ബംഗലൂരു: കർണാടകയിലെ ഹാസനിലെ സിറ്റിങ് എംപിയും ജെഡിഎസ് സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗിക പീഡനക്കേസുകൾ അന്വേഷണം സംഘത്തെപ്പോലും ഞെട്ടിക്കയാണ്. 2,976 വീഡിയോകളാണ് ഇയാളുടെതായി ലീക്കായത്. പൊലീസ് ഉദ്യോഗസ്ഥരും, മാധ്യമ പ്രവർത്തകരും, പാർട്ടി പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇതിൽ അപമാനഭീതിമൂലം ഭൂരിഭാഗം സ്ത്രീകളും മുങ്ങിയിരിക്കയാണ്. അതിജീവിതകളെ കണ്ടെത്താനായി ഇപ്പോൾ പൊലീസ് ഹെൽപ്പ് ലൈൻ തുറന്നിരിക്കയാണ്! ഇന്ത്യാ ചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്തതാണിത്. സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും വലിയ പീഡനക്കേസായി പ്രജ്വൽ രേവണ്ണ കേസ് മാറിയിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മൂത്തമകനും മുൻ മന്ത്രിയുമായ എച്ച്ഡി രേവണ്ണയുടെ രണ്ടുമക്കളിൽ മൂത്തയാളാണ് പ്രജ്വൽ. പിതാവ് രേവണ്ണക്കെതിരെയും ലൈംഗിക പീഡനത്തിന് കേസുണ്ട്. അച്ഛനും മകനും ഒരുപോലെ കേസിൽ പെട്ടതോടെ, ജെഡിഎസ് പ്രവർത്തകർ അമ്പരന്നു നിൽക്കയാണ്. പീഡിപ്പിച്ച സ്ത്രീകളുടെ എല്ലാം വീഡിയോ എടുത്തതും പ്രജ്വൽ ന്നെയാണ്. ഇത് അയാൾക്ക് പിന്നീട് കണ്ടുരസിക്കാൻ ആയിരുന്നത്രേ, ഇതെല്ലാ. ചേർത്ത് സൈക്കോ സെക്സ്മാനിയാക്ക് എന്നാണ് കന്നഡ മീഡിയ അയാളെ വിശേഷിപ്പിക്കുന്നത്.

ഭീഷണിയും, വാഗ്ദാനവും രീതി

അതിനിടെ ഇത്രയും കാലം ഇത്രയും സ്ത്രീകളെ യാതൊരു പരാതിയുമില്ലാതെ പ്രജ്വലിന് പീഡിപ്പിക്കാൻ കഴിഞ്ഞത് എങ്ങനെയെന്നും, എന്താണ് അയാളുടെ മോഡസ് ഓപ്പറൻഡിയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്തെങ്കിലും ഒരു ചെറിയ സഹായം നൽകി പരിചയപ്പെടുക, പിന്നീട് അതിന്റെ പേരിൽ ഭീഷണിപ്പെടുത്തി, മുറിയിലേക്ക് വിളിപ്പിക്കുക. ഇതായിരുന്നു പ്രജ്വലിന്റെ രീതി. അയാൾക്ക് കൂെടയുള്ളവരും ഇതിനായി ഒത്താശ ചെയ്തു. പ്രജ്വലിൽ നിന്ന് എന്തെങ്കിലും ഒരു സഹായം സ്വീകരിച്ചാൽ അത് വിനയാവുമെന്ന് പാർട്ടി പ്രവർത്തകരായ സ്ത്രീകൾക്കിടയിൽ തന്നെ അഭിപ്രായം ഉണ്ടായിരുന്നു.

