ണ്ടാഴ്ച മുമ്പ് യൂറോപ്യൻ യൂണിയനിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോൾ, പല രാജ്യങ്ങളിലും വൻ ഭൂരിപക്ഷം നേടിയ, തീവ്ര വലതുപക്ഷ പാർട്ടികളുടെ പ്രഖ്യാപിത നയങ്ങളിൽ ഒന്നായിരുന്നു കുടിയേറ്റ വിരുദ്ധത. ശക്തമായ മണ്ണിന്റെ മക്കൾ വാദം പറഞ്ഞാണ് ഇറ്റലി, ആസ്ട്രിയ, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിലെല്ലാം തീവ്ര വലതുപക്ഷം വൻ നേട്ടമുണ്ടാക്കിയത്. അപ്പോഴും സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്, കുടിയേറ്റം എന്നത് ഒരു അനിവാര്യത കൂടിയാണ് എന്നാണ്. കാരണം യൂറോപ്പിൽ ആരോഗ്യമേഖലയിലും സർവീസ് സെക്ടറിലും മാത്രമല്ല, അടിസ്ഥാനപരമായ കാർഷിക മേഖലയിൽപോലും പുറത്തുനിന്ന് എത്തിയവരാണ് വലിയ റോൾ വഹിക്കുന്നത്. അന്യരാജ്യത്തൊഴിലാളികൾ ഇല്ലെങ്കിൽ യൂറോപ്പിന്റെ സാമ്പത്തിക രംഗം താറുമാറാവുമെന്നും നിരീക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലുള്ള വാർത്തകളാണ് യൂറോപ്യൻ രാജ്യമായ ഗ്രീസിൽ നിന്ന് വരുന്നത്.

യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ പോലെ വാർധക്യത്തിലെത്തിയവരുടെ എണ്ണം ഗ്രീസിൽ ഉയരുകയാണ്. തൊഴിലെടുക്കാൻ ശേഷിയുള്ളവരുടെ സംഖ്യ കുറഞ്ഞു വരുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് യുവാക്കളുടെ കൊഴിഞ്ഞുപോക്കാണ്. ബൾഗേറിയയും ഇറ്റലിയും ജർമ്മനിയും അമേരിക്കയും അടക്കമുള്ള കൂടുതൽ സമ്പന്നമായ രാജ്യങ്ങളിലേക്ക് ചെറുപ്പക്കാർ കുടിയേറുന്നത് ഗ്രീസിനെ വലുതായി ബാധിക്കുന്നുണ്ട്. 2009-ൽ തുടങ്ങി വർഷങ്ങളോളം നീണ്ടുനിന്ന സാമ്പത്തിക പ്രതിസന്ധി ഗ്രീസിന്റെ സമ്പദ്വ്യവസ്ഥയെ തകിടംമറിച്ചിരുന്നു. എന്നാൽ ടൂറിസവും വിനോദസഞ്ചാരവുമൊക്കെയായി ഗ്രീസ് പഴയ അവസ്ഥ തിരിച്ചുവന്നിരിക്കയാണ്. അപ്പോഴാവട്ടെ കാർഷിക മേഖലയിൽ അടക്കം തൊഴിലെടുക്കാൻ ആളകളും ഇല്ലാതായി.

വിളവെടുപ്പ് അവതാളത്തിൽ

തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതോടെ തോട്ടങ്ങളിൽ വിളവെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അവതാളത്തിലായി. കാർഷികമേഖലയിലേക്ക് കൂടുതൽ തൊഴിലാളികളെ എത്തിക്കുന്നതിനായി വീസ നിയന്ത്രണങ്ങളിൽ ഇളവു വരുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 1.8 ലക്ഷം തൊഴിലാളികളെ അടിയന്തിരമായി വേണമെന്നാണ് കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതോടെ കർഷകർക്കും ഗ്രീസിന്റെ സമ്പദ്വ്യവസ്ഥയ്ക്കും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

