കോഴിക്കോട്: എന്‍ഐഎ അന്വേഷണം നേരിടുന്ന, മലബാറിലെ പ്രഭാത വ്യായാമക്കൂട്ടായ്മയായ മെക്് സെവനില്‍നിന്ന് വ്യാപക കൊഴിഞ്ഞുപോക്ക്. ഈ കൂട്ടായ്മക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും അജണ്ടകള്‍ ആണെന്ന് വാര്‍ത്തകള്‍ പുറത്തുവരികയും, സിപിഎമ്മും എ പി വിഭാഗം സുന്നികളും ഇതിനെതിരെ ശക്തമായി രംഗത്ത് എത്തുകയും ചെയ്തതോടെയാണ്, കൂട്ടായ്മയില്‍നിന്ന് വന്‍ തോതില്‍ കൊഴിഞ്ഞുപോക്കുണ്ടാവുന്നത്. ഇതിനായി രൂപീകരിച്ച വാടസാപ്പ് കൂട്ടായ്മകളില്‍നിന്നൊക്കെ ഇപ്പോള്‍ കൂട്ടത്തോടെ ആളുകള്‍ ലെഫ്റ്റടിക്കയാണ്. മുമ്പ് നൂറുപേരെവെച്ചൊക്കെ നടത്തിയ പ്രഭാത പരിപാടികളില്‍ ഇപ്പോള്‍ ഇരുപതുപേര്‍പോലും ഇല്ലാത്ത അവസ്ഥയാണ്.

എന്നാല്‍ മെക് സെവന്‍ അത്തരത്തിലൊരു സംഘടനയല്ലെന്നും തങ്ങള്‍ക്ക് യാതൊരു വിധ അജണ്ടകളും ഇല്ലെന്നും, ജാതിമതഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാമെന്നുമൊക്കെ ഈ സംഘടനയുടെ ജില്ലതല ഭാരവാഹികള്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതമൗലികവാദ സംഘടകള്‍ ഹൈജാക്ക് ചെയ്ത്, ഒരു 'ഹലാല്‍ വ്യായാമം' എന്ന രീതിയില്‍ ഈ എക്സൈര്‍സൈസിനെ ദുരുപയോഗം ചെയ്യുന്നുണ്ട്. യോഗയില്‍ ഹിന്ദുമതത്തിന്റെ പല ആത്്മീയ ഘടകങ്ങളും വരുന്നതിനാല്‍ ഹറാമാണെന്നും, അതിനാല്‍ ഇതിലേക്ക് വരണമെന്നും ഇവര്‍ രഹസ്യമായി കാമ്പയിന്‍ നടത്തുന്നതായി അനുഭവസ്ഥര്‍ പറയുന്നുണ്ട്.

മുമ്പൊക്കെ രാവിലെ മതപഠന ക്ലാസുകള്‍ എടുത്തുകൊണ്ടായിരുന്നു, ജമാഅത്തെയും, പോപ്പുലര്‍ ഫ്രണ്ടുമൊക്കെ തങ്ങളുടെ സംഘടനയിലേക്ക് ആളെ കൂട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മതവിമര്‍ശനവും, എക്സ് മുസ്ലീം മൂവ്മെന്റും വ്യാപകമായതോടെ, മതപഠന ക്ലാസുകളിലേക്ക് പഴയതുപോലെ ആളുകളെ കിട്ടാതായി. അപ്പോള്‍ കണ്ടെത്തിയ ഒരു പോംവഴിയാണ് വ്യായാമ കൂട്ടായ്മ എന്നാണ് വിമര്‍ശനം. ഇതിനെതിരെ കേന്ദ്ര ഏജന്‍സികള്‍ പരിശോധനയിലാണ്. ഇതിനിടെ സിപിഎം നിലപാടില്‍ മയം വരുത്തുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക ഭീകരസംഘടനയായ നാദാപുരം ഡിഫന്‍സ് ഫോഴ്സിന്റെ തുടക്കവും ഒരു വ്യായാമകൂട്ടായ്മ എന്ന രീതിയില്‍ ആയിരിന്നു. പിന്നീട് ഇതില്‍നിന്ന് ചോരത്തിളപ്പുള്ളവരെ നോക്കി വെട്ടാനും കുത്താനും റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇതേ അവസ്ഥതന്നെ, മെക് സെവനും ഭാവിയില്‍ വന്നുചേരും എന്നാണ് വിമര്‍ശകര്‍ പറയുന്നത്. വ്യായാമത്തിലുടെ രൂപപ്പെടുന്ന സൗഹൃദവും, ബന്ധവും ചൂഷണം ചെയ്ത് മതമൗലികവാദ സംഘടനകള്‍ പുതിയ ഒരു നെറ്റ്വര്‍ക്ക് രൂപപ്പെടുത്തിയെടുക്കും എന്നാണ് വിമര്‍ശനം. സ്ത്രീകളെ മാത്രം ലക്ഷ്യമിട്ട് വ്യായാമകൂട്ടായ്മ ഒരുക്കാനും സംഘടനക്ക് പരിപാടിയുണ്ടായിരുന്നു.

