മലപ്പുറം: കുറ്റാന്വേഷണ മികവുകൊണ്ട് കേരള പൊലീസിലെ ഷെർലക് ഹോംസെന്ന വിളിപ്പേരുള്ള നിലമ്പൂർ സ്വദേശിയായ കൊച്ചി ക്രൈം ബ്രാഞ്ച് എസ്‌പി എംപി മോഹനചന്ദ്രൻ സർവീസിൽ നിന്നും വിരമിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിന്റെ അന്വേഷണോദ്യോഗസ്ഥനായിരുന്നു മോഹനചന്ദ്രൻ. കേരളത്തിൽ നിന്നും ഐ.പി.എസിന് ശിപാർശ ചെയ്ത ലിസ്റ്റിൽ ഉൾപ്പെട്ട മോഹനചന്ദ്രൻ എട്ടുമാസത്തിനു ശേഷം ഐ.പി.എസ് പദവിയോടെ സേനയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷ.

പ്രലോഭനങ്ങളെയും ഭീഷണികളെയും കൂസാത്ത അന്വേഷണ മികവുകൊണ്ട് കേരള പൊലീസിന്റെ അഭിമാനമായ മോഹനചന്ദ്രന് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്. സിആർപിഎഫ് എസ്‌ഐയായി 1990തിൽ കേന്ദ്ര പൊലീസ് സേനയിൽ ചേർന്ന മോഹനചന്ദ്രന് ദേശീയ സുരക്ഷാ സേന (എൻ.എസ്.ജി) കമാന്റോ പരിശീലനവും ലഭിച്ചിട്ടുണ്ട്. എസ്‌പി.ജി പരിശീലനവും നേടി മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ എസ്‌പി.ജി സുരക്ഷാസംഘത്തിലുണ്ടായിരുന്നു. കേരള പൊലീസിൽ എസ്‌ഐയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കേന്ദ്രസർവീസിൽ നിന്നും രാജിവെച്ച് 1995ലാണ് കേരള പൊലീസിൽ എത്തിയത്.

സംസ്ഥാനത്തെ വലിയ ബാങ്ക് കവർച്ചകളായ ചേലേമ്പ്ര, പെരിയ, പൊന്ന്യം, കാന്നാണി, തിരുനാവായ ബാങ്ക്് കവർച്ചാ കേസുകളിലെ പ്രതികളെ പിടിച്ചത് മോഹനചന്ദ്രൻ ഉൾപ്പെടെയുള്ള അന്വേഷണ സംഘമാണ്. തിരൂരങ്ങാടി കൊടിഞ്ഞിയിലെ പാത്തുമ്മക്കുട്ടി വധക്കേസിലെ പ്രതി ഇസ്ലാം ഖാനെയും സംഘത്തെയും യു.പി മൊറാദാബാദിലെത്തി സാഹസികമായി പിടികൂടി. മാറാട് കലാപക്കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കുനിയിൽ ഇരട്ടക്കൊലക്കേസ്, നിലമ്പൂർ രാധാവധക്കേസ് എന്നിവ അന്വേഷിച്ച പ്രത്യേക സംഘത്തിലും ഉണ്ടായിരുന്നു.

മതംമാറ്റത്തിന്റെ പേരിൽ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസൽ വധക്കേസ്, ബിബിൻ വധക്കേസ്, കാസർക്കോട് റിയാസ് മൗലവി വധക്കേസ്, അരീക്കോട് കുനിയിൽ ഇരട്ടക്കൊലക്കേസ്, ചാവക്കാട് വടക്കെക്കാട് ഷെമീർ വധക്കേസ്, എന്നിവ തെളിയിച്ചതും മോഹനചന്ദ്രന്റെ അന്വേഷണ മികവിലാണ്. 2009തിൽ പെരിയ പൊന്ന്യൻ കവർച്ചാക്കേസ് അന്വേഷണത്തിൽ തമിഴ്‌നാട് കുറുവ സംഘം നടത്തിയ 12 ബാങ്ക് കവർച്ചകൾക്ക് തുമ്പുണ്ടാക്കി. കാസർഗോട്ടുനിന്നും 600 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. പെരിന്തൽമണ്ണ ഡി.വൈ.എസ്‌പിയായിരിക്കെ നോട്ടുനിരോധനത്തിനു ശേഷം 2 വർഷം കൊണ്ട് 125 കോടി രൂപയുടെ നിരോധിതനോട്ടുകളാണ് പിടിച്ചെടുത്തത്. നിരോധിച്ച 500, 1000 രൂപ നോട്ടുകൾക്ക് പുറമെ 110 കോടി രൂപ വിലമതിക്കുന്ന തുർക്കി കറൻസിയും പിടികൂടിയിരുന്നു.

