ന്യൂഡൽഹി: രാജ്യത്തിന്റെ സൈനികശക്തി വിളിച്ചോതുന്ന റിപ്പബ്ലിക് ദിനപരേഡിൽ ഇതാദ്യമായി മൂന്ന് സേനകളിൽ നിന്നുള്ള വനിതാ ഓഫിസർമാരുടെ സംഘവും ഒന്നിച്ച് മാർച്ചു ചെയ്യും. വെള്ളിയാഴ്‌ച്ച നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷം പല കാരണങ്ങൾ കൊണ്ടു പുതിയ ചരിത്രം കുറിക്കുന്നതാകും. നാരീ ശക്തിയെന്ന മുദ്രാവാക്യത്തോടെയാണ് ഇക്കുറി റിപ്പബ്ലിക് ദിനാഘോഷം. അതുകൊണ്ട് തന്നെ ഇന്ത്യൻ സേനയിലെ വിവിധ വിഭാഗങ്ങളിലെ സ്ത്രീ ഓഫീസർമാരാകും പരേഡിന്റെ മുഖ്യ ആകർഷണം. ഇതിൽ തന്നെ പല സൈനിക വിഭാഗങ്ങൾ ചരിത്രപരമായ പരേഡ് കൂടിയാകും ഇത്തവണത്തേത്. രാജ്യത്തിന്റെ സ്ത്രീ ശക്തിവിളിച്ചോതുന്ന പരേഡിനുള്ള സമ്പൂർണ ഡ്രസ് റിഹേഴ്‌സൽ പൂർത്തിയായിട്ടുണ്ട്.

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ആർമ്മിയുടെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ് (AFMS) സംഘം റിപ്പബ്ലിക് ദിന പരേഡിൽ കർത്തവ്യ പഥിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത്. മേജർ സൃഷ്ടി ഖുല്ലർ ആണ് ആർമ്മി മെഡിക്കൽ കോറിനെ നയിക്കുന്നത്. നേവി, എയർഫോഴ്‌സ്, ആർമി ഡെന്റൽ കോർപ്‌സ് എന്നിവയിൽ നിന്നുള്ള 3 സൂപ്പർ ന്യൂമററി ഓഫീസർമാരും പരേഡ് സംഘത്തിലുണ്ട്. മിലിട്ടറി നഴ്സിങ് സർവീസിലെ 144 വനിതാ നഴ്‌സിങ് ഓഫീസർമാരുടെ സംഘവും പരേഡിൽ പങ്കെടുക്കും. ഡൽഹിയിലെത്തിയ സംഘം പരിശീലനം പൂർത്തിയാക്കി. 144 നഴ്‌സിങ് ഓഫീസർമാരുടെ സംഘത്തിൽ 37 പേർ മലയാളികളാണ് എന്നതും പ്രത്യേകതയാണ്.

നിരവധി സ്‌ക്രീനിങ്ങിനും പരിശീലനത്തിനും ശേഷം ഇന്ത്യൻ സൈന്യത്തിന്റെ വിവിധ യൂണിറ്റുകളിൽ നിന്നുമാണ് വനിതാ ഓഫീസർമാരെ റിപ്പബ്ലിക് ദിന പരേഡിന് തിരഞ്ഞെടുത്തിരിക്കുന്നത്. 1888 മുതലുള്ള ഇന്ത്യൻ സായുധ സേനയിലെ ഏക വനിതാ സേനയാണ് മിലിട്ടറി നഴ്‌സിങ് സർവീസ്. സിറിഞ്ചും പഞ്ഞിയും സ്‌തെതസ്‌കോപ്പുമായി മൃദു നൈപുണ്യമുള്ള ഈ നഴ്സിങ് ഉദ്യോഗസ്ഥർ കാർത്തവ്യ പഥിലെ കഠിനമായ പാതയിൽ എങ്ങനെ സഞ്ചരിക്കും എന്നതാണ് ആകാംക്ഷ ഉയർത്തുന്ന കാര്യം.

നാരീശക്തി നിറയുന്ന പരേഡ്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വിശിഷ്ടാതിഥാകുന്ന ചടങ്ങാണ് ഇത്തവണത്തേത്. സ്ത്രീകളാണ് രാജ്യത്തിന്റെ ശക്തി , അവരാണ് ഊർജം. ലോകത്തിന് മുന്നിൽ നമ്മുടെ സ്ത്രീ ശക്തി കാട്ടിക്കൊടുക്കുവാൻ ഒരുങ്ങുകയാണ് രാജ്യം. വനികളുടെ പ്രകടനങ്ങൾ കൊണ്ടാവും ഇത്തവണ പരേഡ് ശ്രദ്ധേയമാവുക. 100 വനിതകൾ ചേർന്നൊരുക്കുന്ന ശംഖുനാദത്തോടെയാണ് പരേഡ് ആരംഭിക്കുക.

കരസേനാ മേജർ സൗമ്യ ശുക്ല ദേശീയപതാക ഉയർത്തുന്ന പരേഡിൽ കര, നാവിക, വ്യോമ സേനകളിൽ നിന്നുള്ള വനിതാ ഓഫിസർമാരുടെ സംഘം ഒന്നിച്ച് മാർച്ച് ചെയ്യും. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി വനിതാ സേനാംഗങ്ങളുടെ ബൈക്ക് അഭ്യാസപ്രകടനവും ഇത്തവണയുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ വിശിഷ്ടാതിഥാകുന്നതിനാൽ ഫ്രഞ്ച് സൈന്യത്തിന്റെ പരേഡിനും ഇത്തവണ കർത്തവ്യപഥ് സാക്ഷ്യം വഹിക്കും.

