കോഴിക്കോട്: മലയാള സാഹിത്യലോകത്തെ ഒരു മീ ടു ആരോപണം കൂടി കത്തിനിൽക്കയാണ്. പുരോഗമന പക്ഷത്ത് നിൽക്കുന്നുവെന്ന് അറിയപ്പെടുന്ന ഒരു അദ്ധ്യാപക കവി, ഒരു സെമിനാറിലേക്ക് ക്ഷണിച്ചുവരുത്തി ലൈംഗിക വേഴ്ചയിൽ ഏർപ്പെടാൻ ശ്രമിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോയാണ് സാഹിത്യമേഖലയെ പിടിച്ചു കുലുക്കുന്നത്. ഈ കവിക്കെതിരെ എഴുത്തുകാരി ഇന്ദുമേനോൻ ശക്തമായ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. സാഹിത്യമേഖലയിലും കാസ്റ്റിങ് കൗച്ച് എന്നാണ് അവർ പ്രതികരിച്ചത്. ഇപ്പോൾ പ്രസാധകയും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ എം എ ഷഹനാസ് ഇത്തരം പീഡനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കയാണ്.

നേരത്തെ കഥാകൃത്ത് വി ആർ സുധീഷ്, എഴുത്തുകാരൻ സിവിക്ക് ചന്ദ്രൻ, കവി ജയദേവൻ എന്നിവർക്കെതിരെ മീ ടു ആരോപണം ഉയർന്നിരുന്നു. സുധീഷിനും സിവിക്കിനുമെതിരെയുള്ള കേസുകൾ ഇപ്പോഴും തുടരുകയാണ്. അതിനുപിന്നാലെയാണ് സാഹിത്യലോകത്ത് പുതിയ ആരോപണം ഉണ്ടാവുന്നത്. കഴപ്പന്മാരായ കവികൾ മൂലം പെൺകുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നാണ് ഇന്ദുമേനോൻ പറയുന്നത്. ഇപ്പോൾ മീ ടു ആരോപണം ഉയർന്ന അദ്ധ്യാപക കവിയും, പുതിയ സാംസ്കാരിക പരിപാടികൾ നടത്തി സസുഖം കഴിയുകയാണ്.

കവിക്കെതിരെ നടപടിയില്ല

എം എ ഷഹനാസ് ഇങ്ങനെ എഴുതുന്നു. 'മീ ടു തന്നെയാണ്....സാഹിത്യമേഖലയിലെ മീടു...ഞാൻ നിന്നെ എന്ത് ചെയ്താലും എന്നെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്ന ആ വാക്കുകളാണ് ആ വോയിസ് ക്ലിപ്പിൽ എന്നെ ഏറ്റവും വേട്ടയാടപെട്ട വാക്കുകൾ... ഈ കാലത്ത് ഉള്ള, വലിയ വയസ്സ് ഒന്നുമില്ലാത്ത കവിയുടെ വാക്കുകൾ ആണിത്...കേരളത്തിലെ ഒരു ശരാശരി ആൺബോധം ആണിത്... അതും പേറി ഇവനൊക്കെ കവിതയും എഴുതി സർക്കാരിന്റെയും മറ്റു സാംസ്‌കാരിക സംഘടനകളുടെയും ഒക്കെ വലിയ ചുമതലകളും പേറി നടുക്കുന്നവനാണ് ഈ ടിയാൻ.....അതുകൊണ്ട് തന്നെ ചിലപ്പോൾ ഇയാൾക്ക് എതിരെ പ്രതികരിക്കാൻ പലർക്കും പേടിയായിരിക്കും.... അന്തസ്സ് ഉണ്ടെങ്കിൽ നിങ്ങളൊക്കെ പ്രതികരിക്കണം എന്ന് സാംസ്‌കാരിക നായകരോട് പറയാതെ വയ്യ...എഴുത്തുകാരി ഇന്ദു മേനോൻ ആണ് ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്ന ഒരാളെ ഞാൻ കണ്ടത്.''- ഇങ്ങനെ എഴുതിയ ശേഷമാണ് ഷഹനാസ് സാഹിത്യമേഖലയിലെ ലൈംഗിക ചൂഷണം വ്യക്തമാക്കുന്ന വീഡിയോ പങ്കുവെക്കുന്നത്.