മലബാര്‍ മേഖലയില്‍ മെക് സെവന്‍ പ്രവര്‍ത്തനം വ്യാപകമാകുന്നതായും പിന്നില്‍ മതമൗലികവാദികള്‍ ആണെനും സിപിഎം ആരോപിച്ചിരുന്നു. മെക് സെവന് പിന്നില്‍ മതരാഷ്ട്രവാദികളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനന്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴതില്‍ ചെറിയ തിരുത്ത് മോഹനന്‍ വരുത്തുകയാണ്. മെക് സെവന്‍ വാട്‌സപ്പ് കൂട്ടായ്മയുടെ അഡ്മിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നവരാണെന്ന് വ്യക്തമായിരുന്നതായി മോഹനന്‍ പറഞ്ഞു. മെക് സെവനെതിരെ സമസ്ത എ.പി വിഭാഗവും രംഗത്തെത്തിയിരന്നു.

മെക് സെവന് പിന്നില്‍ ചതിയെന്നും, അതില്‍ സുന്നികള്‍ പെട്ടുപോകരുതെന്നും സമസ്ത എ.പി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പറഞ്ഞിരുന്നു. എന്നാല്‍ ആരോപണം തള്ളുകയാണ് മെക് സെവന്‍ സ്ഥാപകന്‍ സ്വലാഹുദീന്‍. എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്നതാണ് കൂട്ടായ്മ എന്നാണ് വിശദീകരണം. എന്താണ് മെക് സെവന്‍ കൂട്ടായ്മ ഇന്ത്യന്‍ പാരാമിലിറ്ററി സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി സലാഹുദ്ദീന്‍ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ് മെക് 7 അഥവാ മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍. സ്വന്തം നാട്ടുകാരുടെ ജീവിതശൈലീരോഗങ്ങള്‍ക്കുള്ള പരിഹാരം എന്ന നിലയില്‍ വ്യായാമ മുറകള്‍ക്കായി സലാഹുദ്ദീന്‍ നാട്ടില്‍ 2012 ലാണ് മെക് സെവന്‍ തുടങ്ങുന്നത്.

2022 മുതല്‍ പുതിയ ശാഖകള്‍ ആരംഭിച്ച മെക് 7 മലബാറില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം യൂണിറ്റുകളായി വളര്‍ന്നു. പക്ഷേ ഇപ്പോള്‍ വിവാദം ഉണ്ടായതോടെ മെക് സെവനില്‍നിന്ന് വലിയ കൊഴിഞ്ഞപോക്കാണ് ഉണ്ടാവുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി മോഹനന്റെ പുതിയ വിശദീകരണം ചുവടെ

മെക് സെവനെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. മെക് സെവനെതിരെ സിപിഐഎം വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകള്‍ വഴി തിരിച്ചു വിടരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യായാമമുറ ശീലിക്കുന്നത് രോഗമുക്തിക്ക് നല്ലതാണെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും പി മോഹനന്‍ പറഞ്ഞു. പൊതു വേദികളില്‍ ജമാഅത്തെ ഇസ്ലാമി, സംഘപരിവാര്‍, പോപ്പുലര്‍ ഫ്രണ്ട് എന്നിവര്‍ നുഴഞ്ഞു കയറുന്നു. ഗൂഢ അജണ്ടയ്ക്ക് അത്തരം വേദികള്‍ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. മതനിരപേക്ഷ ഉള്ളടക്കം തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. ചിലയിടങ്ങളില്‍ അത്തരക്കാര്‍ പരിശ്രമം നടത്തുന്നതാണ് സംശയം വരാന്‍ കാരണം. വ്യത്യസ്ത മത വിശ്വാസികള്‍ മതനിരപേക്ഷ മനസ്സുള്ളവരാണ്. അവരെ തങ്ങള്‍ക്ക് ഒപ്പം നിര്‍ത്താന്‍ വര്‍ഗീയ ശക്തികള്‍ ശ്രമം നടത്തും. ഏതെങ്കിലും മതത്തിനെ പരാമര്‍ശിച്ചിട്ടില്ലെന്നും എല്ലാ വര്‍ഗീയതയേയും ചെറുക്കുമെന്നും പി മോഹനന്‍ പറഞ്ഞു. മലബാറില്‍ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് സെവനില്‍ തീവ്രവാദ ശക്തികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസം പി മോഹനന്‍ നടത്തിയ പ്രസ്താവന. സിപിഐഎം ജില്ലാ സെക്രട്ടറിയെ തള്ളി മുന്‍ മന്ത്രി അഹമദ് ദേവര്‍ കോവില്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗും സമാന നിലപാടാണ് മുന്നോട്ട് വെച്ചത്. അതേസമയം എ പി വിഭാഗം സമസ്തയുടെയും സിപിഐഎമ്മിന്റെയും നിലപാടുകളെ പൂര്‍ണ്ണമായും തള്ളുകയാണ് മെക് സെവന്‍. എല്ലാജാതി മതസ്ഥരും കൂട്ടായ്മയുടെ ഭാഗമാണെന്നും മതപരമായ ഒന്നും കൂട്ടായ്മയില്‍ ഇല്ലെന്നുമാണ് വിശദീകരണം.