കൊച്ചി: ബിജെപിക്കൊപ്പമുള്ള ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തുമെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച് കേന്ദ്ര സുരക്ഷാ ഏജൻസികൾ പരിശോധന തുടങ്ങി. ജനുവരി 17നാണ് വിവാഹം. അന്ന് ഗുരുവായൂരിൽ മോദി എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഗുരുവായൂരിൽ ഏറെ ഭക്തജന തിരക്കുള്ള ദിവസമാണ് അന്ന്. ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനം കഴിഞ്ഞും ഗുരുവായൂരിൽ ഭക്തരെത്തും. ഈ സാഹചര്യത്തിൽ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും കേന്ദ്ര ഏജൻസികൾ പരിശോധിക്കും. കേരളാ പൊലീസും സുരക്ഷയിൽ വിശദീകരണം നൽകും.

മക്കൾക്കൊപ്പം പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ സുരേഷ് ഗോപി പങ്കുവച്ചിരുന്നു. ഇളയ മക്കളായ ഭാവ്നി, മകൻ മാധവ് എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. മോദി തൃശൂരിൽ എത്തിയപ്പോഴായിരുന്നു ഇത്. നേരത്തെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ക്ഷണിക്കാൻ സുരേഷ് ഗോപി പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യയ്ക്കുമൊപ്പം ഡൽഹിയിൽ എത്തിയാണ് ക്ഷണക്കത്ത് നൽകിയത്. ആദ്യം ക്ഷണക്കത്ത് നൽകിയതും മോദിക്കാണ്. ഈ സാഹചര്യത്തിലാണ് ഗുരുവായൂരിൽ എത്തുന്നത് പ്രധാനമന്ത്രി പരിഗണിക്കുന്നത്. മോദിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്താൻ സാധ്യത ഏറെയാണ്.

ജനുവരി 17ന് ഗുരുവായൂരിൽ വച്ചാണ് ഭാഗ്യയുടെ വിവാഹം. ശ്രയേസ് മോഹനാണ് വരൻ. ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വിവാഹ റിസപ്ഷൻ നടക്കും. തൃശൂരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിയാകും. അതുകൊണ്ട് തന്നെ ഗുരുവായൂരിൽ മോദി എത്തുന്നത് സുരേഷ് ഗോപിയുടെ ജയസാധ്യതയും കൂട്ടും. വിവാഹത്തിന്റെ കാർമികത്വം മോദി നിർവ്വഹിക്കുന്ന അപൂർവ്വ കാഴ്ചയ്ക്കുള്ള സാധ്യതയാണ് ഗുരുവായൂരിൽ ഒരുങ്ങുന്നത്. പാർട്ടി പരിപാടികളിലൊന്നും മോദി പങ്കെടുക്കാനും സാധ്യതയില്ല. എൻഎസ്ജിയുടെ റിപ്പോർട്ട് അനുകൂലമെങ്കിൽ മോദി ഗുരുവായൂരിൽ എത്തുമെന്ന് തന്നെയാണ് ബിജെപി കേന്ദ്രങ്ങളും പറയുന്നത്.

മാസങ്ങൾക്ക് മുമ്പ് ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യ സുരേഷിനുമൊപ്പമാണ് സുരേഷ് ഗോപി മകളുടെ വിവാഹക്ഷണക്കത്ത് മോദിക്കു കൈമാറിയത്. താമര രൂപത്തിലുള്ള ആറന്മുളകണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്കു സമ്മാനിച്ചു. കുടുംബാംഗങ്ങളുടെ നേതാവ് എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം ഫേസ്‌ബുക്കിലും സുരേഷ് ഗോപി പങ്കുവയ്ക്കുകയും ചെയ്തു. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സുരേഷ് ഗോപി നടത്തുന്ന ഇടപെടലുകൾ തന്റെ ശ്രദ്ധയിൽ പെടുന്നുണ്ടെന്നും മോദി അന്ന് അറിയിച്ചിരുന്നു.

ഭർത്താവിന്റെ കാര്യങ്ങളിൽ, പ്രത്യേകിച്ചും വിശ്രമം അടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്ന് ഭാര്യ രാധികയോട് പ്രധാനമന്ത്രി പറഞ്ഞു. വിവാഹിതയാകാൻ പോകുന്ന ഭാഗ്യയെ അദേഹം അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. ഇനി പൂർവ്വാധികം ശക്തമായി തൃശ്ശൂരിലെ ജനങ്ങളിലേക്കിറങ്ങുവാൻ മോദി നിർദ്ദേശിച്ചു. താനടക്കമുള്ള കേന്ദ്ര നേത്യത്വത്തിന്റെ പരിപൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാവുമെന്ന് മോദി ഉറപ്പുനൽകി. അതിന്റെ തുടർച്ചയായിരുന്നു ഗുരുവായൂരിലെ മഹാറാലി. പിന്നാലെയാണ് വീണ്ടും തൃശൂരിലേക്ക് മോദി എത്തുന്നത് ആലോചിക്കുന്നത്.

സുരേഷ് ഗോപിയുടെ മക്കളിൽ ആദ്യമായി വിവാഹിതയാകുന്നതും ഭാഗ്യ തന്നെ. ശ്രേയസ് മോഹനാണ് വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. കഴിഞ്ഞ ജൂലൈയിൽ ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് നടന്നിരുന്നു. ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്നുമാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്.യുബിസി സൗഡെർ സ്‌കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം.

സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.