ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിന് പ്രത്യേക ക്രമീകരണങ്ങൾ. ഒരു വിവാഹവും ഒഴിവാക്കില്ല. മോദി എത്തുന്ന അന്ന് കാലത്ത് 6 മുതൽ 9 വരെ ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ല. ഈ സമയത്ത് ചോറൂണ്, തുലാഭാരം വഴിപാടുകളും അനുവദിക്കില്ല. ഈ ദിവസം 74 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. ഇതിൽ ഏറിയ പങ്ക് വിവാഹങ്ങളും പുലർച്ചെ 5 മുതൽ 6 വരെ നടത്തും. മോദി എത്തുന്നതു കൊണ്ട് വിവാഹം റദ്ദാക്കിയെന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത് ശരിയല്ലെന്നാണ് ഗുരുവായൂരിൽ നിന്നും ലഭിക്കുന്ന സൂചന.

സുരക്ഷ മൂലം എത്തിച്ചേരാനും തിരിച്ചു പോകാനുമുള്ള ബുദ്ധിമുട്ട് പരിഗണിച്ച് കൂടുതൽ വിവാഹസംഘങ്ങൾ പുലർച്ചെ 5 മുതൽ 6 വരെ വിവാഹം നടത്താൻ തീരുമാനിച്ച് പൊലീസിനെ അറിയിച്ചു. ഇത് പ്രകാരം വിവാഹങ്ങൾ നടത്തും. ഇപ്പോൾ 4 കല്യാണമണ്ഡപങ്ങളാണ് ക്ഷേത്രത്തിനു മുന്നിലുള്ളത്. 2 താൽക്കാലിക മണ്ഡപങ്ങൾ കൂടി ദേവസ്വത്തിന്റെ പക്കലുണ്ട്. സുരക്ഷാവിഭാഗം അനുവദിച്ചാൽ ഇതു കൂടി ഉപയോഗിക്കും. അങ്ങനെ വന്നാൽ വിവാഹങ്ങൾക്ക് പ്രശ്‌നമുണ്ടാകില്ല. പ്രധാനമന്ത്രി പോയ ശേഷവും തടസ്സമില്ലാതെ വിവാഹം നടത്താനാകും.

നാളെ രാവിലെ 10.30ന് ദേവസ്വത്തിന്റെ നാരായണീയം ഹാളിൽ കലക്ടറും സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും അടങ്ങുന്നവരുടെ ഉന്നതതല യോഗത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് പരമാവധി ഒഴിവാക്കും. എന്നാൽ സുരക്ഷയിൽ വിട്ടു വീഴ്ചയും അനുവദിക്കില്ല. അന്നേദിവസം 66 വിവാഹങ്ങളാണ് ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്. അന്ന് നിശ്ചയിച്ചിരുന്ന 39 വിവാഹങ്ങൾ അതിരാവിലെ അഞ്ചിനും ആറിനും ഇടയിൽ നടത്തണം. ഈ സമയത്ത് നേരത്തെ നിശ്ചയിച്ചിരുന്ന ഒമ്പത് വിവാഹങ്ങളും കൂടി 48 വിവാഹങ്ങളാണ് ആ സമയത്ത് നടക്കേണ്ടത്.

ഓരോ വിവാഹ സംഘങ്ങളിലും ഇരുപത് പേർക്ക് മാത്രം പങ്കെടുക്കാം. എല്ലാവരും തിരിച്ചറിയിൽ കാർഡ് ഹാജരാക്കി പൊലീസിൽ നിന്ന് പ്രത്യേക പാസെടുക്കണം. ക്ഷേത്രത്തിൽ ശബരിമല സീസൺ കഴിഞ്ഞുള്ള ആദ്യത്തെ ഉദയാസ്തമയ പൂജ 17നാണ്. രാവിലെ 6ന് മുൻപായി ആനയെ എഴുന്നള്ളിച്ചുള്ള ശീവേലി പൂർത്തിയാക്കി ഉദയാസ്തമയ പൂജ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 9 വരെ പൂജയ്ക്കും ചടങ്ങുകൾക്കും വേണ്ട നമ്പൂതിരിമാരും പാരമ്പര്യ അവകാശികളും മാത്രമാകും ക്ഷേത്രത്തിൽ ഉണ്ടാവുക. പൂജകൾ തടസ്സമില്ലാതെ നടക്കും.

17ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് കാർമാർഗം ഗുരുവായൂരിലേക്ക് പുറപ്പെടും. 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. 8.15ന് ക്ഷേത്രദർശനത്തിനായി ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങും. 20 മിനിറ്റ് ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷം ക്ഷേത്രനടയിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും. 8.45ന് നടക്കുന്ന സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിന് കല്യാണമണ്ഡപത്തിൽ എത്തും. നാല് മണ്ഡപങ്ങളിൽ ഏറ്റവും മുന്നിലുള്ള മണ്ഡപത്തിലാണ് താലികെട്ട്.

നഗരത്തിൽ രാവിലെ ആറ് മുതൽ ഗതാഗത നിയന്ത്രണമുണ്ടാകും. ചൂണ്ടൽ മുതൽ ഗുരുവായൂർ ക്ഷേത്രനട വരെ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. കർശന സുരക്ഷയിലാകും ഈ സമയം ഗുരുവായൂരും പരിസരവും.