കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനത്തിൽ മികവ് കാട്ടിയതിന് എറണാകുളം ഗസ്റ്റ് ഹൗസിലെ ഇലക്ട്രിക്കൽ വിഭാഗത്തിന് പൊതുമരാമത്ത് മന്ത്രിയുടെ പ്രശംസാ പത്രം. പ്രശ്‌ന രഹിതമായി പ്രധാനമന്ത്രിയുടെ താമസം ഉറപ്പാക്കിയതിനാണ് ഇത്. ഗസ്റ്റ് ഹൗസിലേക്കുള്ള വെളിച്ച വിതാനം അടക്കം മികച്ചതായിരുന്നു. ചെറിയ പിഴവ് പോലും പ്രധാനമന്ത്രിയുടെ യാത്രാ സമയത്ത് ഗസ്റ്റ് ഹൗസിലുണ്ടായില്ല. എല്ലാം ഭംഗിയായി ഒരുക്കി. ഈ സാഹചര്യത്തിലാണ് മോദിയെ പൊന്നു പോലെ നോക്കിയതിന് ഇലക്ട്രിക്കൽ വിഭാഗത്തിന് അംഗീകാരം നൽകുന്നത്. ടൂറിസം വകുപ്പിന് കീഴിലെ പ്രവർത്തനമെല്ലാം മെച്ചമായിരുന്നു എന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. പൊതുമരാമത്ത് വകുപ്പ് ചുമതലയുള്ള മന്ത്രി പിഎ മുഹമ്മദ് റിയാസ് പൂർണ്ണ തൃപ്തനായതു കൊണ്ടാണ് പ്രശംസാ പത്രം ജീവനക്കാർക്ക് കിട്ടിയത്.

പ്രധാനമന്ത്രിയുടെ ഇത്തവണത്തെ കേരള സന്ദർശനത്തിൽ പിഴവുകളൊന്നും ആർക്കും ഉണ്ടായില്ല. കേന്ദ്ര ഏജൻസികളും കേരളാ പൊലീസും ഒരുമിച്ച് പ്രവർത്തിച്ചു. വിവരങ്ങളൊന്നും ചോർന്നില്ല. എറണാകുളം ഗസ്റ്റ് ഹൗസിൽ മികച്ച സൗകര്യങ്ങളുമൊരുക്കി. എല്ലാവർക്കും നന്ദിയും പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ മടക്കം. എൻ എസ് ജി കമാണ്ടോകൾ അടക്കം കേരളത്തിലെ സുരക്ഷയിൽ പൂർണ്ണ തൃപ്തരാണ്. പ്രധാനമന്ത്രിയെ സ്വീകരിക്കാനും യാത്ര അയയ്ക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് എത്തുകയും ചെയ്തു. മോദിയുടെ ഇടപെടലും രീതികളും ഞെട്ടിക്കുന്നതായിരുന്നുവെന്ന് എറണാകുളം ഗസ്റ്റ് ഹൗസിലെ ജീവനക്കാരും മറുനാടനോട് പ്രതികരിച്ചിരുന്നു. 20 കരിക്കുമായാണ് കേരളത്തിൽ നിന്നും മോദിയുടെ മടക്കം. കേരളത്തിലെ കരിക്കിന്റെ രുചി നന്നേ പ്രധാനമന്ത്രിക്ക് പിടിച്ചു.

കരിക്ക് വേണമെന്ന് മോദിക്ക് വേണ്ടി ഗസ്റ്റ് ഹൗസ് അധികാരികളോട് നിർദ്ദേശിക്കുകയായിരുന്നു. പൊലീസാണ് കരിക്ക് വാങ്ങി കൊടുത്തത്. അതിവേഗം തന്നെ അത് എത്തിക്കുകയും ചെയ്തു. ആ കരിക്കുമായാണ് മോദിയുടെ അവരുടെ മടക്കം. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച 11 ദിവസത്തെ വ്രതത്തിന്റെ ഭാഗമായി, തറയിൽ ഒരു കമ്പളി പുതപ്പ് വിരിച്ചാകും മോദി കിടന്നുറങ്ങുക. കരിക്കിൻ വെള്ളം മാത്രമാകും കുടിക്കുക. പ്രത്യേക ആചാരങ്ങളും മതനിയമങ്ങളും പാലിച്ചാകും ഈ ദിവസങ്ങളിൽ മോദി കഴിയുക. അതിരാവിലെ പ്രാർത്ഥനകൾക്കായി എഴുന്നേൽക്കുകയും ധ്യാനത്തിൽ മുഴുകുകയും ചെയ്യും. ഈ ദിവസങ്ങളിൽ കുറച്ചു സമയം മൗനത്തിലിരിക്കും, കുറച്ചു മാത്രമാകും ഭക്ഷണം. ഉള്ളിയും വെളുത്തുള്ളിയും മറ്റും ഒഴിവാക്കി സാത്വിക ഭക്ഷണമാകും കഴിക്കുക എന്നാണ് റിപ്പോർട്ട്. ഇതെല്ലാം എറണാകുളത്തെ താമസത്തിനിടയിലും സംഭവിച്ചു.

രാജ്യത്തുടനീളമുള്ള വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് പ്രാർത്ഥന അർപ്പിക്കും. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ മോദി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. രാമായണത്തിൽ ജഡായുവിന്റെ ഭാഗം പരാമർശിക്കുന്നിടത്ത് സൂചിപ്പിക്കുന്ന ആന്ധ്രാപ്രദേശിലെ ലെപാക്ഷിയിലെ വീരഭദ്ര ക്ഷേത്രത്തിലും നാസിക്കിലെ കലാറാം ക്ഷേത്രത്തിലും അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ ദർശനം നടത്തിയിരുന്നു. കറുത്ത ശിലയിലുള്ള ശ്രീരാമ വിഗ്രഹമാണു കാലാരാമ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ശ്രീരാമ ക്ഷേത്രമാണിത്. അങ്ങനെ എല്ലാ അർത്ഥത്തിലും വ്രത ശുദ്ധിയിലാണ് പ്രധാനമന്ത്രി.

പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയാണ് ജനുവരി 12നാണ് പ്രധാനമന്ത്രി വ്രതം ആരംഭിച്ചത്. നാസിക്കിലെ പഞ്ചവടിയിലാണ് 11 ദിവസം നീണ്ടു നിൽക്കുന്ന വ്രതം പ്രധാനമന്ത്രി തുടങ്ങിയത്. സ്വാമി വിവേകാനന്ദന്റെ ജന്മദിനം ആണ് വ്രതം തുടങ്ങാൻ തിരഞ്ഞെടുത്തതെന്നാണ് മോദി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. ശ്രീരാമൻ വനവാസക്കാലത്ത് കുറച്ചുനാൾ ഇവിടെ വസിച്ചതായാണ് വിശ്വാസം. ഇതിനടുത്താണ് കാലാരാമ ക്ഷേത്രം.