വഴങ്ങാത്തവരെ, തോക്ക് ചൂണ്ടിയും കത്തികാട്ടിയുമെല്ലാം ഇയാൾ ഉപദ്രവിച്ചിട്ടുണ്ട്. പീഡനത്തിന്റെ വീഡിയോ അയാൾ ചിത്രീകരിക്കുന്നതും, അത് പുറത്തുവിടുമെന്ന് കാണിച്ച് വീണ്ടും ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിക്കാനാണ്. ഇങ്ങനെ ഒരേ സ്ത്രീകളെ വർഷങ്ങളോളം അയാൾ ഉപയോഗിച്ചു. തന്റെ മുഖം വെളിവാക്കാതെയാണ് എല്ലാ ലൈംഗികാതിക്രമ വീഡിയോകളും പ്രജ്വൽ ചിത്രീകരിച്ചിരിക്കുന്നത്. ഹാസനിലെ വീട്ടിൽനിന്നു അധികം അകലെയല്ലാതെയുള്ള ആളൊഴിഞ്ഞ ഫാം ഹൗസിൽ വച്ചാണ് പീഡനരംഗങ്ങൾ ചിത്രീകരിച്ചത്. പ്രജ്വലിന്റെ നിർദ്ദേശപ്രകാരം സ്ത്രീകൾ ഇവിടെ എത്തിച്ചേരുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. യുവതികളും മധ്യവയസ്‌കരായ സ്ത്രീകളുമൊക്കെ പീഡനത്തിനിരയായിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥർ, വനിതാ മാധ്യമപ്രവർത്തകർ, ജെഡിഎസിലെ പ്രാദേശിക വനിതാ ഭാരവാഹികൾ, പാർട്ടി അനുഭാവികളായ സ്ത്രീകൾ തുടങ്ങിയവരൊക്കെ ലൈംഗികാതിക്രമ ദൃശ്യങ്ങളിലുണ്ട്. വീഡിയോകളിൽ പ്രജ്വലിന്റെ ശബ്ദം വ്യക്തമാണ്. നേരിട്ടു ചിത്രീകരിച്ച വീഡിയോകൾക്കു പുറമെ വാട്‌സ്ആപ് വീഡിയോ കോളുകൾ റെക്കോർഡ് ചെയ്തും പ്രജ്വൽ സൂക്ഷിച്ചിരുന്നു. ഇവയിൽ മാത്രമാണ് പ്രജ്വലിന്റെ മുഖം അൽപ്പമെങ്കിലും വ്യക്തമാകുന്നത്. സൈക്കോ സ്വഭാവമുള്ള പ്രജ്വൽ സെക്സിനിടെ സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുന്ന വീഡിയോകളും ധാരാളമുണ്ട്. പക്ഷേ ഒരാൾക്കും അയാൾ ഒരു പൈസപോലും നൽകിയിരുന്നില്ല. ഇവർ തന്റെ അടിമകൾ ആണെന്ന ധാർഷ്ട്യത്തോടെയായിരുന്നു, ഹാസനിലെ കിരീടം വെക്കാത്ത രാജാവായ പ്രജ്വലിന്റെ പ്രവർത്തനം.

പക്ഷേ പത്തിൽ താഴെ അതിജീവിതമാർ മാത്രമാണ് പരാതി നൽകിയിരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ അപമാന ഭയത്താൽ മിക്ക സ്ത്രീകളും ഹാസനിൽനിന്ന് വീടുവിട്ടുപോയി. പലരുടെയും കുടുംബജീവിതം താളംതെറ്റി. കേസുമായി മുന്നോട്ടുപോയാൽ സമൂഹത്തിനു മുന്നിൽ കൂടുതൽ അപഹാസ്യരാകുമെന്ന ചിന്തയാണ് അതിജീവിതരിൽ മിക്കവർക്കും. ശക്തരായ പ്രജ്വലിന്റെ കുടുംബത്തോട് ഏറ്റുമുട്ടി കേസ് ജയിക്കാൻ പോകുന്നില്ലെന്ന് കരുതുന്നവരുമുണ്ട്.

അതിജീവിതമാർ ഇപ്പോഴും അന്വേഷണസംഘവുമായി കൃത്യമായി സഹകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ അതിജീവിതമാർക്കായി ഹെൽപ് ലൈൻ ആരംഭിച്ചിരിക്കുകയാണ് അന്വേഷണസംഘം. പ്രജ്വലിനും അച്ഛൻ എച്ച് ഡി രേവണ്ണയ്ക്കുമെതിരെ പരാതിയുള്ളവർക്ക് അന്വേഷണസംഘത്തെ ബന്ധപ്പെടാം. 6360938947 ആണ് ഹെൽപ്പ്‌ലൈൻ നമ്പർ. അതിജീവിതമാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. കർണാടക ആഭ്യന്തരവകുപ്പിനു കീഴിലുള്ള ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടമെന്റ് (സി ഐ ഡി) ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

അതിനിടെ ഈ ലെംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കേസെടുക്കുമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. അതിജീവിതകളുടെ സ്വകാര്യത ഉറപ്പാക്കാനാണ് ഈ തീരുമാനം. പ്രജ്വൽ സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗികാതിക്രമ ദൃശ്യങ്ങൾ കർണാടകയിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് എസ്‌ഐടിയുടെ മുന്നറിയിപ്പ്. ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കൈമാറുന്നതും പ്രചരിപ്പിക്കുന്നതും വിവരസാങ്കേതിക നിയമത്തിലെ 67-ാം വകുപ്പ് പ്രകാരം കുറ്റകൃത്യമായി കണക്കാക്കും.

എൻഡിഎക്ക് കനത്ത തിരിച്ചടി

കേസിനെത്തുടർന്ന്, കർണാടകയിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26നു ശേഷം രാജ്യംവിട്ട പ്രജ്വൽ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. പ്രജ്വലിനായി കർണാടക പൊലീസിന്റെ നിർദ്ദേശപ്രകാരം സി ബി ഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജർമനിയിലേക്കുപോയ പ്രജ്വലിനോട് കീഴടങ്ങി നിയമനടപടി നേരിടാൻ ജെഡിഎസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ അറസ്റ്റ് തിരിച്ചടിയാകുമെന്ന് മനസിലാക്കിയ സഖ്യകക്ഷിയായ ബിജെപി പ്രജ്വലിന്റെ വരവ് ചൊവ്വാഴ്ച വരെ തടഞ്ഞതായാണ് സ്ഥിരീകരിക്കാത്ത വിവരം.

