- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവസാന നിമിഷം ഗോളിന് ശ്രമിച്ചപ്പോൾ സമയം തീർന്നുപോയി'; അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല; മെസിയുടെ ഫോട്ടോ വെച്ചതൊക്കെ അവർ ചീത്തയാക്കി; നാളെ അവർടെ കളി ഉണ്ടല്ലോ കാണാം; ബ്രസീൽ തോൽക്കുമ്പോൾ പടക്കം പൊട്ടിച്ചാഘോഷിക്കുമെന്ന് മെസി ആരാധിക
തിരൂർ:സൗദി അറേബ്യയോട് ഉണ്ടായ അപ്രതീക്ഷിത തോൽവിയിൽ ലോകമെമ്പാടുമുള്ള അർജന്റീനൻ ആരാധകരും മെസ്സിയുടെ ഫാൻസുമെല്ലാം അതീവ ദുഃഖത്തിലാണ്.ആരാധകരുടെ വിഷമവും അതിനെ ട്രോളിയുള്ള എതിരാളികളുടെ പോസ്റ്റുകളുമായി കഴിഞ്ഞ ദിവസമാകെ സോഷ്യൽ മീഡിയയും ചർച്ചയിലായിരുന്നു.അതിനിടയിലാണ് തിരൂരിൽ നിന്നുമുള്ള ഒരു കൊച്ച് മെസ്സി ആരാധികയുടെ വീഡിയോ വൈറലായത്. തോൽവിയിൽ ബ്രസീൽ ആരാധാരോട് പൊട്ടിത്തെറിച്ച കൊച്ചുമിടുക്കിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.ലയണൽ മെസിയെ പറഞ്ഞപ്പോൾ തനിക്ക് സഹിച്ചില്ലെന്നും അതാണ് താൻ പൊട്ടിത്തെറിക്കാൻ കാരണമായതെന്നും ആരാധികയായ തിരൂർ മംഗലം സ്വദേശി ബാബുവിന്റെ മകൾ ലുബ്ന ഫാത്തിമ പറഞ്ഞു.
ആരാധികയുടെ വീറും വാശിയും നിറഞ്ഞ വീഡിയോ അർജന്റീന ഫാൻസ് ക്ലബിൽ അടക്കം തരംഗമായിരുന്നു.അർജന്റീനയുടെ ജഴ്സി അണിഞ്ഞ കൂട്ടുകാരിയും ലുബ്നയ്ക്കൊപ്പം വീഡിയോയിലുണ്ട്.അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല.മെസിയുടെ ഫോട്ടോ വെച്ചതൊക്കെ ആരാധകർ ചീത്തയാക്കിയെന്നും,അതൊന്നും തനിക്ക് സഹിച്ചില്ലെന്നും ലുബ്ന പറയുന്നു.മംഗലം എ എൽപി സ്കൂളിലെ വിദ്യാർത്ഥിയാണ് ലുബ്ന.ഇനിയുള്ള രണ്ടുകളിയും അർജന്റീന ജയിക്കും.ഇന്നലത്തെ കളി അർജന്റീന തോറ്റപ്പോൾ ഒരുപാട് പേര് കളിയാക്കി അതുകൊണ്ട് തന്നെ അടുത്ത മത്സരങ്ങളിൽ വിജയിച്ച് ഞങ്ങൾ തിരിച്ചുവരും.ആദ്യമൊക്കെ താൻ ക്രിസ്റ്റ്യാനോ ഫാനായിരുന്നു.പിന്നീട് മെസി ഗോൾ അടിക്കുന്നത് കണ്ട് അങ്ങോട്ട് മാറിയതാണെന്നും ലുബ്ന പറയുന്നു.
തന്റെ കൂടെ വേറെയും അർജന്റീന ആരാധകരുണ്ടായിരുന്നു.ബ്രസീൽ ആരാധകർ കൂകി വിളിച്ചതോടെ സഹിക്കാനാവാതെ അവരെല്ലാം വീട്ടിൽ പോയെന്നും ലുബ്ന വ്യക്തമാക്കി. ഒരുപാട് പേർ മെസി തോറ്റെന്ന് പറഞ്ഞ് കരഞ്ഞിരുന്നു. അപ്പോൾ എനിക്കും സഹിച്ചില്ല. കളി കാണുന്നിടത്തുള്ള കുറേ പേർ മെസിയെ തെറി വിളിച്ചിരുന്നു.
അത് കണ്ടപ്പോൾ നെയ്റിനെയും താൻ ഒരുപാട് കുറ്റം പറഞ്ഞുവെന്നും അർജന്റീന ആരാധിക വ്യക്തമാക്കി. അവസാന ഗോൾ അടിക്കാൻ വേണ്ടി ഞങ്ങൾ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് സമയം തീർന്ന് പോയതെന്നും ലുബ്ന പറഞ്ഞു. അടുത്ത ദിവസം തന്നെ ബ്രസീലിന്റെ കളിയുണ്ട്.അവർ തോൽക്കട്ടെ.ബ്രസീലിന്റെ തോൽവി പടക്കം പൊട്ടിച്ച് ആഘോഷിക്കാനാണ് ലുബ്നയുടെയും കൂട്ടുകാരുടേയും തീരുമാനം.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൗദി അറേബ്യയോടായിരുന്നു അർജന്റീനയുടെ പരാജയം.36 മത്സരങ്ങളിൽ അജയ്യരായി കുതിപ്പ് തുടർന്ന് അർജന്റീനയെ ലോകകപ്പ് വേദിയിൽ തോൽപ്പിച്ചായിരുന്നു സൗദി അറേബ്യ ഖത്തറിൽ അരങ്ങേറിയത്.ചരിത്രത്തിലെ തന്നെ അട്ടിമറി ജയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സൗദിയുടെ വിജത്തിൽ ഏറ്റവും നിർണായകമായത് ഗോൾകീപ്പർ അൽ ഉവൈസിന്റെ പ്രകടനവും സൗദി പ്രതിരോധ നിരയുടെ മികവുറ്റ നീക്കങ്ങളുമായിരുന്നു.മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനക്കെതിരായ സൗദിയുടെ ഐതിഹാസിക വിജയം.
മറുനാടന് മലയാളി ബ്യൂറോ