മലപ്പുറത്ത് തെരുവുനായ്ക്കൾക്ക് നിരന്തരം വെട്ടേൽക്കുന്നത് തീവ്രവാദസംഘങ്ങളുടെ പരിശീലനത്തിനിടെയാണെന്ന പ്രചരണം ദേശീയതലത്തിൽ വരെ ചർച്ചയായിരുന്നു. ഇതോടെ അന്വേഷണത്തിന് മോഹനചന്ദ്രനെ നിയോഗിക്കുകയായിരുന്നു. നായ്ക്കളുടെ തലയിലെ മുറിവ് പരിശോധിക്കുകയും വെറ്റിനറി സർജന്മാരുടെ റിപ്പോർട്ടുകളു മടക്കം പരിഗണിച്ച് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ഇണചേരുന്ന സീസണിലും മറ്റും നായ്ക്കൾ കടിപിടികൂടിയുണ്ടാകുന്ന മുറിവാണിതെന്ന് കണ്ടെത്തിയത്.

ഹൈവേ കൊള്ളക്കാരനും ക്വട്ടേഷൻ ഗുണ്ടാസംഘത്തലവനായ കോടാലി ശ്രീധരൻ, വാഹനമോഷ്ടാവ് വീരപ്പൻ റഹീം എന്നിവരെ സാഹസികമായി പിടികൂടിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലുമായി വ്യാപിച്ചിരുന്ന കോടാലി ശ്രീധരന്റെ ഹൈവേ കൊള്ള സംഘത്തെ പിടികൂടിയതോടെ മോഹനചന്ദ്രന് ഭീഷണിയുണ്ടായിരുന്നു. മോഹനചന്ദ്രനെ അപായപ്പെടുത്താൻ ക്വാട്ടേഷൻ നൽകിയതും പൊലീസ് പിടികൂടി. നിലമ്പൂർ വനത്തിൽ പൊലീസും മാവോയിസ്റ്റുകളുമായുണ്ടായ വെടിവെപ്പിലും പൊലീസ് സംഘത്തിൽ മോഹനചന്ദ്രനുണ്ടായിരുന്നു.

ആദിവാസി കോളനികളിൽ ബോധവൽക്കരണവും പ്രചരണവും നടത്തി ആദിവാസികൾമാവോയിസ്റ്റ് ആശയത്തിലേക്ക് വഴിമാറാതിരിക്കാനുള്ള മുൻകരുതലും പെരിന്തൽമണ്ണ ഡി.വൈ.എസ്‌പിയും മലപ്പുറം ഇന്റലിജൻസ് ഡി.വൈ.എസ്‌പിയുമായിരിക്കെ സ്വീകരിച്ചും ശ്രദ്ധേയനായി. നൂറോളം ഗുഡ് സർവീസ് എൻട്രികളും വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, കുറ്റാന്വേഷണ മികവിന് സംസ്ഥാന പൊലീസ് ചീഫിന്റെ ബാഡ്ജ് ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

ഭാര്യ നിർമല നിലമ്പൂർ വീട്ടിക്കുത്ത് ഗവൺമെന്റ് എൽ.പി സ്‌കൂൾ അദ്ധ്യാപികയാണ്. മൂത്തമകൾ അപർണ മോഹൻ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി. ഇളയ മകൾ നന്ദന മോഹൻ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്.