- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയോധ്യയിൽ നിറഞ്ഞത് പ്രധാനമന്ത്രി; മോദിയെ'ശിവജി'യാക്കി സന്യാസ സമൂഹം

അയോധ്യ; അയോധ്യയിലെ പ്രാണ പ്രതിഷ്ഠയിൽ നിറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം നടന്ന യോഗത്തിൽ മോദിയെ ഉയർത്തിയായിരുന്നു സന്യാസികളുടേയും പ്രസംഗം. പതിനൊന്ന് ദിവസത്തെ പൂർണ്ണ ഉപവാസവും വേദിയിൽ മോദി അവസാനിപ്പിച്ചു. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി കൂടിയായ സന്യാസിയിൽ നിന്നും പുണ്യവെള്ളം കുടിച്ചാണ് മോദി ഉപവാസം അനുഷ്ഠിച്ചത്. ഹിമാലയത്തിൽ നിന്നും ഭാരതമാതാവിനെ സേവിക്കാനായി ഈശ്വരൻ നിയോഗിച്ച വ്യക്തിയാണ് മോദിയെന്നും ആ സന്യാസി പറഞ്ഞപ്പോൾ വേദിയിൽ നിന്നും ഉയർന്നത് കൈയടികളാണ്.
മൂന്ന് ദിവസം പൂർണ്ണ വ്രത ഉപവാസം നോക്കണമെന്നായിരുന്നു പ്രധാനമന്ത്രിക്ക് ചടങ്ങിൽ പങ്കെടുക്കുന്നതിനായി നൽകിയ നിർദ്ദേശം. പതിനൊന്ന് ദിവസം ഒരു നേരം ഭക്ഷണവും. എന്നാൽ പ്രധാനമന്ത്രി 11ദിവസം പൂർണ്ണമായും വ്രതമെടുത്തു. ഗുരുവായൂരൂം ശ്രീരംഗത്തും രാമശ്വരത്തും പോയി. അവിടെയുള്ള പുണ്യാത്മക്കളെ അയോധ്യയിലേക്ക് ക്ഷണിച്ചു. ആ അനുഗ്രഹം പോലും അയോധ്യയിലേക്ക് എത്തിച്ച പ്രധാനമന്ത്രിയാണ് മോദി. വിദേശത്ത് പോകരുതെന്നും നിർദ്ദേശിച്ചിരുന്നു. വിദേശത്ത് പോകാതെ സ്വദേശത്ത് തങ്ങി എല്ലാ അർത്ഥത്തിലും ക്ഷേത്രങ്ങളിൽ യാത്ര ചെയ്ത് അനുഗ്രഹം തേടുകയായിരുന്നു മോദിയെന്ന് ചടങ്ങിൽ ആമുഖമായി സംസാരിച്ച സന്യാസി പറഞ്ഞു.
മോദിയുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് അയോധ്യയിലെ ക്ഷേത്രമെന്ന സന്ദേശമാണ് നൽകിയത്.ശ്രീരാമന്റെ ഗുണഗണങ്ങളുള്ള മറ്റൊരു രാജാവ് ഛത്രപതി ശിവജിയായിരുന്നു. ഈശ്വരനോടുള്ള ശിവജിയുടെ അഗാധമായ താൽപ്പര്യം ഉയർത്തിയായിരുന്നു ആമുഖ പ്രസംഗത്തിൽ ട്രസ്റ്റ് ഭാരവാഹി ശിവജിയെ ചർച്ചയാക്കിയത്. അതിന് ശേഷം കിട്ടിയ രാജ്യ ഭരണാധികാരിയാണ് മോദിയെന്നായിരുന്നു പറഞ്ഞത്. ഹിമാലയ സാനുക്കളിൽ നിന്നും ഭാരതമാതാവിനെ സേവിക്കാൻ ഇറങ്ങി വന്ന നേതാവാണ് മോദിയെന്നും വിശേഷിപ്പിച്ചു.
പിന്നീട് സംസാരിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മോദിയുടെ ഇടപെടുലുകളെ ഉയർത്തിക്കാട്ടി. അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടെ ത്രേതായുഗത്തിലേക്ക് തിരിച്ചു പോവുകായണെന്നും യോഗി പറഞ്ഞു. മോദിയെ താപസനെന്നാണ് ആർഎസ്എസ് സർസംഘ ചാലക് വിശദീകരിച്ചത്. രാമലല്ലയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധയിലെത്തിയത് ഭഗാവാനുള്ള കീരിടവും അംഗവസ്ത്രവുമായി. 11.50 ഓടെയാണ് ഡൽഹിയിൽ നിന്നും പ്രധാനമന്ത്രി അയോദ്ധ്യയിലേക്ക് എത്തിയത്.
ശേഷം വിഘ്നേശ്വര പൂജകൾക്ക് ശേഷമാണ് ഗർഭഗൃഹത്തിൽ രാമലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടത്തിയത്. ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗവർണർ ആനന്ദി ബെൻ പട്ടേൽ എന്നിവരും ചടങ്ങുകൾക്ക് സാക്ഷിയായി. രാമമന്ത്രോച്ഛാരണങ്ങൾ മുഴങ്ങിയ ഗർഭഗൃഹത്തിൽ ദർഭപ്പുല്ലുകളാൽ തയ്യാറാക്കിയ പവിത്രം ധരിച്ച് ആചാര്യന്റെ നിർദ്ദേശങ്ങൾ യാഥാവിധി നിർവഹിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാക്കിയത്.
രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായത്. ഇതിനു പിന്നാലെ വായുസേനയുടെ ഹെലികോപ്റ്ററുകൾ ക്ഷേത്രത്തിനു മുകളിൽ പുഷ്പവൃഷ്ടി നടത്തി. 'മുഖ്യ യജമാനൻ' ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഗർഭഗൃഹത്തിലെ ചടങ്ങുകളിൽ പങ്കെടുത്തു. കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതൻ.
കനത്ത സുരക്ഷാവലയത്തിനുള്ളിലും അയോധ്യയിലെങ്ങും ഉത്സവാന്തരീക്ഷമായിരുന്നു. പൂക്കളാലും വർണ വിളക്കുകളാലും അലങ്കരിക്കപ്പെട്ട പാതയോരങ്ങളിൽ ഓരോ 100 മീറ്ററിലും സ്റ്റേജുകൾ കെട്ടി വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക പരിപാടികൾ അരങ്ങേറി. ഇന്നു പുലർച്ചെ മുതൽ ആഘോഷങ്ങളാണ്. ക്ഷേത്രം നിൽക്കുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഭക്തരെ പ്രവേശിപ്പിച്ചില്ല. പ്രാണ പ്രതിഷ്ഠ ചടങ്ങിനു പാസുള്ളവർക്കും മാധ്യമങ്ങൾക്കും മാത്രമായിരുന്നു പ്രവേശനം.
മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ തീർത്ത 51 ഇഞ്ച് വിഗ്രഹമാണ് പ്രതിഷ്ഠ. 5 വയസുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താൽക്കാലിക ക്ഷേത്രത്തിൽ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. നാളെ മുതലാണ് പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കുന്നത്.

