പന്തളം: കപടലോകത്തിൽ ആത്മാർഥമായ ഹൃദയമുണ്ടായതാണെൻ പരാജയം. കവി വാക്കുകൾ അന്വർഥമാവുകയാണ് കടയ്ക്കാട് വടക്ക് ശിവശൈലത്തിൽ മോഹൻ ആർ. നായരുടെ ജീവിതത്തിൽ. മാനേജരായി ജോലി ചെയ്തിരുന്ന സാമ്പത്തിക സ്ഥാപനം തകർച്ച നേരിട്ടപ്പോൾ താൻ വഴി സമാഹരിച്ച നിക്ഷേപവും ശാഖയിലെ മറ്റു ജീവനക്കാരുടെ ശമ്പളക്കുടിശികയും സ്വന്തം വസ്തുവകകൾ പണയപ്പെടുത്തി തിരിച്ചു നൽകിയ മോഹൻ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്. തട്ടിപ്പുകാർ നിറഞ്ഞ സമൂഹത്തിൽ നല്ലവനായിപ്പോയതിന്റെ പരിണിത ഫലം. തികച്ചും വ്യത്യസ്തനാണ് ഈ മനുഷ്യൻ. വർഷങ്ങളോളം ജോലി ചെയ്ത സ്ഥാപനത്തിനു വേണ്ടി പണയം വച്ചും വിറ്റുപെറുക്കിയും 45 ലക്ഷം രൂപയാണ് നിക്ഷേപകർക്ക് തിരികെ നൽകിയത്.

ഭുവനേശ്വർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മൈക്രോ ഫിനാൻസ് ആൻഡ് മൈക്രോ ലീസിങ് ആൻഡ് ഫണ്ടിങ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഏരിയാ മാനേജരായി ഗുജറാത്തിൽ പ്രവർത്തിക്കുകയായിരുന്നു മോഹനും ഭാര്യയും. സ്ഥാപനത്തിന്റെ പ്രവർത്തനം കേരളത്തിലും തുടങ്ങിയതോടെ ഇദ്ദേഹം ജന്മനാട്ടിൽ തിരിച്ചെത്തി കമ്പനിയുടെ പന്തളം ശാഖയുടെ ചുമതലക്കാരനായി. കമ്പനിയുടെ കേരളത്തിലെ വളർച്ച പെട്ടെന്നായിരുന്നു. ധാരാളം ആളുകൾ നിക്ഷേപകരായി എത്തി. എന്നാൽ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായ പാളിച്ച മൂലം കമ്പനി തകർന്നു.

നിക്ഷേപകർക്ക് തിരികെ നൽകുന്നതിനായി കമ്പനി നല്ലൊരു തുക നൽകി. ശേഷിച്ച തുക പന്തളം പൊലീസ് സ്റ്റേഷന് സമീപമുള്ള സ്ഥാപനത്തിന്റെ ആസ്തികൾ വിറ്റ് നൽകാൻ കമ്പനി നിർദ്ദേശിച്ചു. ഇതിനായി പവർ ഓഫ് അറ്റോർണിയും കമ്പനി മോഹന് കൈമാറി. തുടർ നടപടികൾ പുരോഗമിക്കുമ്പോഴാണ് ഭുവനേശ്വറിൽ നിന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എത്തി പന്തളത്തെ വസ്തുവകകൾ ജപ്തി ചെയ്തത്. അതോടെ വസ്തു വിൽപ്പന നടക്കാതെ പോയി. ഇതിനിടെ നിക്ഷേപകർ പണത്തിനു വേണ്ടി തിരക്കു കൂട്ടി. കമ്പനിയെ വിശ്വസിച്ച് മോഹൻ സൂറത്തിന് സമീപം പാണ്ഡേശ്വരത്തുള്ള തന്റെ ഫ്ളാറ്റ് 12 ലക്ഷം രൂപയ്ക്ക് വിറ്റ് നിക്ഷേപകർക്ക് നൽകി. ബാക്കി പണം കണ്ടെത്തുന്നതിന് മരുമകളുടെയും ഭാര്യയുടെയും കൈവശമുണ്ടായിരുന്ന 40 പവൻ സ്വർണം വിറ്റു. തുടർന്ന് പന്തളത്തെ കിടപ്പാടവും ഏഴ് സെന്റ് ഭൂമിയും പഞ്ചാബ് നാഷണൽ ബാങ്കിൽ 35 ലക്ഷത്തിന് പണയപ്പെടുത്തി.

പഞ്ചാബ് നാഷണൽ ബാങ്കിൽ പലിശ ഏറിയതോടെ അത് തീർത്ത് ഇപ്പോൾ ഭൂമി ചോളമണ്ഡലം ഫിനാൻസിൽ പണയപ്പെടുത്തിയിരിക്കുകയാണ്. സൂററ്റിൽ ജോലി ചെയ്യുന്ന മകൻ അയച്ചു കൊടുക്കുന്ന പണംകൊണ്ടാണ് ഇപ്പോൾ പലിശയും മുതലും അടച്ചു വരുന്നത്. ബാധ്യത 87 ലക്ഷത്തിൽ അധികമായിരിക്കുകയാണ്. തകർന്ന ധനകാര്യ സ്ഥാപനത്തിന് ആശുപത്രി അടക്കം നിരവധി സ്ഥാപനങ്ങൾ വേറെയുണ്ടെങ്കിലും മോഹനെ സഹായിക്കാൻ അവർ തയാറല്ല. ജപ്തി ചെയ്ത കമ്പനിയുടെ ഭൂമി വിറ്റ് കാശാക്കാൻ ഇ.ഡിയും ശ്രമിക്കുന്നില്ല.

ഇത് സംബന്ധിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുരളീധരനെ നേരിൽ കണ്ട് പരാതി അറിയിച്ചു. അദ്ദേഹം സഹായിക്കാമെന്ന് സമ്മതിച്ചെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല. നിരവധി പരാതികൾ ഇതിനോടകം അധികൃതർക്ക് സമർപ്പിച്ചുകഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്നാണ് മോഹൻ ന്റെ ആവശ്യം.