- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൊച്ചിയിൽ 4,000 കോടിയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി; പുതിയ ഡ്രൈഡോക് അഭിമാനമെന്ന് പ്രധാനമന്ത്രി; ഇതിനായി വിദേശത്തേക്ക് പണമൊഴുക്കുന്നത് നിലയ്ക്കുമെന്ന് പ്രധാനമന്ത്രി; കേരളത്തിന്റെ വികനോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെന്നും നരേന്ദ്ര മോദി

കൊച്ചി: കപ്പൽ നിർമ്മാണ വ്യവസായ മേഖലയിലെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ടതടക്കം കൊച്ചിയിൽ 4000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കപ്പൽശാലയിലെ പുതിയ ഡ്രൈഡോക്, കപ്പൽ അറ്റകുറ്റപ്പണിക്കുള്ള അന്താരാഷ്ട്ര കേന്ദ്രം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽ.പി.ജി. ഇറക്കുമതി ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
ഗുരുവായൂർ, തൃപ്രയാർ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷമാണ് മോദി കൊച്ചി കപ്പൽശാലയിലെത്തി വികസന പദ്ധതികൾ നാടിന് സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിന്റെ വികനോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിലും തനിക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചിൻ ഷിപ്പ് യാർഡിൽ നാലായിരം കോടിയുടെ വികസന പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. തുറമുഖങ്ങൾ വലിയ വളർച്ചയാണ് നേടിയത്. രാജ്യത്തിന് ഇന്ന് ഏറ്റവും വലിയ ഡ്രൈ ഡോക്ക് സ്വന്തമായി. ഗ്ലോബൽ ട്രേഡിലും ഭാരതത്തിന് വലിയ സ്ഥാനമാണുള്ളത്.രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യം.
പത്തുവർഷത്തിനിടെ രാജ്യം ഷിപ്പിങ്ങ് മേഖലയിൽ വൻ നേട്ടമുണ്ടാക്കി. ചരക്കുകപ്പലുകൾക്ക് പോർട്ടിൽ കാത്തു കിടക്കേണ്ട സാഹചര്യം ഒഴിവായി. രാജ്യം ഷിപ്പ് റിപ്പറിനിങ്ങിലെ പ്രധാന കസെന്റർ ആയി മാറുകയാണ്. പുതിയ പദ്ധതികൾ കപ്പൽ അറ്റകുറ്റപ്പണിക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിൽ നിന്നും മാറ്റമുണ്ടാക്കും. കൊച്ചി വാട്ടർ മെട്രോക്കായി വെസ്സൽ കൊച്ചി ഷിപ്യാർഡിൽ നിർമ്മിച്ചു.രാജ്യത്തെ മറ്റു നഗരങ്ങൾക്കു വേണ്ടിയും ഷിപയാർഡ് മെട്രോ വെസലുകൾ നിർമ്മിക്കുകയാണ്. മെട്രോ ബോട്ടുകൾ നിർമ്മിച്ചതിന് ഷിപ്യാർഡിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
4000 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയ മോദിക്ക് നന്ദി മുഖ്യമന്ത്രി പിണറായി വിജയൻ നന്ദിയറിയിച്ചു. രാജ്യത്തിന്റെ പൊതുവായ വികസനത്തിന്റെ ഭാഗമായി കേരളവും മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പൊതു വികസനത്തിൽ കേരളം നൽകുന്ന പിന്തുണയുടെ കൂടി ഉദാഹരണമാണിത്. ഐഎസ്ആർഒയുടെ പല പദ്ധതികളിലും കേരളത്തിലെ സ്ഥാപനങ്ങൾ പങ്കാളികളായി. ചന്ദ്രയാൻ, ആദിത്യ തുടങ്ങിയ പ്രധാന പദ്ധതികളിൽ കെൽട്രോൺ പോലുള്ള സ്ഥാപനങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. ഇന്ത്യയുടെ ശയസ് ഉയർത്തുന്നതിൽ കേരളത്തിലെ സ്ഥാപനങ്ങൾ പങ്കാളികളായെന്നും പിണറായി ഓർമ്മിപ്പിച്ചു.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികൾ
