- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭപാത്രത്തോട് ചേർന്ന മുഴ നീക്കം ചെയ്ത സർജറിയെ തുടർന്നു രോഗി മരിച്ചു; മഞ്ചേരി പ്രശാന്തി ആശുപത്രിയും ഡോക്ടറും 10.80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി; ചികിത്സയിൽ വീഴ്ച വരുത്തിയെന്നും കമ്മീഷൻ
മലപ്പുറം: ഗർഭപാത്രത്തോട് ചേർന്ന മുഴ നീക്കം ചെയ്ത സർജറിയെ തുടർന്നു രോഗി മരിക്കാനിടയായ സംഭവത്തിൽ മഞ്ചേരി പ്രശാന്തി ആശുപത്രിയോടും ഡോക്ടറോടും 10,80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷന്റെ വിധി. വയറു വേദനയെ തുടർന്ന് ഡോക്ടറെ കാണുകയും പരിശോധനയിൽ ഗർഭപാത്രത്തോട് ചേർന്ന് സിസ്റ്റ് കണ്ടെത്തുകയും ഓപ്പറേഷനിലൂടെ നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
2011 ഫെബ്രുവരി ഏഴിന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ 2011 ഫെബ്രുവരി എട്ടിന് വൈകീട്ട് ലാപ്രോസ്കോപിക് സർജറിക്ക് വിധേയമാക്കി. സർജറി സങ്കീർണമായതിനെ തുടർന്ന് വയറു തുറന്നുള്ള സർജറിയാക്കി മാറ്റി. രോഗിയുടെ നില മെച്ചപ്പെടാതിരുന്നതിനാൽ 2011 ഫെബ്രുവരി 10ന് വീണ്ടും ഓപ്പറേഷൻ നടത്തേണ്ടതുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് രോഗിയെ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു കൊണ്ടുള്ള കത്താണ് എതിർകക്ഷി നൽകിയത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടെന്ന് എതിർ കക്ഷി പറഞ്ഞതിനാൽ രോഗിയുടെ ചികിത്സ അവിടേക്ക് മാറ്റി. അന്നു തന്നെ പെരിന്തൽമണ്ണ ആശുപത്രിയിൽ സർജറിയും നടത്തി. എന്നാൽ ചികിത്സകൾ ഫലിക്കാതെ 2011 ഫെബ്രുവരി 18ന് രോഗി മരണപ്പെട്ടു.
തുടർന്നാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. എതിർ കക്ഷി അശ്രദ്ധമായി ഓപ്പറേഷൻ നടത്തിയതിനാലാണ് തന്റെ ഭാര്യ മരിക്കാനിടയായതെന്നും 19 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. അശ്രദ്ധമായി സർജറി നടത്തിയതിനാൽ രോഗിയുടെ പ്രധാന രക്തകുഴലിന് ഗുരുതരമായ മുറിവ് പറ്റിയെന്നും അത് ചികിത്സാ രേഖകളിൽ നിന്നും മറച്ചുവെച്ചുവെന്നും ശരീരത്തിൽ നിന്നും രക്തം വാർന്നു പോകുന്നത് കണ്ടെത്താത്തതിനാൽ ശരിയായ ചികിൽസ യഥാസമയം നൽകുന്നതിൽ കാലതാമസമുണ്ടായി എന്നും പരാതിക്കാരൻ അറിയിച്ചു.
എന്നാൽ ആധുനിക വൈദ്യശാസ്ത്രം അനുശാസിക്കുന്ന വിധത്തിലുള്ള ശരിയായ ചികിൽസ നൽകിയിട്ടുണ്ടെന്നും ചികിത്സയിലോ സേവനത്തിലോ വീഴ്ചയുണ്ടായിട്ടില്ലെന്നും ചികിത്സ ഫലിക്കാതെ രോഗി മരണപ്പെടുന്നത് ഡോക്ടറുടെ വീഴ്ചയായി കാണാനാവില്ലെന്നും എതിർ കക്ഷികൾ ബോധിപ്പിച്ചു. കമ്മീഷൻ മുമ്പാകെ വിചാരണ ചെയ്തവരുടെ മൊഴികളും രേഖകളും പരിശോധിച്ച കമ്മീഷൻ എതിർകക്ഷികളുടെ ഭാഗത്തു നിന്നും വീഴ്ച വന്നിട്ടുണ്ടെന്നും പരാതിക്കാരന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കണ്ടെത്തി.
നഷ്ടപരിഹാരമായി ചികിത്സാ ചെലവ് ഉൾപ്പെടെ 10,80,000 രൂപയും കോടതി ചെലവായി 25,000 രൂപയും നൽകണമെന്നാണ് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ വിധി. ഒരു മാസത്തിനകം വിധി നടപ്പാക്കാത്ത പക്ഷം വിധി സംഖ്യക്ക് ഒൻപത് ശതമാനം പലിശയും വിധിയായ ദിവസം മുതൽ നടപ്പാക്കുന്നതു വരെ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്