തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് കൊച്ചിയിലും തൃശ്ശൂരിലമായി തിരക്കേറിയ ദിവസം. ഇന്നലെ വൈകീട്ട് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 6.45ന് ഗുരുവായൂരിലേക്ക് പുറപ്പെടും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തുന്നത്. ക്ഷേത്രത്തിലെ സുരക്ഷാനടപടികൾ എസ്‌പിജിയുടെ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞു. ക്ഷേത്രപരിസരത്തായി മൂവായിരത്തിലേറെ പൊലീസുകാരെ നിവ്യസിച്ചിട്ടുണ്ട്.

താരപുത്രിയുടെ വിവാഹത്തിനൊപ്പം മൂന്ന് വിവാഹങ്ങൾ കൂടി ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. ഇവരുടെ വിവാഹങ്ങളിലും മോദിയുടെ സാന്നിധ്യമുണ്ടാകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ശേഷം തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് വെല്ലിങ്ടൺ ഐലന്റിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് കൊച്ചി ഷിപ്പ്യാർഡിൽ മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. പിന്നീട് ഒന്നരയോടെ മറൈൻ ഡ്രൈവിൽ ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കും. ശേഷം വൈകിട്ടോടെ ഡൽഹിക്ക് മടങ്ങും.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോദിയുടെ സന്ദർശനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട് താനം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഗുരുവായൂർ, തൃപ്രയാർ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തൃശ്ശൂർ ശ്രീകൃഷ്ണ കോളേജേ് ഗ്രൗണ്ടിലെ ഹെലിപാടിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുക. പിന്നീട് റോഡ് മാർഗം തന്നെ തൃപ്രയാർ ക്ഷേത്രത്തിലേക്ക് പോകും. രാവിലെ 8.45നാണ് നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

കൊച്ചിയിൽ ഇന്ന് 4000 കോടി രൂപയുടെ മൂന്ന് വൻകിട പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കേന്ദ്ര സർക്കാരിന്റെ മാരിടൈം വികസന പദ്ധതിയുടെ ഭാഗമാണ് ഈ മൂന്ന് പദ്ധതികളും. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി, ഐ.ഒ.സിയുടെ എൽ പി ജി ഇംപോർട്ട് ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ.

കൊച്ചി കപ്പൽ ശാലയിൽ 1799 കോടി രൂപ ചെലവിലാണ് ന്യൂ ഡ്രൈ ഡോക്ക് നിർമ്മിച്ചിട്ടുള്ളത്. കുറഞ്ഞ പാരിസ്ഥിതിക ആഘാതം,ഉയർന്ന സുരക്ഷിതത്വം,മികച്ച പ്രവർത്തന ക്ഷമത എന്നിവയാണ് ഈ ഡ്രൈ ഡോക്കിന്റെ പ്രത്യേകതകൾ. വെല്ലിങ്ടൺ ഐലൻഡിലെ കൊച്ചിൻ പോർട്ട് അഥോറിറ്റിയുടെ 42 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് 970 കോടി രൂപ ചെലവിൽ രാജ്യാന്തര കപ്പൽ അറ്റകുറ്റപണി കേന്ദ്രം ഒരുക്കിയിട്ടുള്ളത്. കൊച്ചിയെ ആഗോള കപ്പൽ റിപ്പയർ കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

പുതുവൈപ്പിനിലാണ് 1236 കോടിയുടെ പുതിയ എൽ പി ജി ഇംപോർട്ട് ടെർമിനൽ സ്ഥാപിച്ചിട്ടുള്ളത്. 15400 മെട്രിക് ടൺ സംഭരണ ശേഷിയുള്ള ഈ ടെർമിനൽ ദക്ഷിണേന്ത്യയിലെ എൽ പി ജി ആവശ്യകത നിറവേറ്റാൻ ശേഷിയുള്ള വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. എൽ പി ജി വിതരണത്തിൽ പ്രതിവർഷം 150 കോടിയുടെ ചെലവ് കുറക്കാനും 18000 ടൺ കാർബൺ പുറന്തള്ളൽ കുറക്കാനും ഈ ടെർമിനൽ സഹായിക്കും.

