മലപ്പുറം: നിലമ്പൂർ എംഎ‍ൽഎ, പി വി അൻവറിന് എതിരെ പരാതി നൽകിയ സ്ത്രീയുടെ എസ്റ്റേറ്റിൽ നിന്നും 50 ലക്ഷം രൂപയുടെ തേക്ക് മരങ്ങൾ മുറിച്ചു. ജയ മുരുഗേഷിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള പൂക്കോട്ടുംപാടം റീഗൾ എസ്റ്റേറ്റിൽ നിന്നാണ് മരങ്ങൾ മുറിച്ചത്. ഇവിടെ നിന്നും റബർ മരങ്ങളോ തേക്ക് മരങ്ങളോ മുറിക്കരുതെന്ന് മഞ്ചേരി സബ് കോടതി ഉത്തരവ് നിലനിൽക്കെയാണ് മരങ്ങൾ മുറിച്ചത്. കോടതി ഉത്തവ് ലംഘിച്ച് മമ്പാട് സ്വദേശി എ.കെ.എസ് സിദ്ദിഖ്, പൂക്കോട്ടുംപാടം കൈനോട്ട് അൻവർസാദത്ത്, വേങ്ങാപ്പരത സ്വദേശി മുസ്തഫ എന്നിവർ തേക്ക് മരങ്ങൾ മുറിച്ചതായി കാണിച്ച് ജയ മുരുഗേഷ് പൂക്കോട്ടുംപാടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

50 ലക്ഷം രൂപ വിലമതിക്കുന്ന 60 തോളം തേക്കുമരങ്ങളാണ് മുറിച്ചിട്ടുള്ളത്. ഇവയിൽ രണ്ട് ലോഡ് മരങ്ങൾ കടത്തികൊണ്ട് പോയതായും അവശേഷിക്കുന്ന മരങ്ങൾ റീഗൾ എസ്റ്റേററിലും സമീപത്തെ മേരിലാന്റ് എസ്റ്റേറ്റിലുമായി സൂക്ഷിച്ചിരിക്കുകയുമാണെന്ന് ജയ മുരുഗേഷ് പറഞ്ഞു. 2021 സെപ്റ്റംബറിൽ റീഗൾ എസ്റ്റേറ്റിൽ ജയ മുരുഗേഷിന്റെ സ്ഥലത്തുനിന്നും തേക്കുമരങ്ങൾ മുറിച്ചു കടത്തിയതിന് എ.കെ.എസ് സിദ്ദിഖ്, കൈനോട്ട് അൻവർ സാദത്ത് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്യുകയും മരം മുറിച്ചു കടത്താൻ ഉപയോഗിച്ച ലോറിയും ട്രാക്ടറും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

റീഗൾ എസ്റ്റേറ്റ് തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുകയും നിരന്തരം അതിക്രമങ്ങൾ നടത്തുകയും ചെയ്തതിനെ തുടർന്ന് ജയ മുരുഗേഷിനും ഭർത്താവ് മുരുഗേഷ് നരേന്ദ്രനും കുടുംബത്തിനും എസ്റ്റേറ്റ് മാനേജർക്കും എസ്റ്റേറ്റിനും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പുറമെ ജയ മുരുഗേഷിനു നേരെ നഗ്‌നതാപ്രദർശനം നടത്തിയതിന് മമ്പാട് സ്വദേശി എ.കെ.എസ് സിദ്ദിഖിനെതിരെ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തിരുന്നു. ജയ മുരുഗേഷ് ഭർത്താവ് മുരുഗേഷ് നരേന്ദ്രനും എസ്റ്റേറ്റ് മാനേജർക്കൊപ്പം പാട്ടക്കരിമ്പിലെ റീഗൾ എസ്റ്റേറ്റ് സന്ദർശിക്കുന്നതിനിടെയായിരുന്നു സംഭവം.
എ.കെ.എസ് സിദ്ദഖ് അസഭ്യം പറയുകയും മുണ്ട് പൊക്കി നഗ്‌നത പ്രദർശിപ്പിച്ചെന്നുമായിരുന്നുപരാതി. സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്.

നഗ്‌നതാപ്രദർശനം നടത്തുന്നതിന്റെ ഫോട്ടോ സഹിതം സംസ്ഥാന പൊലീസ് ചീഫിനും വനിതാ കമ്മീഷനും ജയ മുരുഗേഷ് പരാതി നൽകിയിരുന്നു. ഇതിന് പുറമെ റീഗൾ എസ്റ്റേറ്റിൽ നിന്നും മരങ്ങൾ മോഷ്ടിച്ച് മുറിച്ച് കടത്തിയ കേസിലും മാമ്പറ്റയിലെ റീഗൾ ബൃന്ദാവൻ എസ്റ്റേറ്റിലെ 225 കമുകിൻ തൈകൾ വെട്ടി നശിപ്പിച്ച കേസിലും പൊലീസ് അറസ്റ്റു ചെയ്ത പ്രതിയുമായിരുന്നു സിദ്ദിഖ്.

കോവിഡ് ലോക്ഡൗണിനിടെ ജയമുരുഗേഷിന്റെ ഉടമസ്ഥതയിലുള്ള റീഗൾ എസ്റ്റേറ്റിലെ 16 ഏക്കർ തീയിട്ടു നശിപ്പിച്ചിരുന്നു. റീഗൾ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന ജയ മുരുഗേഷിന്റെ പരാതിയിൽ നേരത്തെ പി.വി അൻവർ എംഎ‍ൽഎയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ എസ്റ്റേറ്റിലെ റബർ മരങ്ങൾ കൈയേറി ടാപ്പ് ചെയ്തും രണ്ട് കുഴൽകിണറുകളിലെ മോട്ടോർ നശിപ്പിച്ചും നിരന്തരം അതിക്രമങ്ങൾ തുടർന്നിരുന്നു. റീഗൾ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ കൂറ്റമ്പാറയിലെ ഉഷ എസ്റ്റേറ്റിൽ റീപ്ലാന്റേഷന്റെ ഭാഗമായി നട്ട 716 റബർ മരങ്ങളും പാട്ടക്കരിമ്പ് റീഗൾ എസ്റ്റേറ്റിലെ 45 വാഴ തൈകളും നശിപ്പിച്ചിരുന്നു.