'ഈ കവി പുകസയുടെ ജില്ലാ കമ്മിറ്റി അംഗമാണ്, സംഘം കവിതയുടെ കൺവീനറാണ്, തുമ്പ സെന്റ് സേവിയേഴ്സ് കോളജിലെ മലയാളം അദ്ധ്യാപകനാണ്, കമ്യൂണിസ്റ്റ് സർക്കാറിന്റെ ഭാഗമായി പല സാഹിത്യ പരിപാടികളും നടത്തുന്ന വ്യക്തിയാണ്. ഈ വോയ്സ് ക്ലിപ്പ് പുറത്തുവന്നിട്ടും സാംസ്കാരിക വകുപ്പ് നടത്തിയ പരിപാടിയിൽ ആ കവി ഉൾപ്പെട്ടിട്ടുണ്ട്. എന്താണ് സ്ത്രീകൾക്ക് കൊടുക്കുന്ന മാന്യതയെന്ന് ഗവൺമെന്റ് വ്യക്തമാക്കണം. ''- ഹഷനാസ് വീഡിയോയിൽ പറയുന്നു.

സാഹിത്യമേഖലയിലെ സ്ത്രീകളോട് എന്ത് ചെയ്താലും ചോദിക്കാനും പറയാനും ആരും വരില്ല എന്ന് ചൂണ്ടിക്കാട്ടുന്ന ഷഹനാസ് തനിക്ക് ഉണ്ടായ അനുഭവവും പറയുന്നു. 'ഇല്ലാത്ത ഒരുപരിപാടിക്ക് ക്ഷണിച്ച് കെണിയിലാക്കാൻ നോക്കിയ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് . കോവിഡ് കാലത്ത് ഒലിവ് പബ്ലിക്കേഷനിൽ ജോലിചെയ്യുമ്പോൾ മുംബൈയിൽ മൂന്ന് ദിവസത്തെ സാഹിത്യക്യാമ്പ് ഉണ്ടെന്ന് പറഞ്ഞാണ് ഒരാൾ വിളിച്ചത്. കോഴിക്കോട്ടെ മുതിർന്ന സാഹിത്യകാരൻ പറഞ്ഞിട്ടാണ് എന്നെ വിളിക്കുന്നതെന്നും, താൻ ഒരു ബിജെപി നേതാവാണെന്നും വിളിച്ചയാൾ പറഞ്ഞു. എന്നാൽ അത്രയും ദൂരം ഒറ്റക്ക് യാത്രചെയ്യാൻ വയ്യ എന്ന് പറഞ്ഞ് ആ ക്ഷണം നിരസിക്കയായിരുന്നു. പിന്നീടാണ് അറിഞ്ഞത്, അതിന്റെ മുഖ്യ ഉദ്ഘാടകൻ ഞാൻ നിയമപരമായി നേരിട്ടുകൊണ്ടിരിക്കുന്ന എഴുത്തുകാരനായിരുന്നു എന്നത്. എന്നെ മുബൈയിൽ എത്തിക്കാൻ അയാൾ നടത്തിയ ശ്രമം ആയിരുന്നു അത്്.''- ഷഹനാസ് ചൂണ്ടിക്കാട്ടുന്നു.

സാഹിത്യത്തിലും കാസ്റ്റിങ് കൗച്ച്

ഇത്തരം പരിപാടി കേരളത്തിന്റെ സാംസ്കാരിക മേഖലയിൽ പതിവാണെന്നാണ് എഴുത്തുകാരി ഇന്ദുമേനോൻ പറയുന്നത്. 'സിനിമയിൽ കാസ്റ്റിങ് കൗച്ച് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ സംഗതി സാഹിത്യത്തിലും ഒറ്റയ്ക്കും തെറ്റയ്ക്കുമാണ് കണ്ടുവന്നിരുന്നത്. പക്ഷേ ഇപ്പോൾ അത് വ്യാപകമായിട്ടുണ്ട്. കൺസെന്റ് ഇല്ലാതെ സ്ത്രീകളുടെ ശരീരത്തിൽ സ്പർശിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നത് പുസ്തകം പ്രസിദ്ധീകരിക്കാം, കവിത അച്ചടിക്കാം, മ്യൂസിയത്തിന്റെ ഡയറക്ടർ ആക്കാം, വിദേശ ഫെസ്റ്റിവലുകളിൽ ഉൾപ്പെടുത്താം, ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ അതിഥികളായി അവസരം നൽകാം, അവാർഡുകൾ തരപ്പെടുത്തി നൽകാം തുടങ്ങി പലവിധ ഓഫറുകൾ മുമ്പോട്ട് വെച്ചുള്ള പ്രലോഭനങ്ങളിലൂടെയാണ്''- ഇന്ദുമേനോൻ തന്റെ ഫോസ്ബുക്ക് പോസ്റ്റിൽ തുറന്നടിക്കുന്നു.

