- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദിയുടെ അയോധ്യ വൃത ചിട്ടകൾ കണ്ടു ഞെട്ടി എറണാകുളം ഗസ്റ്റ് ഹൗസ് ജീവനക്കാർ

കൊച്ചി: അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്കായി എങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വൃതം എടുക്കുന്നതെന്നതിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ട് കേരളാ സർക്കാർ. പി ആർ ഡി വാർത്താകുറിപ്പിലൂടെയാണ് പ്രധാനമന്ത്രിയുടെ നിഷ്ഠ വിശദീകരിക്കുന്നത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ കിടന്നുറങ്ങിയത് നിലത്ത് യോഗ മാറ്റ് വിരിച്ചായിരുന്നു കഴിച്ചതാകട്ടെ കരിക്കിൻ വെള്ളവും പഴങ്ങളും മാത്രം. വ്രതത്തിലായതിനാലാണ് പ്രധാനമന്ത്രി ബെഡ് ഉപയോഗിക്കുകയോ മറ്റ് ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യാതിരുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ പി ആർ ഡി വിഭാഗം അറിയിക്കുന്നത്.
ഡ്രാഗൺ, ആപ്പിൾ, ഏത്തപ്പഴം, മുന്തിരി, പേരയ്ക്ക, മാതളം, ഓറഞ്ച് എന്നീ പഴങ്ങളാണ് അദ്ദേഹത്തിന് നൽകിയത്. പ്രധാനമന്ത്രിക്കായി കേരള, നോർത്ത് ഇന്ത്യൻ വിഭവങ്ങൾ തയ്യാറാക്കിയിരുന്നു. വെൽക്കം ഡ്രിങ്കായി കരിക്കിൻ വെള്ളമാണ് നൽകിയത്. പ്രധാനമന്ത്രിക്ക് വേണ്ടി കിങ് സൈസ് ബെഡ് തയാറാക്കിയിരുന്നു. എങ്കിലും നിലത്ത് വുഡൻ ഫ്ലോറിൽ യോഗ മാറ്റ് വിരിച്ച് അതിന്റെ മുകളിൽ ബെഡ് ഷീറ്റ് വിരിച്ചാണ് കിടന്നുറങ്ങിയതെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാർ പറഞ്ഞുവെന്നാണ് റിപ്പോർട്ട്. കേരള സന്ദർശനത്തിന് 16 ന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്നത്. പിറ്റേദിവസം പുലർച്ചെ 4.30 ന് ഉണർന്ന് ചൂടുവെള്ളം കുടിച്ച ശേഷം യോഗ ചെയ്തു.
എല്ലാ ജീവനക്കാർക്കും നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫും എസ്പിജി ഉദ്യോഗസ്ഥരും ഇവിടെ 40 മുറികളിലായി താമസിച്ചത്. ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കുന്നത്. നേരത്തേ 2019 ലാണ് പ്രധാനമന്ത്രി ഗസ്റ്റ് ഹൗസിൽ താമസിച്ചത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് മോദി എത്തിയത്. കൊച്ചിയിൽ ഔദ്യോഗിക പരിപാടിക്കൊപ്പം രാഷ്ട്രീയ പരിപാടിയിലും പങ്കെടുത്തു. തൃശൂരിൽ ഗുരുവായൂരിലും തൃപ്രയാറിലും എത്തി. കൊച്ചിയിൽ 16ന് നടത്തിയ റോഡ് ഷോ അടക്കം പരിഗണിച്ചാണ് കൊച്ചിയിൽ താമസിച്ചത്.