2 റഫാൽ യുദ്ധവിമാനങ്ങളുടെ ഫ്‌ളൈപാസ്റ്റും ഇത്തവണത്തെ പ്രത്യേകകയാണ്. ഇന്ത്യൻ സൈന്യത്തോടൊപ്പമുള്ള പരേഡിന്റെ സന്തോഷം ഫ്രഞ്ച് സൈന്യം പങ്കുവെച്ചു. കരസേന ഓഫീസർമാരായ ദമ്പതികളും ഇതാദ്യമായി ഇത്തവണ പരേഡിനുണ്ട്. മദ്രാസ് റെജിമെൻിൽ നിന്നുള്ള മേജർ ജെറി ബ്ലെയിസും വനിതാ സംഘത്തിലെ ക്യപ്റ്റൻ സി ടി സുപ്രീതയുമാണ് അപൂർവ നേട്ടം സ്വന്തമാക്കുന്നത്. വ്യോമസേനയുടെ 51 വിമാനങ്ങളുടെ ഫ്‌ളൈപാസ്റ്റിൽ 15 പൈലറ്റുമാർ വനിതകളാണ്. ടി 90 ടാങ്ക്, പിനാക റോക്കറ്റ് ലോഞ്ചർ, നാഗ് മിസൈൽ, തുടങ്ങി രാജ്യത്തിന്റെ പ്രതിരോധക്കരുത്തിനും കർത്തവ്യ പഥ് സാക്ഷിയാവും. ഡൽഹി പൊലീസ് സംഘത്തെ മലയാളിയും ഡിസിപിയുമായ ശ്വേത കെ. സുഗതൻ നയിക്കും.

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ അഭിമാനമായി 12 നാഷനൽ സർവീസ് സ്‌കീം വൊളന്റിയർമാരുമുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളിലുള്ള 40 ലക്ഷം എൻഎസ്എസ്. വൊളന്റിയർമാരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 200 പേരാണു പരേഡിൽ പങ്കെടുക്കുക.

കേരളത്തെ പ്രതിനിധീകരിക്കുന്നത്: നന്ദിത പ്രദീപ് (ബസേലിയസ് കോളജ്, കോട്ടയം), എസ്.വൈഷ്ണവി (ഗവ. കോളജ്, കോട്ടയം), ലിയോണ മരിയ ജോയ്‌സൺ (രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് കളമശേരി, എറണാകുളം), കാതറിൻ പോൾ (മോണിങ് സ്റ്റാർ ഹോം സയൻസ് കോളജ്, അങ്കമാലി), ആൻസി സ്റ്റാൻസിലാസ് (സെന്റ് സേവ്യേഴ്സ് കോളേജ്, തുമ്പ), എസ്.വൈഷ്ണവി (ഗവ. കോളജ് ഫോർ വിമൻ, വഴുതക്കാട്), മരിയ റോസ് തോമസ് (എസ്എൻ കോളജ് ചേർത്തല), നിയത ആർ.ശങ്കർ (കോളജ് ഓഫ് അപ്ലൈഡ് സയൻസ് ചേലക്കര, പഴയന്നൂർ), എസ്.ശ്രീലക്ഷ്മി (ഗവ. എൻജിനീയറിങ് കോളജ്, തൃശ്ശൂർ), അപർണ പ്രസാദ് (ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, കാലടി), കെ. വി. അമൃത കൃഷ്ണ (പ്രോവിഡൻസ് വിമൻസ് കോളജ്, കോഴിക്കോട്), എ.മാളവിക (സെന്റ് മേരീസ് കോളജ് സുൽത്താൻ ബത്തേരി). പാലാ അൽഫോൻസാ കോളജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ. സിമിമോൾ സെബാസ്റ്റ്യനാണ് കേരള സംഘത്തെ നയിക്കുന്നത്.

റിപ്പബ്ലിക് ദിന പരേഡിന് പരമ്പരാഗത സൈനിക ബാൻഡുകൾക്ക് പകരം ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിക്കുന്നത് വനിതകളാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.. ആദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് വനിതാ കലാകാരന്മാർ ബാൻഡ് വായിക്കുന്നത്. 100 വനിതകളാണ് ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിക്കാനായി അണിനിരക്കുന്നത്. ഇതിന് പിന്നാലെ റിപ്പബ്ലിക് ദിന പരേഡിൽ മികച്ച വനിതാ പ്രാതിനിധ്യമാണ് ഇത്തവണ ഉറപ്പാക്കിയിരിക്കുന്നത്.

വനിതാ കലാകാരന്മാർ അവതരിപ്പിക്കുന്ന ശംഖ്, നാദസ്വരം, നാഗദ എന്നിവയുടെ സംഗീതത്തോടെയാണ് പരേഡ് ആരംഭിക്കുക. നേരത്തെ സൈനിക വാദ്യമേളങ്ങളോടെയാണ് പരേഡ് സംഘടിപ്പിച്ചത്. ഈ വർഷത്തെ പരേഡിൽ ഫ്ളൈപാസ്റ്റിലും മാർച്ചിങ് കോൺടെൻജന്റുകളിലും ഉൾപ്പെടെ മികച്ച വനിതാ പ്രാതിനിധ്യമാണ് ഉറപ്പാക്കിയിരിക്കുന്നത് സേന അറിയിച്ചു. ഏകദേശം 77,000 കാണികൾ കാർത്തവ്യപഥിൽ പരേഡിന് സാക്ഷ്യം വഹിക്കും. ഇത്തവണ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്ഷണിച്ച 13,000 പ്രത്യേക അതിഥികളും പരേഡിന് സാക്ഷ്യം വഹിക്കും.