ഈ പോസ്റ്റ് സാഹിത്യലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനെ യുവധാരയുടെ ഫെസ്റ്റിവലുമായി കൂട്ടിക്കെട്ടേണ്ടതില്ല. ഈ സംഭവം നടക്കുന്നത് ഴവെലോപ്പള്ളി സംസ്‌കൃതി ഭവനിൽ വച്ചാണ് എന്നും ഇന്ദുമേനോൻ തന്റെ വിവാദ പോസ്റ്റിന്റെ അവസാനം പറയുന്നുണ്ട്. കഴപ്പന്മാരായ കവികളെ സുക്ഷിക്കുക എന്ന പോസ്റ്റിൽ ഇന്ദുമേനോൻ ഇങ്ങനെ കുറിക്കുന്നു. 'സാഹിത്യത്തിനകത്ത് കവികളെന്ന നല്ല ഒന്നാന്തരം കഴപ്പന്മാരെക്കൊണ്ട് സ്ത്രീകൾക്കും പ്രത്യേകിച്ച് പെൺകുട്ടികൾക്കും ജീവിക്കാൻ വയ്യാത്ത അവസ്ഥ സംജാതമായിരിക്കയാണ്. നക്സലിസവും നാടകവും ജ്യോതിഷവും ബാലസാഹിത്യവും പ്രമുഖരാഷ്ട്രീയക്കാരുമായുള്ള ആത്മബന്ധവും സമ ചേർത്ത് ഈ പരനാറിക്കൂട്ടങ്ങൾ നിലാനടത്തം നടത്തുകയും പോണപോക്കിൽ സ്ത്രീപഢനം തരമാക്കുകയും ചെയ്യുന്നു. പുസ്തകം പ്രസിദ്ധീകരിക്കാൻ വേണ്ടി ഉള്ള ചർച്ചയ്ക്ക് വരണം എന്ന് ആവശ്യപ്പെട്ട് സ്വന്തം പൈസയ്ക്ക് മുറിയെടുത്ത് പെൺകുട്ടികളെ കൊണ്ടു വന്നു പീഡിപ്പിക്കുന്ന മഹാവേന്ദ്രന്മാരുടെ കാലമാണിത്.
ഉറങ്ങിക്കിടക്കുന്നവരെ ഉമ്മവെയ്ക്കുക, പെൺകുട്ടികളെ കയറിപ്പിടിക്കുക ബലാത്കാരം ചെയ്യുക, ഉമ്മോണിങ് ഉംനൈറ്റിനു ശേഷം ചുക്കാണി പടം ഒരു അവാർഡായി അയച്ചുകൊടുക്കുക, നിന്നെ ഞാൻ റേപ്പ് ചെയ്യാതെ വിട്ടില്ലെ എന്നു വീരസ്യം പറയുക തുടങ്ങി കവികളുടെ ലിംഗവിശപ്പു കാരണം മലയാള സാഹിത്യ ലോകത്ത് നിന്നും സ്ത്രീകൾക്ക് ഓടിപ്പോകേണ്ടി വരുന്ന ഒരവസ്ഥ സംജാതമാണ്.

ഇപ്പോൾ ഇതിന്റെ അപ്ഗ്രേഡഡ് വേർഷനായി പുതിയ ഒരു ഐറ്റം ഇറങ്ങിയിട്ടുണ്ട്. ''ബലാത്സംഗത്തിൽ നിന്നും നിന്നെ ഞാൻ വെറുതെ വിട്ടു'' എന്ന് അനുമതിയില്ലാതെ ഒരു പെൺകുട്ടിയെ കയറിപ്പിടിച്ച ശേഷം പറയുന്ന കവിയുടെ ധാർഷ്ട്യം ആണത്. പല പല വോയിസ് മെസ്സേജുകൾ ആയി നമ്മളിൽ മേൽ കടൽക്കവിയുടെ സംഭാഷണം സാമൂഹ്യമാധ്യമങ്ങളിൽ ഉഷാറായി പാറി നടക്കുകയാണ്.ആ വോയിസ് സംഭാഷണത്തിൽ ഉടനീളം ധ്വനിക്കുന്ന ആക്രമണോത്സുകമായ ആണഹന്ത നമ്മളെ അറപ്പിക്കും.ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഇത്രയും അധാർമികമായി എങ്ങനെ പെരുമാറുന്നു എന്ന് അത്ഭുതം തോന്നും.''- ഇന്ദുമേനോൻ തുറന്നടിക്കുന്നു. ഇത്തരം പോസ്റ്റുകളും, വോയിസ്‌ക്ലിപ്പുകളും വൈറലായിട്ടും പീഡക കവിക്ക് യാതൊരു കുഴപ്പവും വന്നിട്ടില്ല. അയാക്കെതിരെ ആരും പരാതി കൊടുത്തിട്ടില്ല. സംസ്ഥാന സർക്കാറിന്റെ വിവിധ പരിപാടികളിൽ ഇപ്പോഴും ഇയാൾ നിർബാധം പങ്കെടുക്കുന്നുണ്ട്.