ജെഡിഎസ് അഭ്യർത്ഥന മാനിച്ച് ജർമനിയിൽനിന്ന് പുറപ്പെട്ട പ്രജ്വൽ മസ്‌കറ്റിലോ ദുബായിലോ തങ്ങുന്നതായാണ് റിപ്പോർട്ട്. പ്രജ്വലിനെ അറസ്റ്റ് ചെയ്യാൻ കർണാടകയിലെ എല്ലാ വിമാനത്താവളങ്ങളിലും സർവസന്നാഹവുമായി നിലയുറപ്പിച്ചിരിക്കുകയാണ് പൊലീസ്. പ്രജ്വലിന്റെ കൂട്ടുപ്രതി അച്ഛൻ എച്ച് ഡി രേവണ്ണയെ ശനിയാഴ്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. രേവണ്ണ ബുധനാഴ്ച വരെ എസ്ഐടി കസ്റ്റഡിയിൽ തുടരും.

അതിനിടെ ദേവഗൗഡയുടെ മകൻ കുമാരസ്വാമി ഇവരെ തഴഞ്ഞിരിക്കയാണ്. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്നാണ് കുമാരസ്വാമിയുടെ ലൈൻ. പ്രജ്വൽ രേവണ്ണയ്ക്കും അച്ഛൻ എച്ച് ഡി രേവണ്ണയ്ക്കുമെതിരായ കേസിൽ വാർത്തകൾ നൽകുമ്പോൾ മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡയുടെയും എച്ച് ഡി കുമാരസ്വാമിയുടെയും പേര് പരാമർശിക്കുന്നതിൽ മാധ്യമങ്ങൾക്കു കോടതി വിലക്കേർപ്പെടുത്തി. ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഗൗഡ കുടുംബത്തിൽനിന്ന് ഫലത്തിൽ ഇവർ പുറത്തായിരിക്കയാണ്. ഇപ്പോൾ ജെഡിഎസ് കോൺഗ്രസ് സഖ്യം വിട്ട് എൻഡിഎയിലാണ്. പ്രജ്വൽ പീഡനക്കേസ് രാജ്യവ്യാപകമായി ചർച്ചയായതോടെ കർണാടകയിലെ ബിജെപിയും പ്രതിസന്ധിയിലായിരിക്കയാണ്.

പ്രജ്വലിനു വേണ്ടി വോട്ട് തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. 'ഇതൊരു ലൈംഗിക ആരോപണമല്ല, മറിച്ച് കൂട്ട ലൈംഗിക പീഡനമാണ്. 400 സ്ത്രീകളെയാണു പീഡിപ്പിച്ചു വിഡിയോ തയാറാക്കിയിരിക്കുന്നത്. രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും പ്രധാനമന്ത്രി മാപ്പ് പറയണം. ഇത്തരമൊരാളെയാണു പ്രധാനമന്ത്രി കർണാടകയിലെത്തി പിന്തുണച്ചിരിക്കുന്നത്. നിങ്ങൾ ഈ പീഡകനെ വിജയിപ്പിച്ചാൽ അത് എന്നെ സഹായിക്കുമെന്നാണു പ്രധാനമന്ത്രി കർണാടകയോടു പറഞ്ഞത്. പ്രജ്വൽ ചെയ്തതെന്താണെന്ന് അറിഞ്ഞുകൊണ്ടാണു പ്രധാനമന്ത്രി കർണാടകയിലെ ഓരോ സ്ത്രീയോടും വോട്ടു തേടിയത്. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞതിനുശേഷമാണ് ജെഡിഎസുമായി ബിജെപി സഖ്യമുണ്ടാക്കിയത്. രാജ്യത്തെ ഓരോ സ്ത്രീയെയും പ്രധാനമന്ത്രി അപമാനിച്ചിരിക്കുന്നു. ഒരു ലൈംഗികപീഡന വീരനു വേണ്ടി ലോകത്തെ ഒരു പ്രധാനമന്ത്രിയും വോട്ട് തേടിയിട്ടുണ്ടാകില്ല. ലോകമാകെ ഇതു വാർത്തയായിട്ടുണ്ട്. ഇതാണു ബിജെപിയുടെ പ്രത്യയശാസ്ത്രം. അധികാരത്തിനു വേണ്ടി എന്തും ചെയ്യാൻ അവർക്കു മടിയില്ല" - രാഹുൽ കുറ്റപ്പെടുത്തി. സംഭവം എൻഡിഎക്കും കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്.