ങനെയാണ് പോസ്റ്ററിലെ എഴുത്ത്.

ഏതായാലും കണ്ണൂരിലേയും വയനാട്ടിലേയും അതിർത്തിയിൽ പൊലീസ് ജാഗ്രത കർശനമാക്കും. തിരിച്ചടിക്കാൻ മാവോയിസ്റ്റുകൾ തയ്യാറെടുക്കുന്നുണ്ടോ എന്നും പരിശോധിക്കും. രണ്ടു പേരെ ഈയിടെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും കവിതയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനും പൊലീസ് ശ്രമിക്കും.