തിരുവനന്തപുരം: ആ അമ്മമാർ കണ്ണു തുടച്ചു. മകൾക്കും അത് കണ്ടു നിൽക്കാനായില്ല. അങ്ങനെ വൈകാരികമായ മുഹൂർത്തങ്ങൾക്കാണ് സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചത്. 32 വർഷം മുമ്പ് സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽനിന്ന് സ്വീഡനിലേക്ക് ദത്ത് പോയ 'മായ' എന്ന മൂന്നുവയസുകാരി അമ്മമാരെ കാണാൻ തിരിച്ചെത്തി. അതൊരു അസുലഭ നിമിഷമാണ് സമ്മാനിച്ചത്.

അന്നത്തെ മായ ഇന്ന് കരോളിനയാണ്. കരോളിനയായി മാറി തന്റെ വളർത്തമ്മമാരെ കാണാനെത്തിയ യുവതി നിറച്ചത് സ്‌നേഹം മാത്രമായിരുന്നു. ജന്മനാടിനെ വീണ്ടും കാണുകയായിരുന്നു ലക്ഷ്യം. മായയെ വളർത്തമ്മമാരായ ജയകുമാരിയും, ശാന്തമ്മയും, ഗിരിജാ ദേവിയുമൊക്കെ പ്രായാധിക്യമെല്ലാം മറന്ന് വാരിപ്പുണർന്നു. ഓർമ്മകളിലേക്ക് പോയി. 1991ൽ ശിശുക്ഷേമ സമിതിയിൽനിന്ന് മായയെ സ്വീഡനിലെ സർക്കാർ ടെക്‌നിഷൻ സവൻ ഒലോഫ് ജോൺസനും ഭാര്യ ക്രിസ്റ്റിന അസ്ബർഗും ദത്തെടുക്കുകയായിരുന്നു. കരോളിന അസ്ബർഗ് എന്ന് പുതിയ പേരും നൽകി.

35 വയസുള്ള കരോളിന സ്വീഡിഷ് പബ്ലിക്ക് എംപ്ലോയ്‌മെന്റ് സർവീസിൽ സ്‌പെഷ്യൽ കേസ് ഹോൾഡറാണ്. സർക്കാർ ടെക്‌നീഷനായ ഭർത്താവ് പാട്രിക്കിനൊപ്പമാണ് കരോളിന ജന്മനാട്ടിൽ എത്തിയത്. കരോളിനയുടെ സഹോദരി സോഫിയ സ്‌നേഹ ജോൺസനെയും 1994ൽ ബംഗ്ലൂരിൽനിന്ന് ക്രിസ്റ്റിന ദമ്പതികൾ ദത്തെടുത്തതാണ്. സമയക്കുറവ് കാരണം സോഫിയ ഇന്ത്യയിലേക്ക് വന്നില്ല.

കരോളിന ദമ്പതികളെ ശിശുക്ഷേമ സമിതിയും ഉപചാരപൂർവ്വം സ്വീകരിച്ചു. കരോളിനയും ഭർത്താവും അടുത്തയാഴ്ച സ്വീഡനിലേക്ക് മടങ്ങും. അതുവരെ ജന്മനാട്ടിലെ കാഴ്ചകൾ അവർ കാണും.