- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോതമംഗലം ഇഞ്ചൂരിൽനിന്ന് കാണാതായ 13-കാരിയെ കണ്ടെത്തി

കൊച്ചി: എറണാകുളം കോതമംഗലം ഇഞ്ചൂരിൽ നിന്ന് കാണാതായ 13-കാരിയെ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ കാണാതായ കുട്ടിയെ രാത്രി ഒമ്പതുമണിയോടെ കണ്ടെത്തുകയായിരുന്നു. ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
കോതമംഗലത്ത് വീടിനടുത്തുള്ള സ്കൂളിലെ വാർഷികാഘോഷം കാണാനായി പോയ കുട്ടിയെയാണ് കാണാതായത്. സ്കൂളിലെ വാർഷികാഘോഷം കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് പോയത്. ഇതിന് ശേഷം മടങ്ങി വരാതായതോടെ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.
വൈകാതെ തന്നെ കുട്ടിയെ കോതമംഗലത്ത് നിന്നുള്ള ബന്ധുക്കളെ ഏൽപ്പിക്കും. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് വൈകിട്ടാണ് വാരപ്പെട്ടിയിലെ വീട്ടിൽ ആറ് വയസുകാരനായ അനുജനെ തനിച്ചാക്കി പെൺകുട്ടി വീട്ടിൽ നിന്ന് പോയത്. തോളത്ത് ഒരു ബാഗും തൂക്കി റോഡരികിലൂടെ കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ നാടൊട്ടുക്ക് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം കുട്ടിയെ ചങ്ങനാശേരിയിൽ കണ്ടെത്തിയത്.
വീട്ടിൽ നിന്ന് പോകുമ്പോൾ കുട്ടിയുടെ പക്കൽ കുടുക്ക പൊട്ടിച്ച പണമുണ്ടായിരുന്നുവെന്നും ക്രിസ്മസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ കുട്ടിയെ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നുവെന്നും വിവരമുണ്ട്. കാണാതായതുമായി ബന്ധപ്പെട്ട് കുട്ടിയോട് വിവരങ്ങൾ പൊലീസ് ചോദിച്ചറിയും.