മോദിയെ സ്വീകരിക്കാനും യാത്ര അയയ്ക്കാനും ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിമാനത്തിന് അടുത്തേക്ക് പോയെന്നതും പ്രത്യേകതയാണ്. മറ്റൊരു പ്രധാന പരിപാടി മാറ്റിവച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാനമന്ത്രിയെ കാണൽ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടായിരുന്നു. പഴുതടച്ച സുരക്ഷയാണ് എസ് പി ജി ഒരുക്കിയത്. കേരള കേഡർ എഡിജിപിയായ സുരേഷ് രാജ് പുരോഹിതിനായിരുന്നു മേൽനോട്ട ചുമതല. എല്ലാ അർത്ഥത്തിലും ചർച്ചയാക്കിയാണ് കൊച്ചിയിൽ നിന്നും മോദി മടങ്ങിയത്. ജനുവരിയിൽ മോദിയുടെ കേരളത്തിലേക്കുള്ള രണ്ടാം വരവാണ് ഇത്.
തൃശൂരിൽ ബിജെപി പരിപാടിക്ക് ജനുവരിയിൽ ആദ്യം എത്തിയ മോദി അന്നു തന്നെ ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. ഇത്തവണ കൂടുതൽ വിപുലമായ പരിപാടി തയ്യാറാക്കിയാണ് മോദി എത്തിയത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് തൃപ്രയാർ ക്ഷേത്രത്തിൽ മോദി സന്ദർശനം നടത്തിയത്. കേരളത്തിലെ പ്രധാന രാമക്ഷേത്രമാണ് തൃപ്രയാർ. കേരളീയരും അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ ആചാരപരമായ ചടങ്ങുകൾ നിർവ്വഹിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനൊപ്പം രാഷ്ട്രീയവും വികസനവും ചർച്ചയാക്കി.
ഗുരുവായൂരിലെ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനും മോദി ഉയർത്തിയത് 'അയോധ്യ'യിലെ പ്രാധാന്യം. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വധൂവരന്മാരെ അനുഗ്രഹിച്ചത് അക്ഷതം നൽകിയായിരുന്നു. ഭാഗ്യ സുരേഷിന്റെ താലികെട്ട് ചടങ്ങിൽ പങ്കെടുത്തിന് ശേഷം തൊട്ടടുത്ത വേദിയിൽ നടന്ന താലികെട്ട് ചടങ്ങിലെ 10 നവദമ്പതികളെ അക്ഷതം നൽകിയാണ് അനുഗ്രഹിച്ചത്.
വിവാഹത്തിൽ പങ്കെടുക്കാനെത്തിയ താര നിരയേയും മോദി കണ്ടു. സുരേഷ് ഗോപി ഓരോരുത്തരെയായി പരിചയപ്പെടുത്തി. എന്നാൽ ചിലരെ മോദിക്ക് നേരിട്ട് അറിയാമായിരുന്നു. മോഹൻലാലിനേയും മമ്മൂട്ടിയേയും പിന്നെ ഖുശ്ബുവിനേയും. മോഹൻലാലിനെ കണ്ടതും മോദി കുശലാന്വേഷണത്തിലായി. എല്ലാവർക്കും നൽകിയത് പോലെ അക്ഷതം നൽകി. തൊട്ടടുത്ത് മമ്മൂട്ടി. മമ്മൂട്ടിയേയും മോദിക്ക് നന്നായി അറിയാം. മോദിക്കും അക്ഷതം നൽകി. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോദ്ധ്യയിൽ പൂജിച്ച അക്ഷതമാണ് ഗുരുവായൂർ അമ്പലത്തിന്റെ നടയിൽ വച്ച് പ്രധാനമന്ത്രി മോദിയിൽ നിന്നും മമ്മൂട്ടി അടക്കം ഏറ്റുവാങ്ങിയത്. ഭാര്യ സുൽഫത്തും അക്ഷതം സ്വീകരിച്ചു.
ജയറാം, ദിലീപ്, ബിജുമേനോൻ, ഷാജി കൈലാസ് തുടങ്ങിയവർക്കും അക്ഷതം നൽകി. ബുധനാഴ്ച രാവിലെ 6.30-ന് കൊച്ചിയിൽനിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി മോദി ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയശേഷമാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.