തൊഴിലാളിക്ഷാമം മറികടക്കാൻ ഈജിപ്തിൽ നിന്ന് 5,000 തൊഴിലാളികളെ കൊണ്ടുവരാൻ ഗ്രീസ് കരാറിലൊപ്പിട്ടിരുന്നു. കൂടുതൽ തൊഴിലാളികളെ എത്തിക്കാൻ വീസ നിയന്ത്രണങ്ങളിൽ ഇളവു വേണമെന്നാണ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നത്. ഈ വർഷം 1.5 ലക്ഷം റെസിഡന്റ്‌സ് പെർമിറ്റ് അനുവദിക്കാനാണ് ഗ്രീസ് ലക്ഷ്യമിടുന്നത്. അനധികൃത കുടിയേറ്റക്കാർക്ക് തൊഴിലാളി ക്ഷാമമുള്ള മേഖലകളിൽ വർക്ക് പെർമിറ്റ് നൽകാൻ കഴിഞ്ഞ വർഷം സർക്കാർ തീരുമാനിച്ചിരുന്നു. ഇതുപോലെ മറ്റുരാജ്യങ്ങളിൽനിന്നും തൊഴിലാളികളെ എടുക്കാനും തീരുമാനമുണ്ട്.

ഇസ്ലാം പേടി ബാക്കി

പക്ഷേ ഈ തീരുമാനത്തിനെതിരെ വിമർശനവും വരുന്നുണ്ട്. ഇറ്റലിയിലെ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് അടക്കം ഇത് തീരെ ഇഷ്ടമായിട്ടില്ല. ഈജിപ്തുകാരെ എടുത്താൽ അവർ വഴി ഇസ്ലാമിക തീവ്രവാദവും യൂറോപ്പിലെത്തുമെന്നാണ് മെലോണിയുടെ വാദം. തുർക്കിയിൽനിന്നുള്ള ഇസ്ലാമിനെ അധിനിവേശം അയൽ രാജ്യമായ ഗ്രീസിൽ ഉണ്ടെന്ന് നേരത്തെ ആരോപണമുണ്ട്. വലിയതോതിലുള്ള കുടിയേറ്റം നടക്കണമെങ്കിൽ യൂറോപ്യൻ യൂണിയന്റെ കൂടി സമ്മതം വേണമെന്ന് വ്യവസ്ഥയുണ്ട്.

അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെയും, മാനവികതയുടെയും കേന്ദ്രമായി അറിയപ്പെട്ടുകൊണ്ടിരുന്ന യൂറോപ്പ് ഇന്ന്, അതിതീവ്ര വലതുപക്ഷത്തിന്റെ പിടിയിലാവുന്നതിന്റെ കാഴ്ചകളാണ് ലോകം കണ്ടത്. ഇതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു, ഇന്ത്യ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടക്കുന്ന, യൂറോപ്യൻ യൂണിയൻ പാർലമെന്റിലേക്കുള്ള ഇലക്ഷനിൽ കണ്ടത്. യാഥാസ്ഥിതിക ശക്തികളും, തീവ്ര വലതുപക്ഷ ശക്തികളും ഈ ഇലക്ഷനിൽ വമ്പൻ നേട്ടമുണ്ടാക്കിയത് ലോകത്തെ ഞെട്ടിച്ചിരിക്കയാണ്. ഇറ്റലി, ആസ്ട്രിയ, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിലെല്ലാം തീവ്ര വലതുപക്ഷം വൻ നേട്ടമുണ്ടാക്കി. എന്നാൽ ഹംഗറിയിൽ 14 വർഷമായി ഭരിക്കുന്ന പ്രധാനമന്ത്രി വിക്ടർ ഒബാന്റെ തീവ്ര വലതുപക്ഷ കക്ഷിയായ, 'ഫിഡ്സ്' തോറ്റതാണ്, ലിബറൽ ചിന്തയുള്ളവരെ സംബന്ധിച്ച ഏക ആശ്വാസം.



പക്ഷേ, തീവ്രവലതുപക്ഷ കക്ഷികൾ നിർണ്ണായക മുന്നേറ്റം നടത്തിയതിനാൽ ഇനി യൂറോപ്യൻ യൂണിയന്റെ നയങ്ങൾ മാറുമെന്നും ആശങ്കയുണ്ട്. പക്ഷേ ഇന്ത്യ ഗ്രീസുമായും, മിക്ക യൂറോപ്യൻ രാജ്യങ്ങളുമായി നല്ല ബന്ധത്തിലാണ്. അതിനാൽ ഇന്ത്യക്ക് ഗ്രീസിലെ തൊഴിൽ ഒഴിവ് ഒരു അവസരമായി എടുക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.