ന്യൂഡൽഹി: വിവിധ ഇന്ത്യൻ ഭാഷകളിൽ ഭക്തിഗാനങ്ങൾ ആലപിച്ച് ശ്രദ്ധേയയായ ജർമ്മൻ ഗായിക കസാൻഡ്ര മായ് സ്പിറ്റ്മാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‌ച്ച നടത്തിൽ തമിഴ്‌നാട്ടിലെ പല്ലാഡത്തായിരുന്നു. കൂടിക്കാഴ്‌ച്ച. നേരത്തെ കസാൻഡ്രയുടെ ഇന്ത്യൻ സംഗീതത്തോടും സംസ്‌കാരത്തോടുമുള്ള ബന്ധത്തെ കുറിച്ച് മോദി തന്റെ മൻ കി ബാത്തിൽ പരാമർശിച്ചിരുന്നു. കൂടിക്കാഴ്‌ച്ചക്കിടയിൽ ''അച്യൂതം കേശവം'' എന്ന ഗാനവും മറ്റൊരു തമിഴ് ഗാനവും അവർ ആലപിച്ചു.

ഇന്ത്യൻ സംസ്‌കാരത്തെയും മൂല്യങ്ങളെയും ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി വഹിക്കുന്ന പങ്ക് ആർക്കും സംശയമില്ലാത്തതു തന്നെയാണ്. അതിന്റെ ഭാഗമായിട്ടായിരുന്നു. 2023 സെപ്റ്റംബറിൽ കസാൻഡ്രയുടെ ഗാനാലാപത്തെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചത്. അന്ധയായി തന്നെ ജനിച്ച കസാൻഡ്ര ഇന്ത്യ സന്ദർശിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ സംഗീതത്തോടും സംസ്‌കാരത്തോടും അടക്കാനാകാത്ത അഭിനിവേശമായിരുന്നു കസാൻഡ്രക്ക് കുട്ടിക്കാലം മുതൽ തന്നെ.

ഹിന്ദിയിൽ മാത്രമല്ല, മറ്റ് ഇന്ത്യൻ ഭാഷകളിലുള്ള ഗാനങ്ങളും അതിമനോഹരമായി ആലപിക്കുന്ന കസാൻഡ്ര തന്റെ തമിഴ് ഭക്തിഗാനങ്ങൾ കൊണ്ടാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. ''എത്ര മനോഹരമായ ശബ്ദം! പാട്ടിലെ ഓരോ വാക്കിലും വരിയിലും നിഴലിക്കുന്ന വൈകാരികത മാത്രം മതി അവൾ ദൈവത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കുവാൻ ഈ സംഗീതമാധുരി വരുന്നത് ഒരു ജർമ്മൻകാരിയിൽ നിന്നാണ് എന്നറിയുമ്പോൾ ഒരുപക്ഷെ നിങ്ങൾ അദ്ഭുതപ്പെട്ടേക്കാം, ആ മകളുടെ പേരാണ് കസാൻഡ്ര മെയ് സ്പിറ്റ്മാൻ'' എന്നായിരുന്നു അന്ന് മോദി ഈ ഗായികയെ കുറിച്ച് പരാമർശിച്ചത്.

പിന്നീട്, ഈ വർഷം അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കർമ്മവുമായി ബന്ധപ്പെട്ട് രാം ആയേംഗേ എന്ന ഗാനം ആലപിച്ചും ഇവർ ശ്രദ്ധ പിടിച്ചുപറ്റി. ജർമ്മനിയിൽ നിന്നും ഇന്ത്യൻ സംഗീത ലോകത്തെ സ്നേഹിക്കപ്പെടുന്ന ഒരു താരമായി മാറിയ കസാൻഡ്രയുടെ ജീവിതം കാണിക്കുന്നത് സംഗീതത്തിന്റെ ഭാഷ സാർവ്വലൗകികമായതാണ് എന്ന് തന്നെയാണ്. കൂടിക്കാഴ്‌ച്ചക്ക് ശേഷ്ം മോദി പറഞ്ഞു. അവരുടെ കഥ തീർത്തും പ്രചോദനം നൽകുന്ന ഒന്നാണെന്നും, സംഗീതത്തോടുള്ള പ്രണയത്തിന് അതിരുകൾ ഇല്ലെന്ന് ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഗീതവും മാനവികതയും തമ്മിലുള്ള, മുറിക്കാനാകാത്ത ബന്ധത്തെയാണ് ഈ കൂടിക്കാഴ്‌ച്ച ഓർമ്മിപ്പിക്കുന്നതെന്ന് വാർത്ത പങ്കുവച്ചുകൊണ്ട് ദി സ്റ്റേറ്റ്സ്മാൻ പത്രം എഴുതുന്നു. ഭൂഖണ്ഡങ്ങൾക്കപ്പുറവും സംസ്‌കാരങ്ങൾ തമ്മിലുള്ള പാലങ്ങൾ തീത്ത് ഹൃദയങ്ങളെ സ്പർശിക്കുന്നതാണ് സംഗീതമെന്നും സ്റ്റേറ്റ്സ്മാൻ എഴുതുന്നു. അമ്മയുമൊത്ത് ചെന്നൈയിൽ എത്തിയാണ് അവർ പ്രധാനമന്ത്രിയെ കണ്ടത്.