ഇന്നലെ കൊച്ചിയിലെ റോഡ് ഷോയിലുടെ ചിത്രങ്ങൾ മോദി ട്വീറ്റ് ചെയ്തിരുന്നു. മലയാളത്തിൽ സാമൂഹിക മാധ്യമമായ എക്‌സിലാണ് പ്രധാനമന്ത്രി ചിത്രങ്ങൾ പങ്കുവച്ചത്. 'കൊച്ചിയുടെ സ്‌നേഹത്തിൽ വിനയാന്വിതനായി. ചില കാഴ്ചകൾ പങ്കുവയ്ക്കുന്നു' എന്നാണ് മലയാളത്തിൽ പ്രധാനമന്ത്രി കുറിച്ചത്.

രാത്രി 7.40 മണിയോടെയായിരുന്നു കൊച്ചിയെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ. ഒന്നര കിലോമീറ്റർ നീണ്ട യാത്രയിൽ ബിജെപി പ്രവർത്തകർ പൂക്കൾ വിതറി അദ്ദേഹത്തെ സ്വീകരിച്ചു. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്ന് വൈകുന്നേരമാണ് പ്രധാന മന്ത്രി കൊച്ചിയിലെത്തിയത്. കൊച്ചിയിലെ കെ പി സി സി ജംങ്ഷനിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ തുടങ്ങി. അതിനുമുന്നേ തന്നെ റോഡിനിരുവശവുമായി ബിജെപി പ്രവർത്തകർ നിരന്നിരുന്നു. പൂക്കൾ വിതറി എറഞ്ഞ് കാണികൾ പ്രധാനമന്ത്രിയെ വരവേറ്റു.

മധ്യകേരളത്തിലെ നാല് ജില്ലകളിൽ നിന്നുള്ള ബിജെപി പ്രവർത്തകരാണ് പ്രധാനമന്ത്രിയെ വരവേൽക്കാൻ എത്തിയത്. രാത്രി എട്ടുമണിത്തോടെ റോഡ് ഷോ എറണാകുളം ഗസ്റ്റ് ഹൗസിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങി നിൽക്കെ പ്രധാനമന്ത്രി തന്നെയാണ് കേരളത്തിലെയും താര പ്രചാരകനനെന്ന രാഷ്ടീയ സന്ദേശമാണ് ബിജെപി ഇതുവഴി നൽകുന്നത്.

മാത്രവുമല്ല കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുകയെന്ന ലക്ഷ്യം കൂടി മനസിൽ വെച്ചുകൊണ്ടാണ് നീക്കം. അതിനായി താഴേത്തട്ടിലടക്കം പ്രവർത്തകരെ ആവേശത്തോടെ കളത്തിലിറക്കുക എന്നതും പ്രധാനമന്ത്രിയുടെ റോഡ് ഷോ വഴി ബിജെപി ലക്ഷ്യമിടുന്നു. വൈകിട്ട് ആറേമുക്കാലിന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്.

ഇന്ന് രാവിലെ 8.45 ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഭാഗ്യ സുരേഷിന്റെ വിവാഹം. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. ജൂലൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരുടെ നീണ്ട നിരയുണ്ട്. സിനിമാലോകത്തുനിന്ന് ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങൾ എത്തുമെന്നാണ് വിവരം.

വിവാഹത്തിന് ശേഷം 19 ന് കൊച്ചിയിലും 20 ന് തിരുവനന്തപുരത്തും വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. സിനിമ, രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പ്രമുഖർ കൊച്ചിയിലെ വിരുന്നിൽ പങ്കെടുക്കും. ബന്ധുക്കൾക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമാണ് തിരുവനന്തപുരത്തെ വിരുന്നിലേക്ക് ക്ഷണം. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹൻ- ശ്രീദേവി ദമ്പതികളുടെ മകനാണ് ശ്രേയസ്. ആർമിയിൽ നിന്ന് വിരമിച്ചതിന് ശേഷം ബിസിനസ് രംഗത്തേക്ക് വന്നയാളാണ് മോഹൻ.

ഭാഗ്യയുടെയും ഗോകുൽ സുരേഷിന്റെയും അടുത്ത സുഹൃത്ത് ആയിരുന്നു ശ്രേയസ്. ആ പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് എത്തിയത്. സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. പരേതയായ ലക്ഷ്മി, നടൻ ഗോകുൽ, ഭവ്നി, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കൾ. സുരേഷ് ഗോപിക്കും ഗോകുലിനും പിന്നാലെ മാധവും സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.