ഡ്രൈഡോക് 1799 കോടി
:കൊച്ചി കപ്പൽശാലയിൽ 1799 കോടി രൂപ ചെലവിലാണ് പുതിയ ഡ്രൈഡോക് നിർമ്മിച്ചത്. ഇതിന് 310 മീറ്റർ നീളവും 13 മീറ്റർ ആഴവുമുണ്ട്. 70,000 ടൺ വരെ ഭാരമുള്ള വിമാന വാഹിനികൾ, കൂറ്റൻ ചരക്കുകപ്പലുകൾ, എൽ.എൻ.ജി. കപ്പലുകൾ തുടങ്ങി വലിയ കപ്പലുകളെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയും ഈ ഡ്രൈ ഡോക്കിനുണ്ട്. ഇത് പൂർണ തോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ 2000 പേർക്ക് നേരിട്ടും ഇതിന്റെ ആറിരട്ടിയോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. അനുബന്ധ വ്യവസായങ്ങളുടെയും ചെറുകിട സംരംഭങ്ങളുടെയും വളർച്ചയെയും ഇത് ത്വരിതപ്പെടുത്തും.
കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം 970 കോടി
:വെല്ലിങ്ടൺ ഐലൻഡിലെ കൊച്ചിൻ പോർട്ട് അഥോറിറ്റിയുടെ 42 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് 970 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം ഒരുക്കിയത്. കപ്പൽ അറ്റകുറ്റപ്പണിക്കുള്ള ആഗോള കേന്ദ്രമായി കൊച്ചിയെ മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം.
6000 ടൺ ശേഷിയുള്ള കപ്പൽ ലിഫ്റ്റ് സംവിധാനം, ആറ് വർക്ക് സ്റ്റേഷനുകൾ, 130 മീറ്റർ വരെ നീളമുള്ള ഏഴ് കപ്പലുകളെ ഒരേസമയം ഉൾക്കൊള്ളുന്ന 1400 മീറ്റർ ബെർത്ത് തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്. ഈ പുതിയ കേന്ദ്രം വഴി 2000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.
എൽ.പി.ജി. ഇറക്കുമതി ടെർമിനൽ, 1236 കോടി
കൊച്ചിയിലെ പുതുവൈപ്പിനിലാണ് 1,236 കോടി രൂപ ചെലവിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പുതിയ എൽ.പി.ജി. ഇറക്കുമതി ടെർമിനൽ പൂർത്തിയാക്കിയത്.
ദക്ഷിണേന്ത്യയിലെ പാചകവാതക ആവശ്യകത നിറവേറ്റാൻ കഴിയുന്ന വിധത്തിലാണ് ഇതൊരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസ്സങ്ങളില്ലാതെ എൽ.പി.ജി. വിതരണം ഉറപ്പാക്കാനാകും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ബോട്‌ലിങ് പ്ലാന്റുകൾക്കും ഇത് പ്രയോജനം ചെയ്യും. എൽ.പി.ജി. വിതരണത്തിൽ പ്രതിവർഷം 150 കോടി രൂപ ലാഭിക്കാനാകും. നിർമ്മാണ ഘട്ടത്തിൽ തന്നെ ഈ പദ്ധതി വഴി 3.7 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെട്ടു. പ്രവർത്തന സജ്ജമായാൽ പ്രതിവർഷം 19,800 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിക്കു കഴിയും.
രാജ്യത്തിനുള്ള സമ്മാനമായി കൊച്ചിയിലെ മൂന്ന് വൻകിട വികസന പദ്ധതികളാണ് പ്രധാനമന്ത്രി ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. 4000 കോടി രൂപയുടെ ഈ പദ്ധതികൾ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


