- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾക്ക് എം ബി ബി എസിന് അഡ്‌മിഷൻ കിട്ടിയപ്പോൾ നിക്‌സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്‌സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്‌നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
ആലപ്പുഴ: മകളിലായിരുന്നു നിക്‌സൻ-നിർമല ദമ്പതിമാരുടെ പ്രതീക്ഷ മുഴുവൻ. ഏകമകൾ ഡോക്ടറാകുന്നത് സ്വപ്‌നം കാണാൻ തുടങ്ങിയിട്ട് എത്രയോ നാൾ. നിരത്തിൽ അതിവേഗത്തിൽ പാഞ്ഞ ബൈക്ക്, ഒരുനിമിഷം കൊണ്ട് മകളുടെ ജീവനെടുത്തപ്പോൾ അച്ഛനമ്മമാർ മാത്രമല്ല, ആലപ്പുഴ പുന്നപ്ര വടക്കുപഞ്ചായത്തിലെ നാട്ടുകാരാകെ തകർന്നുപോയി. എന്തുപറഞ്ഞ് ആശ്വസിപ്പിക്കാൻ. സ്‌നേഹമോൾ എന്നാണ് മാതാപിതാക്കൾ അൽഫോൻസ(22) യെ ഓമനിച്ച് വിളിച്ച പേര്.
കഴിഞ്ഞ ദിവസം, മലപ്പുറം തിരൂർക്കാട് ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്ക് എതിരെവന്ന ബൈക്കുമായും കെഎസ്ആർടിസി ബസുമായും കൂട്ടിയിടിച്ചാണ് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിലെ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി മരിച്ചത്. പുന്നപ്ര വടക്കു പഞ്ചായത്ത് പതിമൂന്നാം വാർഡ് അറപ്പക്കൽ പൂന്ത്രശേരിൽ നിക്‌സൺ നിർമ്മല ദമ്പതികളുടെ ഏകമകൾ. ബൈക്കോടിച്ചിരുന്ന സഹപാഠിയും സുഹൃത്തുമായിരുന്ന തൃശൂർ വന്നുക്കാരൻ അശ്വിൻ (21) പരിക്കോടെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലായിരുന്നു. പ്രാഥമിക ചികിത്സക്കുശേഷം അശ്വിനെ ഡിസ്ചാർജ് ചെയ്തു.
മത്സ്യത്തൊഴിലാളിയാണ് നിക്‌സൺ. കടലിൽ പോകാൻ കഴിയാത്തപ്പോൾ കൂലിപ്പണിക്ക് പോകും. പഠിക്കാൻ മിടുക്കിയായ മകൾ ഒന്നു മുതൽ പ്ലസ് ടു വരെ പുന്നപ്ര ജ്യോതിനികേതൻ സ്‌കൂളിലാണ് പഠിച്ചത്. മകൾക്ക് എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചപ്പോൾ മുതൽ വെള്ളക്കോട്ടും ധരിച്ച് അവൾ കടന്നുവരുന്നത് കാത്തിരുന്ന മാതാപിതാക്കൾക്ക് ഈ വേർപാട് എങ്ങനെ താങ്ങാനാകും. വാടയ്ക്കൽ അറപ്പപ്പൊഴി ദേവാലയത്തിലെ പ്രാർത്ഥനക്കു ശേഷം പറവൂർ സെന്റ് ജോസഫ് ഫെറോന പള്ളിയിൽ സംസ്‌കരിച്ചുകഴിഞ്ഞാലും സനേഹമോളുടെ ഓർമകൾക്ക് വിട പറയാൻ കഴിയില്ലല്ലോ. ഒരുതീരത്തിന്റെയാകെ ഉത്സാഹമാണ് സ്‌നേഹമോളുടെ വേർപാട് കെടുത്തി കളഞ്ഞത്.
അമിത വേഗം വില്ലനായി
അതേസമയം, അപകടം ഒഴിവാക്കാൻ കഴിയുന്നതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം, പുലർച്ചെ 6.30ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്നു വരുകയായിരുന്ന അൽഫോൻസയും അശ്വിനും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കിലും പിന്നീട് കെഎസ്ആർടിസി ബസിലും ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഉടനെ അൽഫോൻസയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന് കാരണം അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിംഗാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇതിനെ തുടർന്നു അശ്വിനെതിരെ ഐപി.സി 279, 334, 304എ വകുപ്പ് പ്രകാരം അശ്രദ്ധമായി വാഹനം ഓടിച്ചതിനും അപകടം വരുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ അശിൻ ആശുപത്രി വിട്ടെങ്കിലും അറസറ്റ് രേഖപ്പെടുത്താനാണു നീക്കം. നിലവിൽ മരണത്തിന്റെ ഷോക്കിലായതിനാലാണു ഉടൻ അറസ്റ്റ് രേഖപ്പെടുത്താത്തതെന്നും അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ എടുത്തിട്ടുള്ളതെന്നും കേസന്വേഷിക്കുന്ന മങ്കട സിഐ ഷിജോ സി. തങ്കച്ചൻ പറഞ്ഞു.
അപകടം എങ്ങനെയാണ് ഉണ്ടായത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാർത്ഥിനിയുടെ മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
വാഹനം ഓടിക്കുന്നതിനിടെ വന്ന വളവ് ശ്രദ്ധിക്കാതെ അശ്വിൻ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. വളവിൽ റോങ് സൈഡിൽ കയറിപ്പോയ ബൈക്ക് മറ്റുവാഹനങ്ങളിൽ ഇടിച്ചതോടെയാണു അപകടമുണ്ടായത്.
മറുനാടന്‍ മലയാളി ബ്യൂറോ