- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'മര്യാദാ പുരുഷോത്തമന്' തീവ്രാനദിക്കരയിലുള്ളത് അത്യുഗ്രഭാവം; ഗുരുവായൂരപ്പനെ തൊഴുത് തൃപ്രയാറിലെത്തുന്നത് 'അയോധ്യ'യെ കേരളത്തിലും നിറയ്ക്കാൻ; നാട്ടികയെ ഇളക്കി മറിച്ച് ആക്ഷൻ ഹീറോയ്ക്ക് അനുകൂല തരംഗമൊരുക്കും; കേരളത്തിലെ നാലമ്പല ദർശനത്തിലെ 'ഒന്നാമനെ' കാണാനും മോദി എത്തും

തൃശൂർ: ഗുരുവായൂരപ്പനെ കൺനിറയെ തൊഴുത് തൃപ്രയാറിലും പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. അയോധ്യാ പ്രതിഷ്ഠാ ദിനത്തിനായി നോമ്പു നോക്കുന്ന പ്രധാനമന്ത്രിയുടെ തൃപ്രയാർ സന്ദർശനം ശ്രീരാമനെ തൊഴുത് അനുഗ്രഹം തേടുകയാണ്. അയോധ്യയുടെ പ്രസക്തി കേരളത്തിലും ചർച്ചയാക്കാനാണ് തൃപ്രയാറിലെ ക്ഷേത്രത്തിലേക്ക് പ്രധാനമന്ത്രി എത്തുന്നത്. ഇവിടെ പൊലീസും കേന്ദ്ര ഏജൻസികളും സുരക്ഷാ പരിശോധന നടത്തും. അതിന് ശേഷമാകും വരവിൽ അന്തിമ തീരുമാനം. തൃപ്രയാറിലെ പരിശോധനകൾ മോദിയുടെ നിർദ്ദേശ പ്രകാരമാണ്. അതുകൊണ്ട് തന്നെ നാട്ടികയുടെ മണ്ണിലും മോദി എത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ എടുക്കാൻ ഒരുങ്ങുന്ന ബിജെപിയുടെ സുരേഷ് ഗോപിക്ക് പുതിയ ഊർജ്ജമാകും മോദിയുടെ തൃപ്രയാർ സന്ദർശനം.
കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ 'മര്യാദാ പുരുഷോത്തമൻ' ശ്രീരാമചന്ദ്രനെ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഐശ്വര്യദേവതയായ ലക്ഷ്മീദേവിയേയും സർവംസഹയായ ഭൂമീദേവിയെയും ഭഗവാന്റെ ഇരുവശത്തുമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തിൽ കരുവന്നൂർ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്.
ആയോധ്യയെ ചർച്ചയാക്കുക എന്നതിന് അപ്പുറം തൃപ്രയാറിന് മറ്റൊരു രാഷ്ട്രീയ പ്രത്യേകത കൂടിയുണ്ട്. നാട്ടികയുടെ സ്വന്തമാണ് താനെന്ന് അവകാശപ്പെടുന്ന ടിഎൻ പ്രതാപനാണ് തൃശൂരിലെ നിലവിലെ എംപി. അതായത് തൃശൂരിന്റെ രാഷ്ട്രീയ ചിത്രം മാറണമെങ്കിൽ തൃപ്രയാറിലെ അനുഗ്രഹം പ്രധാനമാണെന്ന് മോദി തിരിച്ചറിയുന്നു. ഇത് തന്നെയാണ് തൃപ്രയാറിനെ രാഷ്ട്രീയ ശ്രദ്ധയിലേക്ക് എത്തിക്കുന്നതും. സുരേഷ് ഗോപിയുടെ മകളുടെ കല്യാണ ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാകും തൃപ്രയാറിലേക്ക് മോദി പോവുക. അതിന് മുമ്പ് സന്ദർശിക്കാനുള്ള സാധ്യതയും സുരക്ഷേ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. മോദിയുടെ 'രാമനെ' കാണാനുള്ള വരവ് തൃപ്രയാറിലും ബിജെപിക്ക് അനുകൂല തരംഗമൊരുക്കുമെന്നാണ് പരിവാർ കേന്ദ്രങ്ങളുടെ പ്രതീക്ഷ.
ഗുരുവായരൂരിൽ നിന്നും തൃപ്രയാറിലേക്ക് ഏതാണ്ട് 22 കിലോമീറ്ററാണുള്ളത്. ഈ സാഹചര്യത്തിലാണ് തൃപ്രയാറിലേക്കും മോദി എത്തുന്നത്. ഇത്തവണ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി പ്രധാനമന്ത്രിയെത്തുന്നത്. കൊച്ചിയിൽ ഉൾപ്പെടെ രണ്ടു ദിവസത്തെ പരിപാടികളാണ് മോദിക്ക് കേരളത്തിലുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് റോഡ് മാർഗമാണ് തൃപ്രയാറിലേക്ക് എത്തുന്നത്. തൃപ്രയാർ ക്ഷേത്രത്തിൽ പൊലീസ് സുരക്ഷ പരിശോധന നടത്തും. അതേ സമയം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് വ്യാപക വ്യാജ പ്രചരണമാണ് സൈബർ സഖാക്കൾ നടത്തുന്നത്. വിവാഹങ്ങൾ മാറ്റി വച്ചുവെന്നത് തെറ്റായ പ്രചരണമാണ്.
ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ കെപി വിനയൻ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നത്. വിവാഹം മാറ്റിവെച്ചെന്ന രീതിയിലുള്ള വാർത്തകൾ പരന്നതോടെയാണ് വിശദീകരണവുമായി ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ രംഗത്തെത്തിയത്. അന്നേ ദിവസം, രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്കുണ്ട്. കല്യാണ ദിവസമായ 17ന് ഗുരുവായൂരിൽ വിവാഹങ്ങൾക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. മോദിയെത്തുന്ന 17ാം തിയ്യതി 48 വിവാഹങ്ങൾക്ക് പുലർച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്. ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങൾ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്നും അധികൃതർ അറിയിച്ചു.
അന്ന് രാവിലെ എട്ടിനെത്തുന്ന പ്രധാനമന്ത്രി 8.45ന് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങും. അന്ന് രാവിലെ ആറുമുതൽ ഒമ്പത് വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. 17ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ മോദി ഇറങ്ങും. റോഡ് മാർഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തും. 8.15ന് ക്ഷേത്രത്തിൽ ദർശനം നടത്തും. 20 മിനിറ്റ് നേരം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷം ക്ഷേത്രനടയിൽ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയിൽ ഒരുക്കുന്നത്. കൊച്ചിയിൽ മോദിയുടെ റോഡ് ഷോയും നടക്കും.


