- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എവറസ്റ്റിന്റെയും എം ഡിഎച്ചിന്റെയും നാല് തരം കറിമസാലകളിൽ കാൻസർ ഉണ്ടാക്കുന്ന ചേരുവ
ന്യൂഡൽഹി: രണ്ടുപ്രമുഖ ഇന്ത്യൻ കറിമസാലപ്പൊടികളിലെ ചേരുവകൾ കാൻസർ ഉണ്ടാക്കുന്ന വില്ലന്മാരെന്ന് ഹോങ് കോങ്ങും, സിംഗപ്പുരും വിധിയെഴുതിയതോടെ കേന്ദ്രസർക്കാരും ജാഗ്രതാ നിർദ്ദേശം നൽകി. എം ഡി എച്ച്, എവറസ്റ്റ് എന്നീ പ്രശസ്ത ബ്രാൻഡുകളുടെ ചില ഉത്പന്നങ്ങളിലാണ് കാൻസറിന് കാരണമായേക്കാവുന്ന ചേരുവകൾ ഹോങ് കോങ്ങിലെയും സിംഗപ്പൂരിലെയും ഭക്ഷ്യ സുരക്ഷാ അഥോറിറ്റികൾ കണ്ടെത്തിയത്.
എല്ലാ മസാലപ്പൊടി നിർമ്മാതാക്കളുടെയും യൂണിറ്റുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ കേന്ദ്രസർക്കാർ ഭക്ഷ്യ സുരക്ഷാ കമ്മീഷണർമാർക്ക് നിർദ്ദേശം നൽകി. മൂന്നുനാലുദിവസത്തിനകം സാമ്പിൾ ശേഖരണം പൂർത്തിയാക്കും. എം ഡി എച്ചും, എവറസ്റ്റും മാത്രമല്ല, എല്ലാ കറിമസാസപ്പൊടി നിർമ്മാണ കമ്പനികളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കും. ലാബിൽ നിന്ന് 20 ദിവസത്തിനകം റിപ്പോർട്ട് വരുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
എന്താണ് പ്രശ്‌നം?
എം ഡി എച്ചിന്റെയും, എവറസ്റ്റിന്റെയും നാല് ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് ഹോങ്കോങ്, സിങ്കപ്പൂർ ഭക്ഷ്യസുരക്ഷാ അഥോറിറ്റികൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഈ നാല് ഉത്പന്നങ്ങളിൽ എഥിലിൻ ഓക്‌സൈഡിന്റെ സാന്നിധ്യം അനുവദനീയമായ പരിധി കടന്നതായി കണ്ടെത്തി. അന്താരാഷ്ട്ര കാൻസർ ഗവേഷണ ഏജൻസി, കാൻസർ ഉണ്ടാക്കുന്ന വസ്തുക്കളിൽ ഗ്രൂപ്പ് ഒന്നിൽ പെടുത്തിയിരിക്കുന്ന വസ്തുവാണ് എഥിലിൻ ഓക്‌സൈഡ്.
എം ഡി എച്ചിന്റെ മദ്രാസ് കറി പൗഡർ, സാമ്പാർ മസാല, കറി പൗഡർ എന്നിവയിലും എവറസ്റ്റിന്റെ ഫിഷ് കറി മസാലയിലുമാണ് കീടനാശിനിയായ എഥിലിൻ ഓക്‌സൈഡ് കണ്ടെത്തിയതെന്ന് ഹോങ്കോങ് സെന്റർ ഫോർ ഫുഡ് സേഫ്റ്റി അറിയിച്ചു. ഈ ഉത്പന്നങ്ങളുടെ വിൽപ്പന നിർത്താനും സ്റ്റോക്കുള്ളവ നീക്കം ചെയ്യാനും നിർദ്ദേശം നൽകി.
അതേസമയം, സിംഗപ്പൂർ ഫുഡ് ഏജൻസി എവറസ്റ്റിന്റെ ഫിഷ് കറി മസാല എഥിലിൻ ഓക്‌സൈഡിന്റെ അമിത സാന്നിധ്യം മൂലം തിരിച്ചുവിളിക്കാൻ ഉത്തരവിട്ടു. ഇറക്കുമതി ഏജന്റിനോട് ഈ ഉത്പന്നം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എം ഡി എച്ചും എവറസ്റ്റ് ഫുഡ്‌സും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
കീടനാശിനി ചേർത്തവർ വെള്ളം കുടിക്കും
ഇന്ത്യയിൽ ഭക്ഷ്യ ഉത്പന്നങ്ങളിൽ എഥിലിൻ ഓക്‌സൈഡ് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരം രാസവസ്തുക്കൾ ഇന്ത്യൻ മസാലപ്പൊടികളിൽ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും. ക്രിമിനൽ കേസെടുക്കാനും വകുപ്പുണ്ട്്, സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കി. സ്‌പൈസസ് ബോർഡിനോട് ഇക്കാര്യത്തിൽ ബോധവത്കരണം നടത്താനും സർക്കാർ നിർദ്ദേശിച്ചു. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ബ്രാൻഡുകളിൽ ഇതുവരെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്നും പതിവായി സാമ്പിളുകൾ പരിശോധിക്കുന്നുണ്ടെന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
എന്താണ് എഥിലിൻ ഓക്‌സൈഡ്?
സ്പൈസസ് ബോർഡ്, എഥിലിൻ ഓക്സൈഡിനെ '10.7 സെൽഷ്യസിനു മുകളിലുള്ള ചൂടിൽ കത്തുന്ന, നിറമില്ലാത്ത വാതകം' എന്ന് നിർവചിക്കുന്നു. ഇത് 'അണുനാശിനി, ഫ്യൂമിഗന്റ്, അണുനാശിനി, കീടനാശിനി എന്നിവ ആയി പ്രവർത്തിക്കുന്നു.
മെഡിക്കൽ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനും സുഗന്ധവ്യഞ്ജനങ്ങളിലെ സൂക്ഷ്മജീവികളുടെ മലിനീകരണം കുറയ്ക്കുന്നതിനും ഇത് പ്രധാനമായും ഉപയോഗിക്കുന്നു.
പ്രത്യാഘാതങ്ങൾ
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ (IARC) എഥിലീൻ ഓക്‌സൈഡിനെ 'ഗ്രൂപ്പ് 1 കാർസിനോജൻ' ആയി തരംതിരിക്കുന്നു, അതായത് 'മനുഷ്യരിൽ ഇത് ക്യാൻസറിന് കാരണമാകുമെന്ന് നിഗമനത്തിന് മതിയായ തെളിവുകൾ ഉണ്ട്.
കാർസിനോജന്റെ ഹ്രസ്വകാല സാന്നിധ്യം മനുഷ്യന്റെ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കാം. കണ്ണുകളിൽ അസ്വസ്ഥതയുണ്ടാക്കാം. ദീർഘകാല സാന്നിധ്യം കണ്ണുകൾ, ചർമ്മം, മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയ്ക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കുകുകയം, തലച്ചോറിനെയും നാഡീവ്യവസ്ഥയെയും തകരാറിലാക്കുകയും ചെയ്യാം.