ചിന്നക്കനാൽ: നാടിനെ വിറപ്പിച്ച് അരിക്കൊമ്പനെ പിടികൂടി സ്ഥലംമാറ്റുന്നതിനുള്ള ദൗത്യം വെള്ളിയാഴ്ച പുലർച്ചെ ആരംഭിക്കുമെന്ന് കോട്ടയം ഡി എഫ് ഒ എൻ രാജേഷ്. കാലാവസ്ഥ അനുകൂലമായാൽ ദൗത്യം നാളെത്തന്നെ പൂർത്തിയാക്കുവാൻ കഴിയുമെന്ന് കരുതുന്നത്. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്ത് പൂർണമായും ശാന്തൻപാറ പഞ്ചായത്തിന്റെ 1, 2 ,3 വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കും. നാളെ ദൗത്യം പൂർത്തിയാക്കുവാൻ കഴിഞ്ഞില്ലെങ്കിൽ അടുത്തദിവസം തുടരുമെന്നും ഡി എഫ് ഒ അറിയിച്ചു.

നാളുകൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് വെള്ളിയാഴ്ച അരിക്കൊമ്പൻ ദൗത്യം ആരംഭിക്കുന്നത്. പുലർച്ചെ നാല് മുപ്പതിന് ദൗത്യം ആരംഭിക്കും. 150 ഓളം വരുന്ന ദൗത്യസംഘമാണ് പ്രവർത്തിക്കുന്നത്. ദൗത്യത്തിനു മുന്നോടിയായി കോട്ടയം സർക്കിൾ സിസിഎഫ് അരുൺ ആർ എസിന്റെ നേതൃത്വത്തിൽ ചിന്നക്കനാലിൽ വനം' പൊലീസ്, ഫയർഫോഴ്‌സ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ് എന്നീ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച വിശദമായ യോഗം ചേർന്നു.

ദൗത്യ സംഘാംഗങ്ങൾക്ക് ഏതുതരത്തിൽ പ്രവർത്തിക്കണമെന്നതിനെ സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകി. രാവിലെ 4. 30ന് ദൗത്യം ആരംഭിച്ചാൽ 7 മണിയുടെ മയക്കു വെടി വയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കാലാവസ്ഥ അനുകൂലമെങ്കിൽ ദൗത്യം നാളെയും തുടരും .

മയക്കുവെടിവച്ച് പിടിച്ച ശേഷം അരിക്കാമ്പനെ എവിടേക്ക് കൊണ്ടുപോകും എന്നതിനെ സംബന്ധിച്ച് ഇപ്പോൾ പറയാൻ കഴിയില്ല എന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. എന്നാൽ ഇടുക്കിയിലെ പെരിയാർ ടൈഗർ റിസർവ്വും അഗസ്ത്യാർകുടവും വനവകുപ്പ് പരിഗണിക്കുന്നതായാണ് സൂചന. കൊണ്ടുപോകുന്ന സ്ഥലത്തെ സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയാൽ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വനംവകുപ്പ് സ്ഥലം സംബന്ധിച്ച് വെളിപ്പെടുത്താൻ തയ്യാറാവാത്തത് എന്നാണ് സൂചന.

ചിന്നക്കനാലിലെ കുങ്കി ക്യാമ്പും അവസാനവട്ട ഒരുക്കത്തിൽ ആണ്. നാലു ആനകൾ പങ്കെടുക്കുന്നതാണ് അരിക്കൊമ്പൻ മിഷൻ എന്ന സവിശേഷതയുമുണ്ട്. 301 കോളനിയിലെ മറയൂർ കുടി ക്യാമ്പിൽ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടത്തി ഒരുക്കങ്ങൾ വിലയിരുത്തി.

പുലർച്ചെ നാലുമുപ്പതിന് ചിന്നക്കനാലിലെ ബേസ് സ്റ്റേഷനിൽ നിന്ന് ദൗത്യത്തിന് പുറപ്പെടാനാണ് തീരുമാനം. 301 കോളനിയോട് ചേർന്ന ഭാഗങ്ങളിലാണ് അരിക്കൊമ്പനെ ഏറ്റവും ഒടുവിൽ കണ്ടത്. നാല് കുങ്കിയാനകൾ ഉള്ളതും ഈ മേഖലയിൽത്തന്നെയാണ്. അതുകൊണ്ടുതന്നെ ദൃത്യത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്.

രാവിലെ ആറിനു തന്നെ ഒറ്റയാനെ വെടിവയ്ക്കാനാണ് തീരുമാനം. ഇതിനുള്ള തോക്കുകളും മരുന്നുകളും ദൃത്യമേഖലയിൽ എത്തിച്ചിട്ടുണ്ട്. വെടിയേറ്റ് മയങ്ങിയെന്നുറപ്പായാൽ നാല് കുങ്കിയാനകളേയും സമീപത്തേക്ക് എത്തിക്കും. മയക്കം വിടുമുമ്പേ തന്നെ റേഡിയോ കോളർ ധരിപ്പിക്കും. തുടർന്ന് പ്രത്യേക ലോറിയിലേക്ക് മാറ്റും. ദൃത്യത്തിനായി എട്ട് വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

വെടിയേറ്റാൽ ആറു മണിക്കൂർ കഴിഞ്ഞേ കൊമ്പൻ മയക്കം വിട്ടുണരൂകയുള്ളു. അതിന് മുമ്പ് ചിന്നക്കനാലിൽ നിന്ന് കൊണ്ടുപോകണം. ഇടയ്ക്ക് താമസം നേരിട്ടാൽ വീണ്ടും മയക്കേണ്ടി വരും. ഇപ്പോഴത്തെ നിലയിൽ തേക്കടിയിലെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റാനാണ് സാധ്യത. തിരുവനന്തപുത്തെ നെയ്യാറും നേരത്തെ പരിഗണിച്ചിരുന്നു. പുലർച്ചെ മഴപെയ്ത് കാലാവസ്ഥാ പ്രതികൂലമായാലേ ദൗത്യം മാറ്റിവയ്ക്കൂ.