കണ്ണൂർ: കണ്ണൂർ അയ്യൻകുന്ന് ഞെട്ടിത്തോട്ടിൽ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പോസ്റ്റർ വന്നത് മുമ്പ് കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ലിജേഷ് എലിയാസ് രാമുവിന്റെ ഭാര്യയായിരുന്നു. രാമു പോരാട്ടം മടുത്ത് തിരികെ സ്വാഭാവിക ജീവിതത്തിലേക്ക് വരാൻ ആഗ്രഹിച്ചപ്പോഴും കവിത മാവോയിസ്റ്റ് വഴി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോൽ തണ്ടർബോൾട്ട് ഏറ്റുമുട്ടലിൽ ജീവൻ പൊലിഞ്ഞെന്ന് മാവോയിസ്റ്റ് പോസ്റ്ററിലും വെളിപ്പെടുത്തുന്നു. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ഇത് എത്രത്തോളം വസ്തുതാപരമാണെന് കാര്യം ഇനിയും വ്യക്തമാകാനുണ്ട്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയാണോ ഇതിലൂടെ ലക്ഷ്യം വെച്ചതെന്നതും ഉറപ്പില്ല.

കർണാടകത്തിലെ തുംഗഭദ്ര ദളത്തിന്റെ ഭാഗമായിരുന്നു ആദ്യം കവിത. 2015 ൽ പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ ഭാഗമായാണ് പ്രവർത്തിച്ചു വന്നത്. ആറളത്ത് കവിത കൊല്ലപ്പെട്ടതിന് പകരംവീട്ടുമെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു. തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് പോസ്റ്റർ പതിച്ചത്. ഇന്നലെ രാത്രി വൈകി ആറ് പേരുടെ സംഘമാണ് ഗുണ്ടിക പറമ്പ് കോളനിയിൽ എത്തിയത്. ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലിൽ ചിലർക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. ഈ ഏറ്റുമുട്ടിലാലാണ് കവിത കൊല്ലപ്പെട്ടത് എന്ന തരത്തിലാണ് മാവോയിസ്റ്റ് പ്രചാരണം.

അയ്യൻ കുന്നിലെ ഒരു വീട്ടിലെത്തി ഭക്ഷണസാധനങ്ങൾ നേരത്തെ മാവോയിസ്റ്റുകൾ ശേഖരിച്ചിരുന്നു. ഇതിനു ശേഷം ആറളത്തെ ഫോറസ്റ്റ് വാച്ചർമാർക്കെതിരെ വെടിവയ്‌പ്പു നടത്തിയതിനു ശേഷമാണ് പൊലിസും തണ്ടർ ബോർട്ടും തെരച്ചിൽ ശക്തമാക്കിയത്. ഇതിനിടെയിലാണ് കർണാടക വനാതിർത്തിയോട് ചേർന്ന മേഖലയിൽ മാവോയിസ്റ്റ് ക്യാംപിലേക്ക് പൊലിസ് കടന്നാക്രമണം നടത്തിയത്. കവിത കൊല്ലപ്പെട്ടുവെന്ന് അറിയിക്കുന്ന പോസ്റ്ററിൽ ഗുരുതര വെല്ലുവിളികളാണ് നടത്തുന്നത്.

പോസ്റ്ററിന്റെ പശ്ചാത്തല്തിൽ പൊലീസ് ജാഗ്രത കർശനമാക്കും. തിരിച്ചടിക്കാൻ മാവോയിസ്റ്റുകൾ തയ്യാറെടുക്കുന്നുണ്ടോ എന്നും പരിശോധിക്കും. രണ്ടു പേരെ ഈയിടെ പൊലീസ് പിടികൂടിയിരുന്നു. നേരത്തെ കവിതയുടെ ഭർത്താവ് പൊലീസ് മുമ്പാകെ ആയുധം വെച്ചു കീഴടങ്ങി പുതു ജീവിതത്തിലേക്ക് കടന്നിട്ടുണ്ട്.

കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസ പാക്കേജുമായി സംസ്ഥാന സർക്കാർ രംഗത്തുവന്നിരുന്നു. താമസ സൗകര്യവും സാമ്പത്തിക സഹായവും കൂടാതെ പഠനവും ജോലിയും പാക്കേജിൽ ഉറപ്പ് വരുത്തുന്നു. ഇതിന്റെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ മന്ദിരത്തിലെ ഓഫീസിൽ വെച്ച് ലിജേഷിന് കൈമാറിയിരുന്നു. താൽക്കാലികമായി താമസിക്കാൻ വാടകയ്ക്ക് എടുത്ത വീടിന്റെ താക്കോലും മുഖ്യമന്ത്രി കൈമാറി.

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം ജില്ലയിൽ സ്വന്തമായി വീട് നിർമ്മിച്ചു നൽകുമെന്നാണ് സർക്കാർ വാഗ്ദാനം. വീടും സ്റ്റൈപ്പെന്റും തുടർ പഠനത്തിനായി 15,000 രൂപയുടെ ധനസഹായവും ലിജേഷിന് ലഭിക്കും. ഗവൺമെന്റ് ഐടിഐകളിലോ മറ്റ് സ്ഥാപനങ്ങളിലോ പഠനം നടത്താനും സഹായം നൽകും. വയനാട് അമരക്കുന്നിയിൽ ജനിച്ച ലിജേഷ് അഞ്ച് വയസുള്ളപ്പോഴാണ് മാതാപിതാക്കൾക്കൊപ്പം കർണാടകയിലെ വിരാജ് പേട്ടയിലേയ്ക്ക് കുടിയേറിയിരുന്നു. സാമ്പത്തിക ബാധ്യതയായിരുന്നു കാരണം. പിന്നീട് മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ ലിജേഷ് സംഘടനയിൽ ചേരുകയായിരുന്നു.

സംസ്ഥാന സർക്കാർ 2018-ൽ കീഴടങ്ങൽ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച ശേഷം ആദ്യമായി കീഴടങ്ങിയ മാവോയിസ്റ്റായിരുന്നു ലിജീഷ്. ഏഴു വർഷമായി മാവോയിസ്റ്റ് കബനി ദളത്തിലെ അംഗമായിരുന്നു. ഈ ദളത്തിനൊപ്പമായിരുന്നു ഭാര്യ കവിതയും പ്രവർത്തിച്ചു പോന്നത്. ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ തുടർനടപടികൾ റദ്ദു ചെയ്യുന്നതിനു പുറമെ പൊതുജീവിതത്തിലേക്കു തിരിച്ചുവരുന്നതിനു സാമ്പത്തിക പിന്തുണയും സുരക്ഷയും കൂടി വാഗ്ദാനം ചെയ്യുന്നതാണ് പുരനധിവാസ പദ്ധതി.

അഞ്ചു ലക്ഷം രൂപ വരെയാണ് ലഭിക്കുക. ഇതിൽ പകുതി പണമായി നൽകുമ്പോൾ ബാക്കി സ്ഥിരനിക്ഷേപമാക്കി മാറ്റും. സ്ഥിരനിക്ഷേപം പണയാധാരമാക്കി സ്വയംതൊഴിലിനും മറ്റും വായ്പയെടുക്കാൻ അവസരമുണ്ടാകും. അഭിരുചിക്കനുസരിച്ചു തൊഴിൽ പരിശീലനം ഉറപ്പാക്കും. മറ്റു തൊഴിലുകളിൽ ഏർപ്പെടാത്തപക്ഷം മൂന്നു വർഷം വരെ പരിശീലനകാലത്തു മാസം 10,000 രൂപ വരെ അനുവദിക്കും. ആയുധങ്ങളുമായി കീഴടങ്ങുന്നവർക്ക് 35,000 രൂപ പ്രത്യേക പാരിതോഷികമുണ്ട്.