അടിമാലി: മുനിയറ എസ് വളവിൽ വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ്സ് കൊക്കയിൽ പതിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. 43 പേർക്ക് പരിക്ക്. തിരൂർ വളഞ്ചാരി റീജീയണൽ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റി 70 അടിയോളം താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു.

മലപ്പുറം തിരൂർ ആദവനാട് ചേനാടൻ സൈനുദ്ദീന്റെ മകൻ മിൻഹാജ് (20) ആണ് മരണപ്പെട്ടത്.  പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബസിനടിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 1.30 നോട് അടുത്തായിരുന്നു അപകടം. വാഗമൺ സന്ദർശനത്തിന് ശേഷം തിരച്ചുവരും വഴിയാണ് ബസ്സ് അപകടത്തിൽപ്പെട്ടത്. അടിമാലി മുനിയറയിലേക്ക് പോവുകയായിരുന്നു സംഘം. ബസ്സിനടിയിൽ കുടുങ്ങിക്കിടക്കുന്ന മിൻഹാജിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.

പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മോണിങ് സ്റ്റാർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവരിൽ ചിലരെ വിദഗ്ധ ചികത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. അടിമാലി പൊലീസും ഫയർഫോഴ്സും നാട്ടുകാരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം രാക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.

പുതുവർഷപ്പുലരിയിലുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. ഡ്രൈവർക്ക് റോഡ് പരിചയം ഇല്ലാത്തതാണ് അപകടത്തിന് കാരമായതെന്നാണ് പ്രാഥമീക വിലയിരുത്തൽ. അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കൾക്കാട്ടെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

നാട്ടുകാരും പൊലീസും ചേർന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. 41 യാത്രക്കാർ വാഹനത്തിലുണ്ടായിരുന്നു. രക്ഷാപ്രവർത്തനം രണ്ട് മണിക്കൂറോളം നീണ്ടു. ഇന്ന് രാവിലെയാണ് മിൻഹാജിന്റെ മൃതദേഹം കണ്ടെടുത്തത്.