- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
മലപ്പുറം: മൂന്നര വയസ്സുകാരി മകളുമായി പെയ്ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയ യുവതിയേയും മകളേയും പൊലീസ് ബംഗളൂരുവിൽനിന്നും കണ്ടെത്തി. കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്റത്തിനേയും, കുഞ്ഞിനേയുമാണ് മലപ്പുറം സി ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിങ് പേഴ്സൺ ട്രേസിങ് യൂണിറ്റ് (ഡി.എംപി.ടി.യു) കണ്ടെത്തിയത്.
2011-ലാണ് കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്റത്തിനേയും, കുഞ്ഞിനേയും കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നത്. തുടർന്നു അഞ്ചുമാസം മുമ്പാണ് ഇവരെ കുറിച്ചുള്ള സൂചനകളെ തുടർന്നു പൊലീസ് ഗൂഡല്ലൂരും കൊടകിലുമെത്തിയത്. ഇവിടങ്ങളിൽനിന്നും ലഭിച്ച സൂചനകളെ തുടർന്ന് വിവിധ വീടുകളിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
പിന്നീട് സോഷ്യൽ മീഡിയ വഴിയും ഫോൺവഴിയുമുള്ള സൂചനകളെ തുടർന്നാണു പൊലീസ് ബംഗളൂരുവിൽ എത്തുന്നത്. പത്തുവർഷത്തോളമായി ബംഗളൂരുവിൽ എത്തിയ നുസ്റത്തും കുഞ്ഞും നാട്ടിലുള്ള ആരുമായും ഒരു ബന്ധവുമില്ലായിരുന്നു. പുതിയ ഭർത്താവ് ബംഗളൂരുവിൽതന്നെ പെയ്ന്റിങ് ജോലിക്കാരനാണ്. നുസ്റത്ത് ബംഗളൂരുവിൽതന്നെ ഒരു മരുന്നുകമ്പനിയിലെ പാക്കിങ് ജോലിചെയ്തുവരികയായിരുന്നു. നാലഞ്ചുമാസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്.
മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്ത മിസ്സിങ് കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഡി.എംപി.ടി.യു നോഡൽ ഓഫീസറായ ഡി.വൈ.എസ്‌പി കെ.സി.ബാബുവിന്റെ നേതൃത്വത്തിൽ ഡി.എംപി.ടി.യു അംഗങ്ങൾ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് നിന്ന് ഇരുവരെയും കണ്ടെത്തിയത്.
ബംഗളൂരുവിൽ കുടുംബമായി വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു.
സി-ബ്രാഞ്ച് എസ്‌ഐ-മാരായ ബിബിൻ.സി.വി, സുഹൈൽ.കെ, അരുൺഷാ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുസ്സമീർ ഉള്ളാടൻ, മുഹമ്മദ് ഷാഫി പുളിക്കത്തൊടി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. യുവതിയെ തിരൂർ ജെ.എഫ്.സി.എം കോടതി മുമ്പാകെയും കുട്ടിയെ സി.ഡബ്ലിയു.സി മുമ്പാകെയും ഹാജരാക്കി. പ്രായപൂർത്തിയാകാത്ത കുഞ്ഞുമായി പോയതിനാൽ തന്നെ കുഞ്ഞിന്റ സംരക്ഷണം സംബന്ധിച്ചു പരിശോധന നടത്തി കുഞ്ഞിന്റെ കൂടി അഭിപ്രായം ചോദിച്ചാകും തുടർനടപടിയുണ്ടാകുകയെന്ന് അധികൃതർ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്